പ്രതിദിന ചിന്ത | യഹോവയ്‌ക്കു തന്റെ ജനത്തോടുള്ള വ്യവഹാരം

0

മീഖാ. 6:2 “പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾപ്പിൻ! യഹോവെക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവൻ യിസ്രായേലിനോടു വാദിക്കും.”

യിസ്രായേലിനെതിരായുള്ള ദൈവത്തിന്റെ ഒന്നാം കുറ്റാരോപണം (6:1-5), യിസ്രായേലിന്റെ ഒന്നാം മറുപടി (6:6-8), യിസ്രായേലിനെതിരായുള്ള ദൈവത്തിന്റെ രണ്ടാം കുറ്റാരോപണം (6:9-16) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലുമായുള്ള വ്യവഹാരം തീർക്കുവാൻ ന്യായാധിപനായ ദൈവം പർവ്വതങ്ങളെയും കുന്നുകളെയും ഭൂമിയുടെ അടിസ്ഥാനങ്ങളെയും (6:1,2) സാക്ഷികളാക്കി വിളിച്ചു കൂട്ടുന്നു. മിസ്രയീമിൽ നിന്നുള്ള പുറപ്പാടും അടിമത്തത്തിൽ നിന്നുള്ള വീണ്ടെടുപ്പും മോശ, അഹരോൻ, മിര്യാം എന്നീ സുശക്ത നേതൃനിരയുടെ നിയോഗവും മോവാബ് രാജാവായ ബാലാക്കിന്റെ നിർദ്ദേശപ്രകാരം ബിലെയാം നടത്തിയ ശാപവാക്കുകളെ നിഷ്ഫലമാക്കിയതും വാഗ്ദത്തനാട്ടിൽ കൊണ്ടുവന്നതും പശ്ചാത്തലത്തിന്റെ ഓർമ്മപ്പെടുത്തലായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യോർദ്ദാനു കിഴക്കു ആദ്യമായി പാളയമറിയങ്ങിയ ശിത്തീമും പടിഞ്ഞാറു പാളയമിറങ്ങിയ ഗില്ഗാലും വിശേഷാൽ കുറിയ്ക്കപ്പെടുന്നു. കനാൻ നാടിന്റെ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ആവോളം നുകരുവാൻ യിസ്രായേലിന്നു ലഭിച്ച സൗഭാഗ്യം ചൂണ്ടികാണിക്കുന്നതിന്റെ പിന്നിൽ കൃത്യമായ ദൈവിക പദ്ധതി വായിച്ചെടുക്കാനാകും. അതായതു ഇത്രത്തോളമുള്ള ചരിത്രത്തിന്റെ ആലേഖനങ്ങളിൽ അനീതിയുടെ കറപിരണ്ട ഏതൊരു വസ്തുത ദൈവത്തിനെതിരെ ചൂണ്ടിക്കണിക്കുവാൻ യിസ്രായേലിനാകും എന്ന വസ്തുനിഷ്ഠമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. “എന്റെ ജനമേ, ഞാൻ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക” (6:3) എന്ന പ്രവാചകശബ്ദമാണ് ഈ പ്രമേയത്തിലുള്ള എന്റെ ചിന്തയെ സമ്പുഷ്ടമാക്കുന്നത്. അണുവിടപോലും അനീതിയുടെ ലാഞ്ചന ദൈവിക ഇടപാടുകളിൽ ചൂണ്ടികാണിക്കുവാൻ യിസ്രായേലിനാകില്ലെന്ന ന്യായാധിപന്റെ പ്രഖ്യാപനം യിസ്രായേലിന്റെ നിലയെ കൂടുതൽ പരുങ്ങലിലാക്കുന്നു. അനുകൂലമായ സകല പരിസരങ്ങളും യഥാവിധി നിർവ്വഹിച്ചു കൊടുത്തിട്ടും ദൈവത്തോടു മറുതലിപ്പും മത്സരവും തുടരുന്ന യിസ്രായേൽ ശിക്ഷാവിധിയുടെ പാത്രീഭൂതരായി തീരുന്നതിൽ അത്ഭുതമുണ്ടോ!

പ്രിയരേ, ദൈവത്താൽ ലഭിക്കപ്പെടുന്ന അനുകൂല പരിസരങ്ങൾ ദൈവത്തോടടുക്കുവാനുള്ള ചാലുകളായി കണക്കാക്കുന്നതല്ലേ ബുദ്ധി! ആരോഗ്യവും സമ്പത്തും ചുരുക്കത്തിൽ “ഉണ്ണുവാനും ഉടുക്കുവാനും” പര്യാപ്തമായതെല്ലാം ഇടമുറിയാതെ വച്ചുനീട്ടപ്പെടുന്നെങ്കിൽ ദൈവത്തിൽ അനീതിയില്ലെന്നു നാം തിരിച്ചറിയണം. അതേസമയം, ദൈവത്തോടു നീതിപുലർത്തുവാനുള്ള തീരുമാനവും ഈ പരിസരങ്ങളാൽ ന്യായമായി നമ്മിൽ സംജാതമാകുകയും വേണ്ടയോ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like