പ്രതിദിന ചിന്ത | സമഭൂമിയാകുന്ന മഹാപർവ്വതങ്ങൾ

0

സെഖര്യാവ് 4:7 “സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.”

സ്വർണ്ണ വിളക്കുതണ്ടിന്റെയും രണ്ടു ഒലിവു മരത്തിന്റെയും ദർശനം (4:1-7), സെരുബ്ബാബേലിനാൽ ആലയത്തിനടപ്പെട്ട അടിസ്ഥാനത്തിന്മേൽ നിർമ്മാണം പൂർത്തീകരിക്കപ്പെടുമെന്ന പ്രവചനം (4:8-10), ദർശനത്തിൽ കണ്ട ഒലിവുമരത്തിന്റെ പൊരുൾ (4:11-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പ്രവാസത്തിൽ നിന്നും മടങ്ങി വന്ന ജനത്തിന്റെ നേതാന്മാക്കരായിരുന്നു സെരുബ്ബാബേലും മഹാപുരോഹിതനായിരുന്ന യോശുവായും. ആലയത്തിന്റെ നിർമ്മാണത്തിനായുള്ള നിയോഗം കൃത്യമായി തിരിച്ചറിഞ്ഞ ഇവർ പക്ഷേ ഉയർന്നുവന്ന എതിർപ്പുകളുടെ പശ്ചാത്തലത്തിൽ ഒരുവേള ഭയാകുലരായി ദൗത്യത്തിൽ നിന്നും വിട്ടു നിൽക്കുവാൻ നിർബന്ധിതരായി. ഈ സന്ദർഭത്തിൽ സെരുബ്ബാബേൽ ദൈവത്താൽ ഉറപ്പിക്കപ്പെടുന്നതിന്റെ വായനയാണ് ഈ അദ്ധ്യായം. പിന്നിട്ട അദ്ധ്യായത്തിൽ യോശുവയുടെ മലിനവസ്ത്രം മാറ്റിയിട്ടു ഉത്സവവസ്ത്രം ധരിപ്പിക്കപ്പെട്ടതുപോലെ (3:3,4) സെരുബ്ബാബേൽ നിയോഗിക്കപ്പെട്ടിട്ടുള്ള ദൗത്യത്തിനായി ദൈവത്താൽ ശാക്തീകരിക്കപ്പെടുന്നു. സെരുബ്ബാബേൽ അടിസ്ഥാനമിട്ട ആലയത്തിന്റെ പണി (എസ്രാ 3:8) താൻതന്നെ പൂർത്തീകരിക്കുമെന്ന ഉറപ്പു സെരുബ്ബാബേലിൽ അപരിമേയമായ ഉണർവ്വു പകർന്നു എന്നാണ് ഞാൻ കരുതുന്നത്. മഹാപർവ്വത സമാനമായി ദൈവാലയത്തിന്റെ പണിയുടെ പൂർത്തീകരണത്തിനു വിരോധമായി സെരുബ്ബാബേലിന്റെ മുമ്പിൽ ഉയർന്നു നിൽക്കുന്ന വെല്ലുവിളികളെ “നീ ആര്? നീ സമഭൂമിയായി തീരും” എന്ന് സെഖര്യാവ് പരിശുദ്ധാത്മാവിൽ പ്രവചിക്കുന്നു. മാത്രമല്ല, സൈന്യത്തിന്റെയും ശക്തിയുടെയും പിന്തുണയോടെ ‘സ്റ്റേ’ ചെയ്യപ്പെട്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്ന പ്രഖ്യാപനത്തോടെ പുനരാരംഭിക്കുമെന്ന പ്രവാചകവാക്യങ്ങൾ സെരുബ്ബാബേലിനെ പൂർവ്വാധികം ശക്തിയോടെ കർമ്മോത്സുകനാക്കി. ബാബേൽ പ്രവാസത്തോടുള്ള ബന്ധത്തിൽ നശിപ്പിക്കപ്പെട്ടു പോയ ശലോമോന്റെ ദൈവാലയത്തിന്റെ പണിയും സെരുബ്ബാബേൽ ആരംഭം കുറിച്ച ആലയത്തിന്റെ പണിയെയും അത്ര ആരോഗ്യകരമല്ലാത്ത വിധത്തിൽ താരതമ്യപ്പെടുത്തുന്ന (എസ്രാ. 3:12-13; ഹഗ്ഗായി 2:3) ജനത്തിന്റെ മനോഭാവവും സെരുബ്ബാബേലിന്റെ ധൈര്യശോഷണത്തിനു കാരണമായി തീർന്നിരിക്കാം. “അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു” (4:10) എന്ന പ്രസ്താവനയുടെ അന്തഃസത്ത ഈ പ്രമേയത്തിൽ സെരുബ്ബാബേലിനോടുള്ള ദൈവിക ഇടപെടലായി കാണുന്നതാണെനിക്കിഷ്ടം!

പ്രിയരേ, കാര്യങ്ങളുടെ സുഗമമായ സഞ്ചാരം നിലച്ചുപോകുന്ന പശ്ചാത്തലങ്ങൾ ആരിലും ഉയർത്തുവാൻ സാധ്യതയുള്ള സ്വാഭാവിക ഇച്ഛാഭംഗത്തിനു വിധേയനായ സെരുബ്ബാബേലിനെ പ്രവാചകവാക്യങ്ങൾ എത്രകണ്ടു സ്വാധീനിച്ചെന്നു നാം പഠിയ്ക്കണം. ദൈവിക പദ്ധതികളുടെ തടസ്സം ചെയ്യലുകൾ എത്ര ശക്തിയോടെ ഉയർന്നു വന്നാലും അവയെ നിസ്സാരമെന്നെണ്ണുവാനുള്ള അന്തർദാർശനികത കൈവരിക്കുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമുക്കേകുന്ന ത്രാണിക്കു പരിമിതി നിർണ്ണയിക്കാനാകുമോ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like