പ്രതിദിന ചിന്ത | ദാനിയേൽ ഗൂഡാലോചനക്കാരുടെ ഇരയായപ്പോൾ

0

ദാനി. 6:5 “അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.”

രാജ്യഭരണ രംഗത്ത് ദാനിയേലിന്റെ നിർണ്ണായകമായ പദവികൾ (6:1-3), ദാനിയേലിനെതിരായ ഗൂഡാലോചനകളിൽ സ്വാധീനിക്കപ്പെട്ടു പോയ രാജാവ് വിരോധകൽപ്പന കുറിയ്ക്കുന്നു (6:4-9), ദാനിയേലിന്റെ പ്രാർത്ഥനയിലെ സ്ഥിരത (6:10-11), ദാനിയേലിനെ വിചാരണ ചെയ്തു സിംഹക്കൂട്ടിൽ ഇട്ടുകളയുന്നു (6:12-17), സിംഹക്കൂട്ടിൽ ദാനിയേൽ സംരക്ഷിക്കപ്പെടുകയും വിരോധികൾ സിംഹങ്ങൾക്കു ഇരയാകുകയും ചെയ്യുന്നു (6:18-28) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

അത്യന്തം ഉദ്വേഗജനകമായ സംഭവജഡിലതകളുടെ വായനയാണ് ഈ അദ്ധ്യായം. ബേൽശസ്സർ രാജാവ് കൊല്ലപ്പെട്ട രാത്രിയിൽ പ്രാബല്യത്തിൽ വന്ന ദാനിയേലിന്റെ സ്ഥാനാരോഹണം ദാര്യാവേശ് രാജാവും ഭേദഗതിയൊന്നും കൂടാതെ അംഗീകരിച്ചു (6:3) എന്നു ന്യായമായി ചിന്തിക്കാം. ഉത്‌കൃഷ്ടമാനസനും വിശ്വസ്തനുമായിരുന്നു ദാനിയേൽ. അതേസമയം സ്വാർത്ഥതാത്പര്യങ്ങൾ സംരക്ഷിക്കുവാൻ വെമ്പൽപൂണ്ട ഒരുകൂട്ടം ഉദ്യോഗസ്ഥന്മാർക്കു ദാനിയേലിന്റെ ധാർമ്മികമൂല്യങ്ങൾ അലോസരങ്ങൾ സൃഷ്ടിച്ചു. അതിന്റെ വെളിച്ചത്തിൽ ദാനിയേലിനെ കൊന്നുകളയുവാൻ രാജകല്പന സമ്പാദിക്കുവാൻ അവർ ഗൂഡാലോചന (6:4) നടത്തി. ഔദ്യോഗിക കൃത്യനിർവ്വഹണങ്ങളിലോ ഭരണസംബന്ധമായ ഇടപാടുകളിലോ ചെറിയ തോതിൽപോലുമുള്ള കുറ്റം കണ്ടുപിടിയ്ക്കുന്നതിൽ അവർ പരാജയപ്പെട്ടു പോയി. ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ മറ്റൊരു കാരണവും ദാനിയേലിനെതിരായി ഉയർത്തിക്കാട്ടുവാൻ സാധ്യമല്ല (6:5) എന്ന തിരിച്ചറിവിൽ സഫലത കാണുവാൻ വിരോധികൾ ശ്രമം നടത്തി. അങ്ങനെ രാജാവിനെ സ്വാധീനിച്ചു അടുത്ത മുപ്പതു ദിവസങ്ങളിലേക്ക് രാജാവിനോടല്ലാതെ മറ്റൊരു ദേവനോടും പ്രാർത്ഥിക്കുവാൻ പാടില്ല എന്ന കല്പന കുറിപ്പിയ്ക്കുന്നതിൽ ഉദ്യോഗസ്ഥർ വിജയിച്ചു. എന്നാൽ ദാനിയേലാകട്ടെ, ഇതിലൊന്നും പതറുകയോ ചഞ്ചലഹൃദയനാകുകയോ ചെയ്യാതെ, ദിവസേന താൻ ചെയ്തുവരാറുള്ളതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. ന്യായപ്രമാണ സംബന്ധമായി അഥവാ ആരാധനാ സംബന്ധമായി പിടിയ്ക്കപ്പെട്ട ദാനിയേൽ ഒരു രാത്രിമുഴുവൻ സിംഹങ്ങളുടെ ഗുഹയിൽ കഴിയേണ്ടതായി വന്നു; എങ്കിലും ജീവനുള്ള ദൈവം സിംഹങ്ങളുടെ വായടച്ചു തന്റെ ഭക്തനെ വിടുവിച്ചു എന്നതാണ്‌ വസ്തുതകളുടെ പര്യവസാനം. അതുനിമിത്തം സന്തുഷ്ടനായ രാജാവ് ഇളിഭ്യരായി തീർന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെ സിംഹത്തിനു ഇരയായി കൊടുത്തു എന്നുമാത്രമല്ല, ദാനിയേലിന്റെ ദൈവമാണ് യഥാർത്ഥ ദൈവമെന്ന തിരിച്ചറിവ് തന്റെ അധികാര പരിധിയിലെങ്ങും പ്രഖ്യാപിക്കുവാനും താൻ മറന്നില്ല.

പ്രിയരേ, ദൈവം ഒരുവനെ നിയോഗിക്കുന്ന സ്ഥാനങ്ങളിൽ പ്രമാണത്തിനു വേണ്ടി നിലകൊള്ളേണ്ടതിന്റെ അനിവാര്യതയല്ലേ ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്! സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്കനുസൃതമായി പ്രമാണത്തിൽ വെള്ളം ചേർത്തു പ്രാണരക്ഷ വരുത്തുന്നതിനേക്കാൾ പ്രമാണത്തിനായി ജീവത്യാഗം ചെയ്യുന്നതാണ് അഭികാമ്യം! സിംഹക്കൂട്ടിൽ രണ്ടാമനായും അഗ്നികുണ്ഡത്തിൽ നാലാമനായും സാന്നിദ്ധ്യമരുളുന്ന നാഥൻ എക്കാലത്തും വാഴ്ത്തപ്പെടുമാറാകട്ടെ! ആമേൻ…

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like