പ്രതിദിന ചിന്ത | ഗോപുരത്തിങ്കലെ ന്യായപ്രസ്താവന
ആമോസ് 5:10 “ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കയും പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.”
തങ്ങൾ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിക്കുവാനുള്ള ആഹ്വാനം (5:1-6), എളിയവരുടെ ന്യായം മറിച്ചു കളയുന്നതിലെ യഹോവയുടെ അതൃപ്തി (5:7-17), യഹോവയുടെ ദിവസത്തിന്റെ ഭയാനകത (5:18-20), ഉത്സവങ്ങളുടെയും യാഗങ്ങളുടെയും നിരാസത (5:21-27) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ജനത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുവാൻ പ്രവാചകന്മാർ ദൈവത്താൽ നിയോഗിതരായിരുന്നു. അവർ ഗോപുരത്തിങ്കൽ അവരുടെ ദൗത്യം യഥാവിധി ചെയ്തു വന്നിരുന്നു. എന്നാൽ അവരെ ദ്വേഷിക്കുന്ന ഒരു മനോഭാവം യിസ്രായേലിന്റെ സ്ഥായിഭാവമായി (5:10) വിലയിരുത്തപ്പെടുന്നു. പ്രവാചക ശബ്ദത്തിലെ തീവ്രത ഉൾക്കൊള്ളുവാൻ മനസ്സില്ലാതിരുന്ന ജനം, പ്രവചിക്കുന്നതിൽ നിന്നും പ്രവാചകന്മാരെ വിലക്കുവാനും (ആമോ. 2:12; 7:16; യെശ. 30:10) അമാന്തിച്ചില്ല. തങ്ങളുടെ പാപങ്ങൾക്ക് മറപിടിയ്ക്കുന്ന കവചമായി പ്രവാചകൻമാർ വർത്തിക്കേണമെന്ന നിർബന്ധം യിസ്രായേലിന്റെ മനോഭാവത്തിൽ മുഴച്ചു നിൽക്കുന്നു. ഗോപുര വാതിൽക്കൽ അഥവാ പട്ടണവാതിൽക്കലാണ് പൊതുവെ ന്യായം വിധിയ്ക്കുന്ന ഇടം (5:15; ആവർ. 22:15; രൂത്ത്. 4:1-2). അവിടെ ഒത്തുകൂടുന്ന ന്യായാധിപനും, അന്യായക്കാരനും ന്യായാർത്ഥിയും തമ്മിൽ സംഗതികൾ ചർച്ച ചെയ്തു ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നയിടമാണ് ഗോപുരവാതിൽ. എന്നാൽ ഇവിടെ ജനത്തിനാവശ്യം ന്യായമോ പരാമർത്ഥതയോ അല്ല; മറിച്ചു, തങ്ങളുടെ ദുഷ്പ്രവണതകളെ പരിപോഷിപ്പിക്കുന്ന നേതൃത്വത്തെയാണ്. “ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ” (5:7; 6:12c) എന്ന പ്രയോഗം ഈ വസ്തുതയിലേക്കുള്ള വിരൽചൂണ്ടലായി കരുതരുതോ! എളിയവരെയും ദരിദ്രരെയും ചവിട്ടിക്കളയുന്ന പ്രവണതകളും അനീതിയും കൈക്കൂലിയിലും വാങ്ങിയുള്ള ലാഭസമ്പാദനവും പ്രോത്സാഹിപ്പിക്കുന്ന ന്യായാധിപന്മാരെ ആഗ്രഹിക്കുന്ന തരത്തിൽ യിസ്രായേൽ അധഃപതിച്ചു പോയിരിക്കുന്നു. അതായതു, തങ്ങളുടെ തെറ്റിനെതിരെ ശബ്ദമുയർത്തുന്ന പ്രവാചകന്മാരെ ശത്രുക്കളായി കണ്ടു അവരെ വെറുക്കുന്ന മനോഭാവത്തിലേക്ക് യിസ്രായേൽ തരംതാണിരിക്കുന്നു എന്നു ചുരുക്കം.
പ്രിയരേ, തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത് പൊതുവെ സുഖകരമല്ലാത്ത സംഗതിയാണ്. അതുനിമിത്തം ഉളവാകുന്ന തെറ്റുകാരന്റെ വിദ്വേഷവും വെറുപ്പും ന്യായവും പരമാർത്ഥതയും പ്രസ്താവിക്കുന്ന പ്രവാചകന്മാർ ഏറെ അനുഭവിച്ചിട്ടുമുണ്ട്. എങ്കിലും ദൈവനീതിയുടെ നിവൃത്തീകരണം ആത്യന്തികമായ വിജയം കൈവരിക്കുമെന്നു നാം മറന്നു പോകരുത്!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.