പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങി മെൽബണും സിഡ്‌നിയും
കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും അവസാനിച്ചതിന് ശേഷമെത്തുന്ന ആദ്യ ന്യൂ ഇയറാണ് ഇത്തവണത്തേത്. 2020ൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും, 2021ൽ ഒമിക്രോൺ വകഭേദവും ന്യൂ ഇയർ ആഘോഷങ്ങളുടെ ഗരിമ കുറച്ചിരുന്നു. കൊവിഡിന് മുൻപുണ്ടായിരുന്ന അതേ പ്രൗഡിയോടെ തന്നെ പുതുവത്സരത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ പുരോഗമിക്കുന്നത്.
സിഡ്നി ഹാർബർബ്രിഡ്ജ് കേന്ദ്രീകരിച്ച് നടത്തുന്ന പുതുവത്സര വെടിക്കെട്ടാഘോഷങ്ങൾ 1976ലാണ് ആരംഭിച്ചത്. ലോക ശ്രദ്ധയാകർഷിക്കുന്ന സിഡ്നി വെടിക്കെട്ട് നേരിട്ട് കാണുന്നതിനായി ഇത്തവണ പത്ത് ലക്ഷം ആളുകളെങ്കിലും ഹാർബർ ബ്രിഡ്ജ് പരിസരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോട്ടി ഫയർവർക്ക്സാണ് സിഡ്നിയിലെ വെടിക്കെട്ടിന് ചുക്കാൻ പിടിക്കുന്നത്.
ഈ വർഷത്തെ കരിമരുന്ന് കലാപ്രകടനത്തിൽ ഒട്ടേറെ പുതിയ കാഴ്ചാനുഭവങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്രിയേറ്റീവ് ഡയറക്ടർ ഫോർച്യുനാറ്റോ ഫോട്ടി പറഞ്ഞു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹാർബർ ബ്രിഡ്ജ് പരിസരത്തെ കൂടുതൽ സ്ഥലങ്ങളിൽ ഇത്തവണ വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ഓപ്പറ ഹൗസ് കേന്ദ്രീകരിച്ച് ലൈറ്റ് ഷോയും ഒരുക്കിയിട്ടുണ്ട്. എട്ട് മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രകടനത്തിൽ എട്ട് ടണ്ണോളം വെടിമരുന്നുകൾ ഉപയോഗിക്കും. ഒരു ലക്ഷത്തിലധികം പൈറോടെക്നിക്കുകളാണ് ഇത്തവണത്തെ വെടിക്കെട്ടിനായി ഉപയോഗിക്കുക.
ഹാർബറിന് ചുറ്റുമുള്ള വിവിധയിടങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി ഷോ കാണുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ ടിക്കറ്റ് ഏർപ്പെടുത്തിയാണ് പ്രവേശനം അനുവദിക്കുന്നത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നതായി സിറ്റി ഓഫ് സിഡ്‌നി ഇവൻറ് പ്രൊഡ്യൂസർ സ്റ്റീഫൻ ഗിൽബി പറഞ്ഞു.
പ്രദേശത്തെ പല റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ജനങ്ങൾ മുൻകൂട്ടി തയ്യാറെടുക്കണമെന്നും കൗൺസിൽ നിർദ്ദേശിച്ചുണ്ട്. ഏകദേശം ആറ് മില്യൺ ഡോളർ ചെലവഴിച്ച് നടത്തുന്ന ആഘോഷ രാവിൽ നിന്ന് ഏകദേശം 133 മില്യൺ ഡോളർ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെൽബണിൽ കാട്ടുതീ, ലോക്ക്ഡൗൺ, ഒമിക്രോൺ പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി ആഘോഷങ്ങളെ ബാധിച്ച വർഷങ്ങളായിരുന്നു നിവാസികൾക്കുണ്ടായിരുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ ഇത്തവണ വിപുലമായ പരിപാടികളാണ് മെൽബൺ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
ആദ്യ കരിമരുന്ന് പ്രയോഗം ഡിസംബർ 31ന് രാത്രി 9.30 ന് നഗരത്തിൽ നടക്കും. മെൽബൺ CBDയെ നാലു മേഖലകളാക്കി തിരിച്ച് സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ ഫുഡ് ട്രക്കുകൾ, ലൈറ്റ് ഇൻസ്റ്റാലേഷനുകൾ, സ്റ്റേജ് ഷോകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
നഗരത്തിലെ ആഘോഷങ്ങൾക്ക് പുറമെ ഫുട്‌സ്‌ക്രേ പാർക്ക്, ഡാൻഡെനോംഗ് പാർക്ക്, ജീലോംഗ് വാട്ടർഫ്രണ്ട്, പോർട്ട് ലിംഗ്ടൺ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലും പുതുവത്സരത്തെ വരവേൽക്കുന്നതിനായി വെടിക്കെട്ടുകൾ ഉണ്ടാകും. ഡിസംബർ 31ന് വൈകുന്നേരം 6 മണി മുതൽ ജനുവരി 1ന് രാവിലെ 6 മണി വരെ നഗരത്തിൽ പൊതു ഗതാഗത സംവിധാനങ്ങൾ സൗജന്യമായിരിക്കും.