പ്രതിദിന ചിന്ത | ബുദ്ധിയെ കെടുത്തിക്കളയുന്ന കുത്സിത പദാർത്ഥങ്ങൾ

0

ഹോശേയ. 4:11 “പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.”

യിസ്രായേലിന്റെ പാപത്തിന്റെ സ്വഭാവവും പരിണിതികളും (4:1-5), പുരോഹിതന്മാരുടെ പാപങ്ങൾ (4:6-11) യിസ്രായേലിന്റെ പാപത്തിന്റെ തീവ്രതയും യഹൂദയോടുള്ള ബുദ്ധിയുപദേശവും (4:12-19) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിന്റെ അതിഗുരുതരമായ കുറ്റപത്രം ഇവിടെ വായിക്കപ്പെടുന്നു. ജനവും (4:1), പ്രവാചകന്മാരും (4:5) പുരോഹിതന്മാരും (4:6) ഒരേപോലെ പ്രതിക്കൂട്ടിൽ നിർത്തപ്പെട്ടിരിക്കുന്നു. ജനത്തിന്റെ പാപം കൊണ്ട് ഉപജീവനം കഴിയ്ക്കുന്ന (4:8) മേലധ്യക്ഷന്മാർ ജനത്തിന്മേൽ അടിച്ചേൽപ്പിക്കുന്ന വിപത്തുകൾ അപരിമേയമാണ്. പരിജ്ഞാനമില്ലായ്മ നിമിത്തം നാശത്തിന്റെ വക്കോളം (4:6) എത്തിനിൽക്കുന്ന ജനത്തിനു പരിജ്ഞാനം ഉപദേശിച്ചുകൊടുക്കുവാൻ ബാധ്യസ്ഥരായ മതത്തിന്റെ ഭാരവാഹികൾ ന്യായപ്രമാണം തന്നെ മറന്നുകളഞ്ഞിരിക്കുന്നു (4:6). അതിലെല്ലാം ഉപരി ഒരു ജനതയുടെ തന്നെ ബുദ്ധിയെ അപ്പാടെ കെടുത്തിക്കളയുന്ന പരസംഗം, വീഞ്ഞ്, പുതുവീഞ്ഞ് (4:11) എന്നിവയുടെ സ്വാധീനം നന്നായി വിമർശിക്കപ്പെടുന്നു ഇവിടെ! സാദൃശ്യവാക്യ സമാനമായ ഒരു ശൈലിയായി ഈ വാക്യത്തെ കാണുന്നതിൽ തെറ്റുണ്ടോ! “പരസംഗം, വീഞ്ഞ്, പുതുവീഞ്ഞ് എന്നിവ ഹൃദയത്തെ അടിമയാക്കുന്നു” എന്നാണ് ആംഗലേയ ഭാഷയുടെ പരിഭാഷ. “വീഞ്ഞും പുതുവീഞ്ഞും സുബോധം കെടുത്തും” എന്നാണു ‘ഓശാന ബൈബിൾ’ ഭാഷാപ്രയോഗം. ചുരുക്കത്തിൽ സുബോധത്തോടെ ജീവിക്കേണ്ട മനുഷ്യർ അതു കെടുത്തിക്കളയുന്ന കുത്സിതപദാർത്ഥങ്ങളുടെ പിന്നാലെ പോകുന്നതിന്റെ അപകടം ഇവിടെ ചർച്ചയാകുന്നു. ശരീരത്തെയും മനസ്സിനെയും ഒരേപോലെ ബാധിക്കുന്ന പരസംഗം, വീഞ്ഞ് മുതലായവ ദൈവത്തോടുള്ള ബന്ധത്തെയും കാര്യമായി സ്വാധീനിക്കുമെന്നു നാം മറന്നുപോകരുത്. ‘പരസംഗം’ എന്ന പദത്താൽ അന്യാരാധനയാണ് ഇംഗിതം ചെയ്യുന്നതെങ്കിലും ദുർന്നടപ്പിന്റെ വ്യംഗ്യവും തള്ളിക്കളയാനാവില്ല എന്നാണു എന്റെ പക്ഷം. വീഞ്ഞിന്റെ ദുരുപയോഗവും അനുബന്ധമായി ചേർത്തിട്ടുള്ളതിനാൽ ഹൃദയത്തെ അടിമയാക്കുന്ന അഥവാ സുബോധത്തെ കെടുത്തിക്കളയുന്ന യാതൊന്നിനോടും അനുരഞ്ജനം പാടില്ലെന്ന പാഠം ഇവിടെ അടിവരയിടപ്പെടുന്നു.

പ്രിയരേ, ദൈവിക പരിജ്ഞാനത്താൽ നിറയപ്പെട്ട ജീവിതമാണ് ദൈവത്താൽ രൂപരേഖ ചെയ്യപ്പെട്ടിരിക്കുന്നത്. മനുഷ്യബുദ്ധിയുടെ സ്ഥിരതയാൽ സമ്പന്നമാകേണ്ട ജീവിത യാഥാർഥ്യങ്ങളും നിറവേറപ്പെടേണ്ട സ്വപ്നസാക്ഷാത്കാരങ്ങളും അരുതാത്ത ജീവിത ശൈലിയിലൂടെ പരിത്യജിക്കപ്പെടുന്നത് എത്രയോ നിർഭാഗ്യകരമാണ്! അതിനെതിരായ പ്രവാചകവാക്യങ്ങൾക്കു ആനുകാലികമായും പ്രസക്തി ഏറെയുണ്ട്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like