ക്രിസ്തീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജോര്‍ജ്ജിയ മെലോണി ഇനി ഇറ്റലിയുടെ പ്രധാനമന്ത്രി

0

ഇറ്റലി: തന്റെ പ്രസംഗങ്ങളിൽ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞും ക്രിസ്തീയ മൂല്യങ്ങള്‍ക്ക് ശക്തമായ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രിയായി ജോര്‍ജ്ജിയ മെലോണി ചുമതലയേറ്റു. മെലോണിയും മുന്‍ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയും തമ്മില്‍ അധികാരം കൈമാറിയതിനു പിന്നാലെ മെലോണി എല്ലവർക്കും നന്ദി അറിയിച്ചു.

ക്യുരിനല്‍ പാലസില്‍വെച്ച് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ബൊളോഗ്ന മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി പുതിയ പ്രധാനമന്ത്രിയെ അഭിനന്ദനങ്ങള്‍ അറിയിച്ചു. രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് തുറന്നിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ സുപ്പിയുടെ അഭിനന്ദന സന്ദേശത്തില്‍ പറയുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25-നാണ് മെലോണി നയിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ദേശീയ വാദം, ക്രൈസ്തവ വിശ്വാസത്തിലൂന്നിയുള്ള പ്രചാരണ രീതി, ഫെമിനിസത്തെ നിരാകരിക്കുക, സ്വവര്‍ഗ്ഗബന്ധങ്ങളോടുള്ള രൂക്ഷമായ എതിര്‍പ്പ്, അഭയാര്‍ത്ഥി പ്രവാഹത്തില്‍ നിയന്ത്രണം എന്നിവയെല്ലാം ബ്രദേഴ്‌സ് ഇറ്റലി പാര്‍ട്ടിയുടെ പ്രത്യേകതകളാണ്. മാറ്റിയോ സാല്‍വിനിയുടെ ലീഗ് പാര്‍ട്ടിയും, സില്‍വിയോ ബെര്‍ലൂസ്കോണിയുടെ ഫോര്‍സാ ഇറ്റാലിയ പാര്‍ട്ടിയും അടങ്ങുന്ന സഖ്യകക്ഷി സര്‍ക്കാരിനാണ് മെലോണി നേതൃത്വം നല്‍കുന്നത്.

You might also like