പ്രതിദിന ചിന്ത | വിലയ്ക്കു വാങ്ങപ്പെട്ട ഗോമേർ

0

ഹോശേയ. 3:2,3 “അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെർ യവത്തിന്നും മേടിച്ചു അവളോടു: നീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.”

ഹോശേയയുടെ ഭാര്യയായ ഗോമേറിനെ വിലകൊടുത്തു വീണ്ടെടുക്കുന്നു (3:1-3), ഗോമറിന്റെ വീണ്ടെടുപ്പിലൂടെ യിസ്രായേലിന്റെ വീടുണ്ടെടുപ്പും പ്രഖ്യാപിക്കപ്പെടുന്നു (3:4-5) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

വ്യഭിചാരത്തിൽ ജീവിച്ച ഗോമേർ എന്ന സ്ത്രീയെ ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു ഹോശേയ വിവാഹം കഴിച്ചു; ആ ബന്ധത്തിൽ മക്കളേയും ജനിപ്പിച്ചു (1:2,3). എന്നാൽ ഒരിടവേളയ്ക്കു ശേഷം ഗോമേർ ഹോശയയോട് അവിശ്വസ്തത കാണിക്കുകയും വ്യഭിചാരത്തിൽ മുഴുകുകയുംചെയ്തു (3:1). എങ്കിലും ആ സ്ത്രീയെ വീണ്ടും സ്നേഹിക്കുവാനും അവിശ്വസ്തത ക്ഷമിച്ചു തന്റെ ഭാര്യയായി ചേർത്തുകൊള്ളുവാനും പ്രവാചകനോട് യഹോവയായ ദൈവം ആവശ്യപ്പെടുന്നു. അതനുസരിച്ചു “അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെർ യവത്തിന്നും മേടിച്ചു” (3:2) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഹോശയായുടെ ഭാര്യ അല്ലാതായി തീർന്ന ഗോമരിനെ വീണ്ടും ഭാര്യയാക്കുവാൻ ഒരു അടിമയുടെ ശരാശരി വില കൊടുക്കുവാൻ താൻ ബാധ്യസ്ഥനായി തീർന്നു. കാരണം, അക്കാലത്തെ നാട്ടുനടപ്പനുസരിച്ചു ഇത്തരം ഒരു അനുക്രമം നിർബന്ധമായിരുന്നു! ഒരു അടിമയുടെ ശരാശരി വിലയായ മുപ്പതു വെള്ളിക്കാശിൽ പതിനഞ്ചു വെള്ളിക്കാശായും ശേഷിച്ച വില തത്തുല്യ മൂല്യമുള്ള ഒന്നര ഹോമർ അഥവാ മുന്നൂറ്റി മുപ്പതു ലിറ്റർ യവമായും പ്രവാചകൻ കൊടുത്തു. ഇപ്രകാരം വിലകൊടുത്തു വാങ്ങപ്പെട്ട ഗോമെറിനോട് “നീ ബഹുകാലം അടങ്ങിപ്പാർക്കണം…” (3:3) എന്നു തുടങ്ങി നിർദ്ദേശിക്കുന്നതിനു മാറ്റേറെയുണ്ട്! ഈ നിർദ്ദേശം യിസ്രായേലിനോടുള്ള ദൈവിക ഇടപെടലിന്റെ വ്യംഗ്യമായി കാണുന്നതാണെനിക്കിഷ്ടം. അതായത്, പരസംഗത്തിൽ തുടരുന്ന യിസ്രായേലിനെ പ്രവാസത്തിന്റെ പ്രതീകമായി നിർബന്ധിത ഏകാന്ത വാസത്തിൽ പാർപ്പിക്കുന്ന അനുക്രമമായി 3:3 പഠിയ്ക്കുന്നതാണ് യുക്തം! 3:4,5 വാക്യങ്ങൾ അനുബന്ധമായി ചേർത്തു ധ്യാനിച്ചാലും!
പ്രിയരേ, യിസ്രായേലിന്റെ പരസംഗം യഹോവയായ ദൈവം ദീർഘക്ഷമയോടെയും സഹിഷ്ണതയോടെയും സഹിച്ചു. അവിടുത്തെ മഹാദയയാൽ വീണ്ടും അവളെ വിലയ്ക്ക് വാങ്ങി തന്റെ അവകാശമായി പരിപാലിക്കുകയും ദേശം അവൾക്കായി ശേഷിപ്പിക്കുകയും ചെയ്തു. ദൈവിക ഇടപെടൽ കഠിനമാകുമ്പോഴും ദയയുടെ കരങ്ങളാൽ പൊതിഞ്ഞു താങ്ങുന്ന അവിടുത്തെ കരുതൽ എത്ര മനോഹരം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like