പ്രതിദിന ചിന്ത | പിന്മഴയ്ക്കായി തുടരുന്ന പ്രാർത്ഥന

0

സെഖര്യാവ് 10:1 “പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.”

യിസ്രായേലിന്റെ വീണ്ടെടുപ്പും അനുഗ്രഹങ്ങളും (10:1-5), ചിതറിപോകപ്പെട്ട യിസ്രായേലിന്റെ മടക്കി വരുത്തൽ (10:6-12) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിലെ കാർഷിക രംഗം മുന്മഴ, പിന്മഴ എന്നീ രണ്ടു വർഷകാലങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സജീവമായിരുന്നത്. നിലം ഉഴുന്നതിനും വിത്ത് വിതയ്ക്കുന്നതിനും ഉതകുന്ന പ്രകൃതിയുടെ പ്രതിഭാസമായിരുന്നു മുന്മഴയെങ്കിൽ ധാന്യം വിളയുന്നതിനും കൃത്യമായ വിളവ് ലഭിക്കുന്നതിനും പിന്മഴയും അനിവാര്യമായിരുന്നു. സമയാസമയങ്ങളിൽ ആവശ്യാനുസരണം പെയ്തിറങ്ങുന്ന ഈ മഴകൾ യിസ്രായേലിന്റെ കാർഷിക മേഖലയെ മാത്രമല്ല സാമ്പത്തികവും പുരോഗമനപരവുമായ സമസ്ത മേഖലകളിലും നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. രൂപകാർത്ഥത്തിൽ പഴയനിയമത്തിൽ പലയിടങ്ങളിലും കുറിയ്ക്കപ്പെട്ടിരിക്കുന്ന മുന്മഴ, പിന്മഴ എന്നീ പ്രയോഗങ്ങൾ (യോവേ. 2:23; ഹോശേ. 6:3) പരിശുദ്ധാത്മാവിന്റെ പ്രവർത്തനമായി പഠിയ്ക്കുന്നതാണ് യുക്തം. വിശദമാക്കിയാൽ, മുന്മഴ എന്നാൽ പഴയനിയമ കാലത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയും പിന്മഴ എന്നാൽ പുതിയനിയമത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെയും സൂചിപ്പിക്കുന്ന പ്രയോഗങ്ങളാണ്. കൃപയുഗത്തിന്റെ ആരംഭമായി പിന്മഴയുടെ പെയ്തു ആരംഭിക്കുകയും ഈ യുഗത്തിന്റെ അവസാനത്തോടെ പൂർണ്ണമാകുന്ന കൊയ്ത്തിനായി ലോകത്തെ തയ്യാറാക്കുകയും ചെയ്യുന്നു. ആ പിന്മഴയ്ക്ക് വേണ്ടി യഹോവയോടു അപേക്ഷിക്കുവീൻ എന്ന ആഹ്വാനത്തിന് മാറ്റേറെയുണ്ട്! ഒരു വലിയ കൊയ്ത്തിനായുള്ള തയ്യാറെടുപ്പു ആഗോളവ്യാപകമായി നാം കാണുന്ന പ്രതിഭാസമാണ്. ലോകത്തിന്റെ സകല മുക്കിലും മൂലയിലും വരെ പടർന്നു ചെല്ലുന്ന സുവിശേഷത്തിന്റെ വേരോട്ടവും അതിലൂടെ സംജാതമാകുന്ന സർവ്വലൗകിക ഉണർവ്വും പിന്മഴയുടെ പ്രതിഫലനമായും ആത്യന്തികമായ കൊയ്ത്തിന്റെ അടയാളമായും ആത്മാവിൽ തിരിച്ചറിയുന്നവർ ധന്യരത്രേ!

പ്രിയരേ, പിന്മഴയുടെ കാലത്തു പ്രാർത്ഥനയുടെ തോത് ഒട്ടും കുറയാതെ കരുതുവാൻ നാം ഉത്സുകരായിരിക്കണം! കാലഘട്ടത്തെ വിവേചിക്കുവാനും ആഗോള ഉണർവ്വിന്റെ ഭാഗമാകുവാനും അതിലുപരി പിന്മഴയുടെ അവസാന പാദത്തിൽ പാദങ്ങൾ ഉറപ്പിക്കുവാനും ഇടയാകുന്നത് ഈ തലമുറയുടെ ഭാഗ്യമാണ്. അതേ, ഈ തലമുറയുടെ ഭാഗമായി പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ ഉപയുക്തരാകുന്ന നാം ധന്യരത്രേ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like