പ്രതിദിന ചിന്ത | ഉപവാസങ്ങൾ ഉത്സവങ്ങളായപ്പോൾ
സെഖര്യാവ് 8:19 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ.”
യെരുശലേമിന്റെ മഹത്വപൂർണ്ണമായ ഭാവി (8:1-8), ദൈവിക വാഗ്ദത്തങ്ങളുടെ ആവർത്തനവും വിശുദ്ധിയ്ക്കുള്ള പ്രമാണങ്ങളും (8:9-17), യിസ്രായേലിന്റെ ഉപവാസങ്ങൾ ഉത്സവമായി പരിണമിക്കുന്ന സൗഭാഗ്യ പൂർണ്ണമായ ഭാവികാലത്തിന്റെ വിവരണങ്ങൾ (8:18-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യെരുശലേമിന്റെ മഹത്വപൂർണ്ണമായ ഭാവിയുടെ വർണ്ണന “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന ആവർത്തിത പ്രയോഗത്തോടെ അവതരിപ്പിച്ചിരിക്കുന്നു. യിസ്രായേൽ ദേശത്തിന്റെ സമൂലമായ പുനഃസ്ഥാപനവും അതിലൂടെ കൈവന്ന സമാധാന അന്തരീക്ഷവും അതിപ്രാധാന്യതയുള്ള ഈ അദ്ധ്യായത്തിന്റെ പ്രതിപാത്യമാണ്. അതിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള ഉപവാസം സംബന്ധിച്ച പൊളിച്ചെഴുത്തു യിസ്രായേലിന്റെ ആത്യന്തികമായ ശ്രേണീക്രമത്തിന്റെ സ്ഥാനോന്നതിയായി കാണുന്നതാണെനിക്കിഷ്ടം. യിസ്രായേലിനെ സംബന്ധിച്ച് ന്യായപ്രമാണം അനുശാസിക്കുന്ന ഉപവാസം മഹാപാപരിഹാര ദിവസം ആചരിച്ചു (ലേവ്യ. 16:29-34) വന്നിരുന്നു. എന്നാൽ ബാബേൽ പ്രവാസത്തോടനുബന്ധമായി പുതുതായി നിയമിക്കപ്പെട്ട നാല് ഉപവാസങ്ങളുടെ സൂചന ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കമാണ്. നാലാം മാസത്തെ ഉപവാസം ബി സി 586 ൽ നെബുഖസദ്‌നേസർ യെരുശലേമിൽ പ്രവേശിച്ചതിന്റെ ഓർമ്മയ്ക്കായിട്ടും (2 രാജാ. 25:3-4) അഞ്ചാം മാസത്തെ ഉപവാസം അതേവർഷം ദൈവാലയവും ഇതര കെട്ടിടങ്ങളും തീയ്ക്കിരയാക്കിയതിന്റെ ഓർമ്മയ്ക്കായിട്ടുമാണ്. ഏഴാം മാസത്തെ ഉപവാസമാകട്ടെ, ഗെദല്യാവിന്റെ വധത്തോടനുബന്ധിച്ചും പത്താം മാസത്തെ ഉപവാസം ബി സി 588 ൽ യെരുശലേമിന്റെ ഉപരോധം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കായിട്ടുമാണ് സ്ഥാപിച്ചിരുന്നത്. മേൽക്കുറിയ്ക്കപ്പെട്ട എല്ലാ ഉപവാസങ്ങളും ഉണർത്തുന്നത് യെരുശലേമിന്റെ ആത്മാഭിമാനത്തിനും സ്വത്വത്തിനും മേൽ ഏൽപ്പിക്കപ്പെട്ട പ്രഹരത്തിന്റെ നൊമ്പരപ്പെട്ടുത്തുന്ന ഓർമ്മകളായിരുന്നല്ലോ! യഥാസ്ഥാനപ്പെട്ട യഹൂദനോടുള്ള വാഗ്ദാനത്തിൽ ഈ ഉപവാസങ്ങളുടെ അന്തഃസത്തയിൽ മാറ്റം വരുത്തിയിട്ട് “ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ” എന്ന പുതിയ പ്രഖ്യാപനം നടത്തപ്പെടുന്നു. അതായത്, നിരാശയുടെയും നിന്ദകളുടെയും നീണ്ട നാളുകളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾക്ക് കൃത്യമായ പൊളിച്ചെഴുത്തു സാധ്യമാകുന്നതിന്റെ വായനയേകുന്ന പ്രതീക്ഷകൾ ഒരു ജനതതിയുടെ സമൂലമായ ഉദ്ധാരണമായി കാണുന്നതാണെനിക്കിഷ്ടം!
പ്രിയരേ, ദുഃഖസ്മരണകൾ മാത്രം ഉണർത്തിയ യിസ്രായേലിന്റെ ഉപവാസങ്ങൾ ഉത്സവമായി പരിവർത്തനം ചെയ്തതിന്റെ വായന ശുഭോദ്ദീപകമായ അനുക്രമമായി കരുതരുതോ! ലംഘനങ്ങളുടെ അതിപ്രസരം വരുത്തിവയ്ക്കുന്ന ദൈവിക ഇടപെടലുകൾക്ക് ജനത്തിന്റെ മാനസാന്തരത്തോളം മാത്രമേ ദൈര്ഘ്യവമുള്ളൂ എന്ന വസ്തുതയ്ക്ക് അടിവരയിടുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.