പ്രതിദിന ചിന്ത | പ്രഭാതം പോലെ നിശ്ചയമുള്ള അവിടുത്തെ ഉദയം

0

ഹോശേയ. 6:3 “നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ ഭൂമിയെ നനെക്കുന്ന പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.”

ദൈവത്തിങ്കലേക്കു തിരിയുവാനുള്ള യിസ്രായേലിന്റെ തീരുമാനം (6:1-3), യിസ്രായേലിന്റെ തീരുമാനത്തോടുള്ള ദൈവത്തിന്റെ പ്രതികരണം (6:4-11) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ദൈവത്തിങ്കലേക്കു അടുത്തു ചെല്ലുവാനുള്ള യിസ്രായേലിന്റെ തീരുമാനവും അതോടൊപ്പം കടിച്ചു കീറപ്പെട്ടെന്നും അടിച്ചു മുറിവേൽക്കപ്പെട്ടെന്നുമുള്ള യിസ്രായേലിന്റെ തിരിച്ചറിവും പ്രശംസനീയം തന്നെ! (6:1). ദൈവശിക്ഷയുടെ ഭാഗമായി സംഭവിക്കപ്പെട്ട സുഖകരമല്ലാത്ത അനുഭവങ്ങൾ അഥവാ കഷ്ടതകൾ (5:15) ദൈവത്തോടടുക്കുവാൻ ജനത്തെ നിർബന്ധിതരാക്കി. അത്തരം പരിസരങ്ങളോടുള്ള ജനത്തിന്റെ ക്രിയാത്മകമായ പ്രതികരണം ജനത്തിന്റെ സൗഖ്യത്തിനും ആരോഗ്യത്തിനും കാരണമായി തീർന്നു. ഈ പ്രമേയത്തോടുള്ള ദൈവിക പക്ഷം “അവന്റെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്…..നമ്മുടെ അടുക്കൽ വരും” (6:3) പ്രസ്താവനയിൽ ഉറപ്പാക്കുന്നു. ചക്രവാള സീമയിൽ അസ്തമിച്ചു പോകുന്ന സൂര്യൻ പ്രഭാതത്തിന്റെ കിരണങ്ങളുമായി യഥാസമയം ഉദയം ചെയ്യുമല്ലോ! അതായത് അടുത്ത പ്രഭാതത്തിൽ സൂര്യോദയം ഉണ്ടാകുമെന്ന പൂർണ്ണ നിശ്ചയമാണ് രാത്രിയുടെ യാമങ്ങൾ മുമ്പോട്ടു വയ്ക്കുന്ന ഇരുട്ടിനെ ഭയപ്പെടാതിരിക്കുവാനുള്ള ഏക മാർഗ്ഗം. ഇരുട്ടിന്റെ മറവിൽ സഞ്ചരിക്കുന്ന മഹാമാരികളുടെ ഭീകരതകളും (സങ്കീ. 91:5,6), രാത്രിഞ്ചരരായ വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീതിത ശബ്ദങ്ങളും (സങ്കീ. 104:20), ഏകാന്തതയുടെ ഇരിപ്പിടങ്ങളുമെല്ലാം (സങ്കീ. 102:6) സംഭാവന ചെയ്യുന്നത് ആകര്ഷ(ണീയമായ പരിസരങ്ങളല്ലല്ലോ! ഇരുട്ടിന്റെ എത്രയും തീവ്രമായ അനുഭവങ്ങൾ ഉയർത്തുന്ന അലോസരങ്ങൾ വാച്യമല്ലാത്ത സാഹചര്യങ്ങൾ അണിനിരത്തുമ്പോൾ പുലരിയുടെ പൊൻവെട്ടം ഒരുവനിൽ ഉണർത്തുന്ന പ്രതീക്ഷകൾ സമാനതകളില്ലാത്തതല്ലേ! അതേ, അവിടുത്തെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളതു തന്നെ!

പ്രിയരേ, ഇരുട്ടിന്റെ നിബിഡത ഭയത്തിന്റെ പരിസരങ്ങൾ തീർക്കുമ്പോൾ ഉദയത്തിന്റെ ഉറപ്പു സംഭവന ചെയ്യുന്ന പ്രതീക്ഷകൾ വാക്യങ്ങൾക്കും ചിന്തകൾക്കും അപ്പുറത്തുള്ള അനുഭവങ്ങളാണ് മുമ്പോട്ടു വയ്ക്കുന്നത്. ദൈവത്തോട് അടുത്തു ചെല്ലുവാനുള്ള സമർപ്പണം ഉളവാക്കുന്ന സമഗ്രവ്യതിചലനങ്ങളിൽ ഭൂതകാലം ഏല്പിച്ച മുറിവുകൾ മായ്ക്കപ്പെടുന്നതും ആരോഗ്യത്തിന്റെ പ്രദാനവുമെല്ലാം ഉൾപ്പെട്ടിരിക്കുമെന്ന പാഠത്തിനു ഇവിടെ അടിവരയിടുന്നു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like