പ്രതിദിന ചിന്ത | എഫ്രയീം എന്ന പൊട്ടപ്രാവ്

0

ഹോശേയ. 7:11 “എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവർ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.”

വിവിധ പാപങ്ങളാൽ നിറയപ്പെട്ട യിസ്രായേലിനെ ചൂടുപിടിച്ച അപ്പക്കൂടിനോട് ഉപമിക്കുന്നു (7:1-7), യിസ്രായേലിന്റെ ബുദ്ധിഹീനതയും കപടഭക്തിയും (7:8-16) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

വടക്കേ ദേശമായ യിസ്രായേലിലെ നേതൃഗോത്രമായ എഫ്രയീമിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രവചനം ഈ പുസ്തകത്തിന്റെ പ്രത്യേകതകളിലൊളൊന്നായി ചൂണ്ടിക്കാണിക്കട്ടെ! ദുഷ്ടത അതിന്റെ പരകോടിയിൽ എത്തിനിൽക്കുന്നു എഫ്രയീമിന്റെ അതിരിനകത്തെങ്ങും! ഭരണചക്രം ചലിപ്പിക്കുന്ന രാജാവും പ്രഭുക്കന്മാരും ദുഷ്ടതയാലും ഭോഷ്കിനാലും വിലയ്ക്ക് വാങ്ങപ്പെട്ടിരിക്കുന്നു (7:3). മദ്യപാനവും പരിഹാസവും (7:5) നിമിത്തം ജനജീവിതം ഏറെ ദുസ്സഹമാണ്. ജാതികളോട് ഇടകലർന്ന എഫ്രയീം, മറിച്ചിടാത്ത ദോശ പോലെയും അവരുടെ ബലം അന്യജാതികൾ തിന്നുകളയുകയും (7:8,9) ചെയ്യുന്നു. യിസ്രായേലിന്റെ ധൈഷണിക നിലവാരം നന്നായി അളക്കപ്പെട്ടിരിക്കുന്നു. ‘ബുദ്ധിയില്ലാത്ത പൊട്ടപ്രാവ്’ എന്ന പദപ്രയോഗം അതിലേക്കുള്ള വിരൽചൂണ്ടലായി കാണുന്നതാണെനിക്കിഷ്ടം! കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനോ ഉറച്ച നിലപാടുകൾ എടുക്കുവാനോ സാധികാത്ത വിധത്തിലുള്ള ഒരു മാനസിക നിലവാരമാണ് എഫ്രയീം അഥവാ യിസ്രായേലിനു നിലവിലുള്ളത്. അതുകൊണ്ടു തന്നെ മിസ്രയീമിലേക്കും അശൂരിലേക്കും ആശ്രയം വയ്ക്കുവാൻ അവർ താത്പര്യപ്പെടുന്നു. ആരിൽ ആശ്രയിക്കണം എന്നറിയാതെയുള്ള മനഃശ്ചാഞ്ചല്യം ഉളവാക്കിയ ചാഞ്ചാട്ടം പൊട്ടപ്രാവിനോട് യിസ്രായേലിനെ ഉപമിക്കുവാൻ കാരണമാകുന്നു. ഒരു മരച്ചില്ലയിൽ ഇരിക്കുമ്പോൾ തന്നെ മറ്റൊന്നിലേക്കും അവിടെനിന്നും വേറൊന്നിലേക്കുമുള്ള ചേക്കേറൽ അസ്ഥിരതയുടെ പ്രതീകമായി ചൂണ്ടികാണിക്കപ്പെടുന്നു. മാതൃകാനുസാരമായ നിലയിൽ തിരുവെഴുത്തുകളിൽ പ്രാവുകളെ ചൂണ്ടികാണിച്ചിട്ടുള്ള നിരവധി പരാമർശങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. എങ്കിലും യിസ്രായേലിന്റെ നിലപാടുകളിലെ ഇളക്കസ്വഭാവം അവരുടെ ബുദ്ധികേടിന്റെ തെളിവായി തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രിയരേ, ദൈവത്തിൽ ആശ്രയിക്കുന്നവരെ ബുദ്ധിമാന്മാർ (സങ്കീ. 14:2; 53:2) എന്നാണു തിരുവെഴുത്തിന്റെ വിശേഷിപ്പിക്കൽ. ഏതൊരു ആപത്‌ഘട്ടത്തിലും സ്ഥിരപ്രജ്ഞ പുലർത്തുന്ന ബലഹീനർ പോലും ബുദ്ധിമാന്മാരായും അല്ലാതുള്ള അനുക്രമങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും ബുദ്ധികേടായി മാത്രമേ പരിഗണിക്കുപ്പെടുകയുമുളളൂ എന്ന വസ്തുത ദൈവാശ്രയത്തിലേക്കുള്ള നമ്മുടെ നടന്നടുക്കലിനു കരണമായി ഭവിക്കട്ടെ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like