പ്രതിദിന ചിന്ത | യഹോവയിങ്കലേക്കുള്ള നോട്ടവും കാത്തിരിപ്പും

0

പിന്നിട്ട പ്രഭാതങ്ങളിൽ ഹൃസ്വമായ ഓരോ കുറിപ്പുമായി പ്രിയ വായനക്കാരെ തൊട്ടുണർത്തുവാൻ എളിയവനായ എനിക്ക് കൃപ തന്ന ദൈവത്തിനു സ്തോത്രം അർപ്പിച്ചുകൊണ്ടും നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും തിരുത്തലുകളും പ്രതീക്ഷിച്ചു കൊണ്ടും ആത്മീക സഞ്ചാരം തുടരട്ടെ!

മീഖാ. 7:7 “”ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.”

യിസ്രായേലിന്റെ രണ്ടാം മറുപടി (7:1-10), യിസ്രായേലിന്റെ അനുഗ്രഹങ്ങൾ (7:11-20) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ദൈവത്തിന്റെ രണ്ടാം കുറ്റാരോപണത്തോടുള്ള (6:9-16) യിസ്രായേലിന്റെ മറുപടിയാണ് ഈ അദ്ധ്യായത്തിന്റെ പ്രാരംഭ ഭാഗം. യിസ്രായേലിന്റെ പാപം സ്പർശനമേൽപ്പിക്കാത്ത യാതൊരിടവുമില്ലെന്നും (7:1), ഭക്തന്മാർ പോലും അനീതിയുടെ പ്രവാഹത്താൽ നശിച്ചു പോയെന്നും (7:2) പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നു; നീതിന്യായ സംവിധാനങ്ങളിൽ ഇടർച്ചയില്ലാത്തവർ ആയിരിക്കേണ്ട പ്രഭു, ന്യായാധിപതി, മഹാൻ തുടങ്ങിയവർ പ്രതിഫലവും കൈക്കൂലിയും കൈപ്പറ്റി ന്യായം മറിച്ചു കളയുന്നു (7:3); നിലവിൽ താരതമ്യേന ഉത്തമന്മാരും നേരുളളവരും എന്ന വിശേഷണം ചാർത്തപ്പെട്ടവർ പോലും മുൾപ്പടർപ്പോ മുള്ളുവേലിയോ പോലെ നിഷ്ക്രിയരായിരിക്കുന്നു (7:4); സ്വന്തക്കാരും ചാർച്ചക്കാരും പോലും പരസ്പര വിശ്വാസം നഷ്ടപെട്ട സ്ഥിതിയിൽ തമ്മിൽ പോരാടുന്നു (7:5,6). ഇങ്ങനെ അസാധാരണവും അനാരോഗ്യകരവുമായ രാഷ്ട്രീയവും മതപരവുമായ ഒരു പരിസരത്തിനാണ് യിസ്രായേൽ സാക്ഷ്യം വഹിക്കുന്നത്. സ്ഥിതിയുടെ മാറ്റം കൊതിയ്ക്കുന്ന പ്രവാചകൻ “അയ്യോ!” (7:1) എന്നു നിലവിളിച്ചു വിലാപം കഴിയ്ക്കുന്നു. ഇതിനിടയിൽ “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും” എന്ന പ്രവാചകന്റെ വാക്കുകൾക്കു മാറ്റേറെയുണ്ട്‌. വിപരീത പരിസ്ഥിതികളുടെ ഇരയായി ദുസ്സഹമായ ജീവിതം കഴിച്ചുകൂട്ടുമ്പോഴും ദൈവത്തോടു നിലവിളിക്കുവാനും സ്ഥിതിയുടെ വ്യതിചലനത്തിനായി കാത്തിരിക്കുവാനും പ്രവാചകൻ മനസ്സുവച്ചതു സ്വർണ്ണലിപ്യാലേഖനമായി വായിക്കുന്നതാണെനിക്കിഷ്ടം!

പ്രിയരേ, ജനത്തിന്റെ മാനസാന്തരം വിദൂര സാധ്യത മാത്രമുള്ള അനുക്രമമായി അവശേഷിക്കുന്നു. എങ്കിലും ഭക്തന്റെ ആശ്രയം ദൈവത്തിൽ നിന്ന് മാറ്റുവാനോ തന്റെ നോട്ടം ദൈവമുഖത്തു നിന്നും തിരിയ്ക്കുവാനോ പ്രവാചകൻ തയ്യാറാകാത്തതാണ് വിശേഷാൽ ഈ അദ്ധ്യായത്തിന്റെയും പൊതുവെ ഈ പുസ്തകത്തിന്റെയും കാതൽപ്രമേയമെന്നു ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ! ദൈവാശ്രയത്തിൽ നിലനിൽക്കുന്ന തികച്ചും ന്യൂനപക്ഷത്തിനു ദൈവിക വ്യവഹാരങ്ങളുടെ നടുവിലും ചലനങ്ങൾ സൃഷ്ടിക്കാനാകുമെന്ന ശുഭപ്രതീക്ഷ പങ്കിട്ടുകൊണ്ട് ഏഴു അദ്ധ്യായങ്ങളും (7) നൂറ്റിയഞ്ചു (105) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തിമൂന്നാമത്തെ (33) പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like