പ്രതിദിന ചിന്ത | വിശ്രമവും കാലാവസാനത്തിങ്കലെ ഓഹരിയും

0

ദാനി. 12:13 “നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.”

പ്രവചനപുസ്തകം അന്ത്യകാലം വരേയ്ക്കും മുദ്രയിടപ്പെടുന്നു (12:1-4), പുസ്തകത്തിലെ പ്രവചനങ്ങളുടെ പൊരുൾ അറിയുവാനുള്ള ദാനിയേലിന്റെ ജിജ്ഞാസയും ദാനിയേലിന്റെ വിശ്രമത്തിനായുള്ള അയയ്ക്കപ്പെടലും (12:5-13) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“ആ കാലത്തു” (12:1) അഥവാ 11:36-45 ൽ പ്രസ്താവിച്ചിട്ടുള്ള എതിർക്രിസ്തുവിന്റെ ഭരണകാലയളവിൽ നടക്കുന്ന നിർണ്ണായകമായ സംഭവങ്ങളുടെ അടയാളപ്പെടുത്തലാണ് ഈ അദ്ധ്യായത്തിന്റെ വായന. മഹാപീഡയുടെ അതിതീവ്രമായ കാലഘട്ടം, “ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം” (12:1) എന്നാണ് ദാനിയേൽ വിശേഷിപ്പിച്ചിരിക്കുന്നത്. “ആ നാൾപോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ” (യിരെ. 30:7) എന്നു യിരെമ്യാ പ്രവാചകനും “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം” (മത്താ. 24:21; മർക്കോ. 13:19) എന്നു യേശുകർത്താവും വിശേഷിപ്പിച്ചിരിക്കുന്നത് ഈ സംഭവത്തെയാണ്. ആഴവും നിർണ്ണായകവുമായ പ്രവചനങ്ങൾ ദാനിയേൽ നടത്തിയെങ്കിലും അതിന്റെ പൊരുൾ ഗ്രഹിക്കുവാൻ തനിക്കായില്ലപോലും! ആകയാൽ ദാനിയേൽ, ദർശനത്തിൽ കണ്ട ശണവസ്ത്രധാരിയായ പുരുഷനോട് (12:6), “യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും” (12:8) എന്നു ചോദിച്ചു. അതിനുത്തരമായി “ദാനീയേലേ, പൊയ്ക്കൊൾക; ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു” (12:9) എന്ന ഉത്തരമാണ് ലഭിച്ചത്. അതുവരെയ്ക്കും അഥവാ അവസാനം വരുവോളവും ദാനിയേലിനു വിശ്രമവും പിന്നെ കാലാവസാനത്തിങ്കൽ ഓഹരിയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള യാത്രചൊല്ലലും (12:13) സൈനികസേവനത്തിൽ വിശ്വസ്തത പുലർത്തിയ ഒരു ധീരയോദ്ധാവിനു ഉറപ്പാക്കുന്ന ഏറെ തിളക്കമുള്ള പദവിയായി കാണുന്നതല്ലേ ഉത്തമം!

പ്രിയരേ, ഓരോ മനുഷ്യനും പോകാനുള്ള വഴിയും അവസാനമുണ്ട്; ദൈവജനത്തിനു ഒരു വിശ്രമവും അനന്തരാവകാശവും ഓഹരിയുമുണ്ട്! പുനരുത്ഥാനത്തിന്റെ പ്രത്യാശ തങ്കലിപികളിൽ കോറിയിടപ്പെട്ടിരിക്കുന്ന പദവിന്യാസമായി ഈ വാക്യങ്ങളെ കാണുന്നതാണെനിക്കിഷ്ടം! ആകയാൽ വിശ്വസ്ഥതയോടും ഹൃദയ പരമാർത്ഥതയോടും നാഥന്റെ വേല ചെയ്തു വിശ്രമവും പിന്നെ പുനരുത്ഥാനനാളിൽ ഓഹരിയും പ്രാപിക്കുവാൻ നമുക്കാകട്ടെ എന്ന പ്രത്യാശയുടെ പദങ്ങൾ കുറിച്ച് പന്ത്രണ്ടു അദ്ധ്യായങ്ങളും (12) മുന്നൂറ്റമ്പത്താറു (356) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ ഇരുപത്തേഴാമത്തെ (27) പുസ്തകമായ ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like