പ്രതിദിന ചിന്ത | മരുഭൂമിയിലെ മുന്തിരിപ്പഴവും അത്തിയുടെ തലപ്പഴവും

0

ഹോശേയ. 9:10 “മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു…”

ദേശത്തു നിന്നും നിഷ്കാസനം ചെയ്യപ്പെടുന്ന യിസ്രായേൽ (9:1-6), യഹോവയുടെ സന്ദർശനകാലം അടുത്തിരിക്കുന്ന യിസ്രായേലിനെതിരെയുള്ള കുറ്റപത്രം (9:7-10), പുഴുക്കുത്തു പിടിച്ച യിസ്രായേലിന്റെ ന്യായവിധി (9:11-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിനെ തന്റെ സ്വന്തജനമായി തെരഞ്ഞെടുത്ത പ്രാരംഭ നാളുകളിലേക്കുള്ള ഒരെത്തിനോട്ടം ഇവിടുത്തെ വായനയാകുന്നു. മരുഭൂമിയിലെ മുന്തിരിപ്പഴം, അത്തിവൃക്ഷത്തിന്റെ തലക്കനി മുതലായ ആലങ്കാരിക പ്രയോഗങ്ങൾ യിസ്രായേലിനെ സംബന്ധിച്ചുള്ള ദൈവത്തിന്റെ തീവ്രമായ പ്രതീക്ഷകളുടെ വെളിപ്പെടുത്തലുകളാണ്. മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരു പഥികൻ കണ്ടെത്തുന്ന മുന്തിപ്പഴത്തിനു ഏറെ പ്രസക്തിയുണ്ട്. കാരണം, ക്ഷീണിച്ചിരിക്കുന്നുവന് ലഭിക്കുന്ന മുന്തിരിപ്പഴം അവനിൽ പകരുന്ന ഉണർവ്വ് അവാച്യമത്രേ! യിസ്രായേൽ മക്കളുടെ നിലവാരം യിരെമ്യാ പ്രവാചകൻ കണ്ട ദർശനത്തിൽ ഒരു കൊട്ട നിറയെ അത്തിയുടെ തലപ്പഴവും മറ്റൊരു കൊട്ട നിറയെ ഏറ്റവും ഉപയോഗശൂന്യമായ അത്തിപ്പഴവും (24:2,3) എന്ന നിലയിൽ വിവരിച്ചിട്ടുള്ളത് ചേർത്തു ധ്യാനിച്ചാലും! വളരെ പ്രതീക്ഷയോടും താത്പര്യത്തോടും കൂടെ യിസ്രായേലിനെ സ്വന്തമാക്കിയെങ്കിലും അവരുടെ പിൽക്കാല ചെയ്തികൾ ഏറെ നിരാശാജനകമായിരുന്നു. മരുഭൂമിയാത്രയിൽ ബാൽപെയോരിനോട് ചേർന്ന് അസാന്മാർഗിക ജീവിതം നയിച്ചതും (സംഖ്യാ. 25) ഗില്ഗാലിൽ വച്ച് ശൗലിനെ രാജാവാക്കിയതും (9:15 ഒ. നോ. 1 ശമു. 11:15) വിഗ്രഹാരാധനയിലൂടെ യഹോവയായ ദൈവത്തെ ത്യജിച്ചു കളഞ്ഞതുമെല്ലാം ദൈവത്തിന്റെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടികൾ തന്നെ ആയിരുന്നു. യഹോവയായ ദൈവം തന്റെ നിയമം സ്ഥാപിക്കാനും കൂടെ വസിക്കുവാനുമാണ് യിസ്രായേലിനെ തെരഞ്ഞെടുത്തത്. എങ്കിലും ജനത്തിന്റെ മറുതലിപ്പും മത്സരവും വിഗ്രഹാരാധനയുമെല്ലാം ഫലത്തിൽ കാട്ടുമുന്തിരിയുടെയും പുഴുത്തുപോയ തലപ്പഴത്തിന്റെയും പ്രതീതി ഉയർത്തുന്ന അനുക്രമങ്ങളായി തീർന്നു!

പ്രിയരേ, ദൈവോദ്ദേശ്യം നിറവേറ്റുവാൻ ബാധ്യസ്ഥരായ യിസ്രായേൽ ലക്ഷ്യത്തിൽ നിന്നും ഏറെ വിദൂരത്തിൽ സഞ്ചരിച്ചതിന്റെ പ്രതിഫലനം ആലങ്കാരിക പ്രയോഗത്തിലൂടെ ഇവിടെ സ്പഷ്ടമാക്കുന്നു. ദൈവത്തിന്റെ പ്രതീക്ഷകൾക്കും ഉദ്ദേശ്യത്തിനും അനുരൂപമായ ഒരു ജീവിതശൈലിയുടെ രൂപീകരണത്തിൽ കുറഞ്ഞതൊന്നും അവിടുത്തെ പ്രസാദിപ്പിക്കുവാനുള്ള മാർഗ്ഗമായി ചൂണ്ടിക്കാണിക്കുവാൻ ഇല്ല തന്നെ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like