പ്രതിദിന ചിന്ത | ശത്രുക്കളുടെ ധിക്കാരവും ദൈവത്തിന്റെ പരിപാലനവും
ആമോസ് 1:3 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.”
ആമുഖവും എഴുത്തുകാരനും (1:1-3), ദമ്മേശെക്കിനെ കുറിച്ചുള്ള പ്രവചനം (1:3-5), ഫെലിസ്ത്യരെ കുറിച്ചുള്ള പ്രവചനം (1:6-8), സോരിനെ കുറിച്ചുള്ള പ്രവചനം (1:9-10), ഏദോമിനെ കുറിച്ചുള്ള പ്രവചനം (1:11-12), അമ്മോനെ കുറിച്ചുള്ള പ്രവചനം (1:13-15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
“ഭാരം വഹിക്കുന്നവൻ” എന്നു പേരിന്നർത്ഥമുള്ള ആമോസ്, യെരുശലേമിന് സുമാർ പതിനാറു കി.മീ തെക്കുള്ള തെക്കോവ എന്ന ഗ്രാമത്തിൽ നിന്നുള്ള പ്രവാചകൻ ആയിരുന്നു. ആട്ടിടയനും കാട്ടത്തിപഴം പെറുക്കി ഉപജീവിക്കുന്നവനും (7:14) ആയിരുന്നു ആമോസ്. തെക്കേ ദേശമായ യഹൂദ്യയിൽ നിന്നുള്ളവൻ ആയിരുന്നെങ്കിലും വടക്കേ ദേശമായ ബെഥേലിൽ പ്രവചന ശുശ്രൂഷ താൻ ചെയ്തിരുന്നു. യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും (1:1) ആയിരുന്നു ആമോസിന്റെ ശുശ്രൂഷാ കാലഘട്ടം. യിസ്രായേലിൽ നിലനിന്നിരുന്ന സാമൂഹ്യ തിന്മകൾക്കെതിരായ ശക്തമായ ഇടപെടൽ ആമോസ് നടത്തി. ഏറെ എതിർപ്പുകൾ അഭിമുഖീകരിച്ചു ജനത്തിന്റെ മാനസാന്തരത്തിനായി പ്രവചിച്ച ആമോസ് പ്രവാചകന്റെ ഒമ്പതു (9) അദ്ധ്യായങ്ങളും നൂറ്റിനാല്പ്പത്തഞ്ചു (45) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തികളിലെ മുപ്പതാം പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.
യിസ്രായേലിനെതിരെ ശത്രുതാ മനോഭാവം പുലർത്തുന്ന അഞ്ചു രാജ്യങ്ങൾക്കെതിരെയുള്ള ന്യായവിധിയുടെ സന്ദേശമാണ് ഈ അദ്ധ്യായമെന്നു സംഗ്രഹിക്കാം. ദമ്മേശെക്ക്, ഫെലിസ്ത്യർ, സോർ, ഏദോം, അമ്മോൻ എന്നീ രാജ്യങ്ങൾ ആവർത്തിച്ചാവർത്തിച്ചു യിസ്രായേലിനെതിരായി നടത്തിയ ആക്രമണങ്ങൾ “മൂന്നോ നാലോ അതിക്രമങ്ങൾ നിമിത്തം” (1:3,6,9,11,13) എന്ന പ്രസ്താവനയിലൂടെ ചൂണ്ടിക്കാണിക്കുന്നു. യിസ്രായേലിനെതിരെ അവർ നടത്തിയ ആക്രമണങ്ങൾക്കു തക്ക ശിക്ഷയുണ്ടാകുമെന്ന മുന്നറിയിപ്പും ഈ വാക്യങ്ങളിൽ വ്യക്തമാക്കപ്പെടുന്നു. ആ ന്യായവിധിയാകട്ടെ, പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടു മേൽപ്പറയപ്പെട്ട ശത്രുക്കളുടെ പ്രധാന പട്ടണങ്ങളെല്ലാം ഭസ്മമാക്കി കളയുന്ന തീയായി ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ അനിവാര്യമായ പ്രവാസവും ശത്രുക്കൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് പ്രവാചക വാക്യങ്ങളുടെ ധ്വനിയായി മുഴങ്ങി കേൾക്കുന്നു.
പ്രിയരേ, ചുറ്റുപാടുകളിൽ നിന്നുയരുന്ന ധിക്കാരപരമായ നീക്കങ്ങൾ ഉളവാക്കുന്ന അലോസരങ്ങൾ പലപ്പോഴും ദോഷകരമായി ബാധിക്കാറുണ്ട്. എങ്കിലും ദൈവിക പദ്ധതിയുടെ മദ്ധ്യേ പാർപ്പിക്കപ്പെടുന്ന ദൈവപൈതങ്ങളാകട്ടെ, സുരക്ഷിതരായി തന്നെ നിലനിൽക്കും. അതേസമയം ശത്രുക്കളാകട്ടെ, അവരുടെ ക്രിയകൾക്കനുസാരമായി ശിക്ഷ പ്രാപിക്കുകയും ചെയ്യും; തീർച്ച!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.