പ്രതിദിന ചിന്ത | ദൈവമഹത്വത്തിന്റെ പുനരാഗമനം

0

യെഹെ. 43:4 “യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.”

യഹോവയുടെ ആലയത്തിലേക്കു മടങ്ങി വരുന്ന അവിടുത്തെ തേജസ്സ് (43:1-9), ആലയവും അതിന്റെ പരിസരവും അളക്കപ്പെടുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കപ്പെടുന്നു (43:10-12), യഹോവയുടെ ആലയത്തിലെ ഹോമയാഗപീഠം (43:13-17), യാഗപീഠത്തിന്റെ പ്രതിഷ്ഠ (43:18-27) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെഹെസ്കേലിന്റെ ദർശനങ്ങളുടെ പ്രാരംഭത്തിങ്കൽ യഹോവയുടെ തേജസ്സ് ആലയം വിട്ടു കിഴക്കേ പടിവാതിൽ വഴി പുറപ്പെട്ടു പോയ (10:18-19) സംഭവം വായനയാകുന്നുണ്ട്. എന്നാൽ അതേ മഹത്വം കിഴക്കേ ഗോപുരം വഴിയായി തിരികെ എത്തുന്നതിന്റെ വസ്തുതാ വിവരണമാണ് (43:2-4) ഈ അദ്ധ്യായത്തിന്റെ വായന. ദൈവാലയവും രാജനിവാസവും അതായത് രാജകൊട്ടാരവും പരസ്പരം അകലം പാലിക്കണമെന്ന (43:7-9) വ്യവ്യസ്ഥ ഇവിടെ വയ്ക്കപ്പെടുന്നു. ദൈവാലയത്തിന്റെ വിശുദ്ധി (സങ്കീ. 93:5b) രാജകൊട്ടാരങ്ങളുടെ നടപടി ക്രമങ്ങളാൽ പാലിക്കപ്പെട്ടില്ല എന്ന ചരിത്ര സത്യത്തിലേക്കുള്ള വിരൽചൂണ്ടലായി ഈ ഭാഗത്തെ പഠിയ്ക്കാം. അതിന്റെ സൂചനയാണ് “എനിക്കും അവർക്കും ഇടയിൽ ഒരു ചുവർ മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും…” (43:8) എന്ന വാക്യത്തിന്റെ ഉള്ളടക്കം. ശലോമോന്റെ കാലം മുതൽ തന്നെ ആലയവും കൊട്ടാരവും തമ്മിൽ അധികം ദൂരം പാലിച്ചിരുന്നില്ല. ആകയാൽ ആലയത്തിലെ ആരാധനയും കൊട്ടാരത്തിലെ അന്യാരാധനയും തമ്മിൽ പൊരുത്തപ്പെട്ടു പോകുവാൻ സാധിക്കാത്ത ഒരു പരിസരം രൂപപ്പെട്ടിരുന്നു. ഈ വസ്തുതയുടെ ആവർത്തനം ഇനിയും സംഭവിച്ചുകൂടാ എന്ന ദൈവനിർബന്ധം ഇവിടെ വ്യക്തമാക്കപ്പെടുന്നു. ആലയത്തിന്റെ അളവെടുപ്പും മാതൃകാ പ്രദർശനവുമെല്ലാം (43:10) അത്തരത്തിലുള്ള ജനത്തിന്റെ മടങ്ങിവരവിന്റെ ഭാഗമായി വേണം കാണുവാൻ. തങ്ങളുടെ തെറ്റുകൾ ഓർത്തു ലജ്ജിക്കുവാനും അവയുടെ തിരുത്തപ്പെടൽ നടത്തുവാനും (43:11) ജനത്തെ നിർബന്ധിക്കുന്ന അനുക്രമങ്ങളായിരുന്നു മേൽക്കുറിയ്ക്കപ്പെട്ട സംഭവങ്ങളുടെയെല്ലാം ഉന്നവും ലക്ഷ്യവുമെന്നു കരുതുന്നതാണെനിക്കിഷ്ടം!.

പ്രിയരേ, യഹോവയുടെ ആലയം വിശുദ്ധിയുടെ പ്രതീകമായിരുന്നു. എന്നാൽ ആഡംബരത്തിന്റെ മടിത്തട്ടിൽ അഭിരമിച്ചിരുന്ന രാജാക്കന്മാർ കലാകാലങ്ങളിൽ അനുവർത്തിച്ച അശുദ്ധമായ കൃത്യവിലോപങ്ങൾ ദൈവമഹത്വം ആലയം വിട്ടു പുറപ്പെട്ടു പോകുവാൻ കാരണമായി. എങ്കിലും ലജ്ജയും തിരുത്തപ്പെടലും കൃത്യമായി സംഭവിക്കുന്നിടങ്ങളിൽ “ഞാൻ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും” (43:9) എന്ന പുനഃപ്രഖ്യാപനം പ്രതീക്ഷാനിർഭരമായ നാളെകളിലേക്കുള്ള വിരൽചൂണ്ടലല്ലാതെ മറ്റൊന്നുമല്ല!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like