ആഗോള വിശപ്പ് സൂചികാ റിപ്പോർട്ട് തെറ്റെന്ന് ആർ.എസ്.എസ്

0

ഇന്ത്യയിൽ ദാരിദ്ര്യം പിടിമുറുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആഗോള വിശപ്പ് സൂചികാ റിപ്പോർട്ടിനെതിരെ വാളെടുത്ത് ആർ.എസ്.എസ്. റിപ്പോർട്ട് തെറ്റായതും നിരുത്തരവാദപരവും വിഡ്ഡിത്തവും ആണെന്നാണ് ആർ.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ ആരോപണം. ആഗോള വിശപ്പ് സൂചികയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാളിനും പാകിസ്താനും പിന്നിൽ 107ാം സ്ഥാനത്താണ് ഇന്ത്യ.

‘ഇന്ത്യയെ അപമാനിക്കുന്ന പട്ടിക’ പുറത്തുവിട്ടവർക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും ആർ.എസ്.എസ് സഹസംഘടന ആവശ്യപ്പെട്ടു. അയർലൻഡിൽ നിന്നും ജർമനിയിൽ നിന്നുമുള്ള സർക്കാരിതര സംഘടനകളായ കൺസേൺ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഹിൽഫും ചേർന്നാണ് 2022ലെ റിപ്പോർട്ട് പുറത്തുവിട്ടത്.

“ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ വളരെ നിരുത്തരവാദപരമായാണ് ഇരു സംഘടനകളും 121 രാജ്യങ്ങളുടെ ആഗോള വിശപ്പ് സൂചിക തയാറാക്കി പുറത്തുവിട്ടത്. യാഥാർഥ്യത്തിൽ നിന്നും ഏറെ അകലെയാണ് ഈ റിപ്പോർട്ട്”- സ്വദേശി ജാഗരൺ മഞ്ച് ആരോപിക്കുന്നു.

“ഡാറ്റയുടെ വീക്ഷണ കോണിൽ നിന്ന് മാത്രമല്ല, വിശകലനത്തിന്റെയും രീതിശാസ്ത്രത്തിന്റെയും വീക്ഷണകോണിൽ നിന്നും ഇത് പരിഹാസ്യമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101ാം സ്ഥാനത്തായിരുന്നു”- സംഘടന പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ആഗോള പട്ടിണി സൂചികയെ ഇന്ത്യ ശക്തമായി എതിർത്തിരുന്നുവെന്നും മൂല്യനിർണയത്തിന് ഉപയോഗിക്കുന്ന ഡാറ്റയെയും രീതിശാസ്ത്രത്തെയും ചോദ്യം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

“ഈ തെറ്റുകൾ തിരുത്തുമെന്ന് ലോക ഭക്ഷ്യസംഘടന പറഞ്ഞിരുന്നു. എന്നാൽ വീണ്ടും അതേ തെറ്റായ ഡാറ്റയും രീതിശാസ്ത്രവും ഉപയോഗിച്ച് ഈ വർഷത്തെ റിപ്പോർട്ട് പുറത്തുവന്നു”- ആർഎസ്എസ് അനുബന്ധ സംഘടന അഭിപ്രായപ്പെട്ടു. 2022ലെ ആഗോള വിഷപ്പ് സൂചിക അതിന്റെ പ്രസാധകരുടെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നതായും സംഘടന പറയുന്നു.

“സ്വദേശി ജാഗരൺ മഞ്ച് ഈ റിപ്പോർട്ട് തള്ളിക്കളയുകയും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന സംഘടനകൾക്കെതിരെ ഉചിതമായ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു”- എസ്.ജെ.എം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശനിയാഴ്ച കേന്ദ്രം തള്ളിയിരുന്നു. ഇത് രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും സൂചിക രീതിശാസ്ത്രപരമായി ഗുരുതര പ്രശ്‌നങ്ങൾ ഉള്ളതാണെന്നും വിശപ്പിന്റെ തെറ്റായ അളവുകോൽ ആണെന്നും കേന്ദ്ര സർക്കാർ ആരോപിച്ചിരുന്നു. അതേസമയം, പരാജയത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

കഴിഞ്ഞദിവസാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയിൽ ദാരിദ്ര്യം പിടിമുറുക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയ റിപ്പോർട്ട്, അതീവ ജാഗ്രതയോടെ ഇന്ത്യയിലെ പട്ടിണി പരിഹരിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു. ചൈന, തുർക്കി, കുവൈത്ത് എന്നിവ ഉൾപ്പടെ 17 രാജ്യങ്ങളിലാണ് വിശപ്പ് സൂചികാ സ്കോർ അഞ്ചിൽ താഴെയുള്ളത്. 38.8 ആണ് ഇന്ത്യയുടെ സ്കോർ.

You might also like