പ്രതിദിന ചിന്ത | ന്യായവിധിയിലും പ്രത്യാശയുടെ സ്ഫുരണങ്ങൾ

0

ആമോസ് 9:15 “ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.”

യിസ്രായേൽ പാർക്കുന്ന സകല ഇടങ്ങളിലും തെരഞ്ഞുപിടിച്ചു ചെല്ലുന്ന ന്യായവിധിയുടെ മുന്നറിയിപ്പ് (9:1-1), യിസ്രായേലിന്റെ ഭാവി അനുഗ്രഹങ്ങളുടെ ദർശനം (9:11-15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ദൈവിക ന്യായവിധിയുടെ ഒട്ടും തെറ്റാത്ത പിന്തുടരലിന്റെ വായനയാണ് ഈ അദ്ധ്യായം. വിഗ്രഹാരാധനയുടെ കേന്ദ്രമായി മാറിയ യഹോവയുടെ ആലയത്തിൽ നിന്ന് ന്യായവിധി ആരംഭിക്കുന്നു (1:1). ആലയത്തിൽ തുടങ്ങിവച്ച ന്യായവിധിയിൽ നിന്നും ഓടി രക്ഷപ്പെടുവാൻ ജനം നടത്തുവാൻ സാധ്യതയുള്ള സകല വാതായനങ്ങളും അടച്ചു കൊണ്ടുള്ള ദൈവിക ഇടപെടൽ അത്യന്തം അപകടകരമായ പരിസരമാണ് ഉളവാക്കുന്നത്. പാതാളത്തിൽ തുരന്നുകടക്കുക, ആകാശത്തിലേക്കു കയറിപ്പോകുക (1:2) കർമ്മേലിന്റെ കൊടുമുടിയിൽ ഒളിച്ചിരിക്കുക, സമുദ്രത്തിന്റെ അടിയിൽ മറഞ്ഞിരിക്കുക (1:3), ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോകുക (1:4) എന്നീ പ്രകാരങ്ങളിൽ രക്ഷപ്പെടുവാനുള്ള മാർഗ്ഗങ്ങൾ ജനം ആരായുവാനുള്ള സാധ്യത പരിഗണിക്കപ്പെടുന്നു. സ്വയരക്ഷയുടെ കവചമൊരുക്കി അതിനുള്ളിൽ ഒളിയ്ക്കുവാൻ യിസ്രായേൽ നടത്തുന്ന യാതൊരു ഉപായവും വിലപ്പോകുകയില്ലെന്നുള്ള ദൈവിക മുന്നറിയിപ്പ് ശ്രദ്ധേയമല്ലേ! യഹോവയുടെ ദൃഷ്ടി ജനത്തിന്മേൽ നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ പതിപ്പിയ്ക്കപ്പെട്ടിരിക്കുന്നു. ഉറപ്പായിരിക്കുന്ന ന്യായവിധിയിൽ നിന്നുള്ള ഒഴിവാകൽ മാനസാന്തരത്താൽ മാത്രം പ്രാപ്യമാണെന്ന അനുശാസനം ജനത്തോടു എത്രയോ മുമ്പേ അറിയിച്ചിട്ടുണ്ട്! അതിനോടുള്ള ജനത്തിന്റെ പ്രതികരണം പക്ഷേ നിരാശാജനമായിരുന്നു എന്നുമാത്രം! അനുതാപത്തിലേക്കും അതിലൂടെ മടങ്ങിവരവിനും തയ്യാറാകുന്നതിനു പകരം സ്വയനിർമ്മിതികളുടെ മറപറ്റുന്ന യിസ്രായേൽ ഉപശാന്തിയില്ലാതെവണ്ണം നാശത്തിനു പാത്രീഭൂതരാകുമെന്ന മുന്നറിയിപ്പിന് മാറ്റേറെയുണ്ട്!

പ്രിയരേ, “വീണുപോയ ദാവീദിന്റെ കൂടാരത്തെ നിവിർത്തുന്ന” (9:12) നാളുകൾ മുൻപിലുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. എങ്കിലും താത്കാലികമായ ന്യായവിധിയുടെ തിരത്തള്ളൽ അസുഖകരമായ പരിസരങ്ങളിൽ ജനത്തെ എത്തിക്കുമെന്ന സംഗതിയും അടിവരയിടപ്പെടുന്നു. യിസ്രായേലിന്റെ പ്രതീക്ഷാ നിർഭരമായ നാളെയുടെ സുനിശ്ചിതമായ സ്ഫുരണങ്ങളുടെ ചൈതന്യം പേറുന്ന ഉപസംഹാരമടങ്ങിയ ഒമ്പതു അദ്ധ്യായങ്ങളും നൂറ്റിനാല്പത്തഞ്ചു (145) വാക്യങ്ങളുമുള്ള ആമോസ് പ്രവാചകന്റെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like