ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് മുന്നിലുള്ള പ്രാർത്ഥന നിരോധിക്കുന്ന നിയമത്തിന് അനുകൂലമായി യുകെ സുപ്രീം കോടതി വിധി

0

ലണ്ടൻ: ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് മുന്നിലുള്ള പ്രാര്‍ത്ഥനയും, പ്രതിഷേധവും നിരോധിച്ചുകൊണ്ടുള്ള വടക്കന്‍ അയര്‍ലന്‍റിന്റെ നിയമത്തിനനുകൂലമായി യുകെ സുപ്രീം കോടതി വിധി. അബോര്‍ഷന്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ (328 അടി) ചുറ്റളവില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പ്രോലൈഫ് സ്വാധീനങ്ങളെ നിരോധിക്കുന്നതാണ് ഈ നിയമം. എ.ഡി.എഫ് യു.കെ അടക്കമുള്ള സംഘടനകൾ ഈ പരിധിയെ ‘നിരോധിത മേഖല’ (സെന്‍സര്‍ഷിപ്പ് സോണ്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. 

കുരുന്നു ജീവനെടുക്കുന്ന അബോര്‍ഷന്‍ ഒഴിവാക്കുവാന്‍ സ്ത്രീകളെ സഹായിക്കുക എന്ന അടിസ്ഥാന സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സുപ്രീം കോടതിയുടെ വിധിയില്‍ തങ്ങള്‍ തീര്‍ത്തും നിരാശരാണെന്നു ‘എ.ഡി.എഫ് യു.കെ’യുടെ നിയമ ഉപദേഷ്ടാവായ ജെറമിയ ഇഗുന്നുബോലെ പറഞ്ഞു. “സമാധാനപരമായ സാന്നിധ്യം, വെറും സംസാരം, നിശബ്ദ പ്രാര്‍ത്ഥന” എന്നിവ കുറ്റകരമായി പ്രഖ്യാപിക്കുന്നത് യുകെ പോലെയുള്ള ജനാധിപത്യ സമൂഹത്തിനു ചേരുന്ന പ്രവര്‍ത്തി അല്ലെന്ന്‍ ഇഗുന്നുബോലെ ചൂണ്ടിക്കാട്ടി. 

നിരവധി പ്രോലൈഫ് സംഘടനകളാണ് വിവാദപരമായ നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ‘നീതിയുടെ പരിഹാസം’ എന്നു ‘പ്രേഷ്യസ് ലൈഫ്’ എന്ന ഐറിഷ് പ്രോലൈഫ് സംഘടന ഈ നിയമത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യൂറോപ്യന്‍ കണ്‍വെന്‍ഷനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന സംസാര സ്വാതന്ത്ര്യത്തിനും ഒത്തുകൂടലിനുമുളള അവകാശങ്ങളെ ലംഘിക്കുന്ന നിയമത്തേയാണ് സുപ്രീം കോടതി അനുകൂലിക്കുന്നതെന്നും സംഘടന പറഞ്ഞു. വടക്കന്‍ അയര്‍ലന്‍ഡ് അറ്റോര്‍ണി ജനറല്‍ ഡെയിം ബ്രെന്‍ഡാ കിംഗ്‌ ആണ് ഈ ബില്‍ യു.കെ സുപ്രീംകോടതിയുടെ പരിഗണനക്കായി റഫര്‍ ചെയ്തത്.

സുപ്രീം കോടതി വിധിയില്‍ പറയുന്ന ‘സ്വാധീനം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ലെന്ന്‍ പറഞ്ഞ ഇഗുന്നുബോലെ ഈ നിയമം പോലീസിന് ഏകപക്ഷീയമായ അധികാരം ലഭിക്കുന്നതിനു കാരണമാകുമെന്നും, ഇത് അന്യായമായ അറസ്റ്റിലേക്കും വിചാരണയിലേക്കും നയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രോലൈഫ് പ്രവര്‍ത്തകര്‍ കാരണം അബോര്‍ഷന്‍ വേണ്ടെന്ന് വെക്കുകയും, പിന്നീട് ‘ബി ഹിയര്‍ ഫോര്‍ മി’ എന്ന പ്രോലൈഫ് സംഘടനയില്‍ അംഗമാവുകയും ചെയ്ത അലിന ദുള്‍ഗേരിയുവും വിധിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. 

താന്‍ നേരിട്ടതിന് സമാനമായ സാഹചര്യം നേരിടുന്ന നൂറ് കണക്കിന് സ്ത്രീകള്‍ ഉണ്ടെന്നും, അവര്‍ക്ക് ഇത്തരത്തിലുള്ള പ്രോലൈഫ് സഹായം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. വടക്കന്‍ അയര്‍ലന്‍ഡിനു പുറമേ യു.കെ യിലെ നിരവധി പട്ടണങ്ങളിലെ കൗണ്‍സിലുകളും സമാനമായ നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്.

You might also like