പ്രതിദിന ചിന്ത | ഒലിവുമലയുടെ നെറുകയിൽ ചവിട്ടുന്ന മശിഹായുടെ കാലുകൾ

0

സെഖര്യാവ് 14:7 “യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.”

യെരുശലേമിനെതിരായുള്ള അവസാന യുദ്ധങ്ങളുടെ പ്രവചനം (14:1-7), യെരുശലേമിന്റെ സുരക്ഷയും ശത്രുക്കളുടെ നാശവും (14:8-15), യെരുശലേം സകലവിധത്തിലും വിശുദ്ധമായി തീരുകയും കൂടാരപ്പെരുനാളിന്റെ പുനഃസ്ഥാപനവും (14:16-21) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

വിവിധ രാജ്യങ്ങളുടെ സൈന്യങ്ങൾ സംയുക്തമായി യിസ്രായേലിനെതിരെ സംഘടിച്ചു നടത്തുന്ന യുദ്ധങ്ങളുടെ സൂചനയാണ് പതിനാലാം അദ്ധ്യായത്തിന്റെ സംഗ്രഹം. എതിർക്രിസ്തുവിനറെ നേതൃത്വത്തിൽ നടത്തുന്ന ഈ സൈനിക മുന്നേറ്റം (ദാനി. 11:40-45) യെരുശലേം പിടിച്ചടക്കുകയും (സെഖ. 14:2) ഹർമ്മഗെദ്ദോൻ യുദ്ധത്തോടെ അവസാനിക്കുകയും ചെയ്യും (വെളി. 16:16) എന്നാണ് ന്യായമായി കരുതുന്നത്. ജാതികളുടെ സഖ്യസൈന്യത്തിന്റെ മുമ്പിൽ പിടിച്ചു നിൽപ്പ് അസാധ്യമായി വരുന്ന പശ്ചാത്തലത്തിൽ യെരുശലേംനിവാസികൾക്കു അമാനുഷികമായ ശക്തി ലഭിക്കപ്പെടുകയും (12:8) യേശുക്രിസ്തു അഥവാ മശിഹാ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ ഇറങ്ങി വരികയും ചെയ്യും. ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായിവരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും. അങ്ങനെ ഉണ്ടാകുന്ന താഴ്വരയാകട്ടെ യെരുശലേമിനു സമീപത്തുള്ള ഒരു ചെറിയ ഗ്രാമമെന്നു അനുമാനിക്കപ്പെടുന്ന ആസൽവരെ എത്തുന്നതും ആയിരിക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ സംഭവത്തിന്റെ വെളിച്ചത്തിൽ ഉളവാകുന്ന ഭീതി നിമിത്തമുള്ള ജനത്തിന്റെ ചിതറിയോടലിനെ യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തുണ്ടായ ഭൂകമ്പവുമായി ബന്ധപ്പെട്ടുള്ള ജനത്തിന്റെ ഓടിപ്പോക്കുമായി തുലനപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. അങ്ങനെ യിസ്രായേലിന്റെ ഭൂപടത്തിനു പോലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുമെന്നു ഉറപ്പിക്കാം. മശിഹായുടെ ഈ വരവിൽ “എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും” (14:5c) എന്ന പ്രവചനം വിരൽചൂണ്ടുന്ന അന്ത്യകാലദൈവശാസ്ത്രപരമായ പാഠം വിശേഷ വിചിന്തനത്തിനു വിധേയമാക്കിയാലും! മത്താ. 16:27; 25:31; യൂദാ. 15 എന്നീ തിരുവെഴുത്തുകളും ഈ പ്രവചനത്തിന്റെ ആധികാരികതയെ സമ്പന്നമാക്കുന്നു.

പ്രിയരേ, മരണത്താൽ നമ്മിൽ നിന്നും വേർപെട്ടുപോയവരും രൂപാന്തരം പ്രാപിച്ചു എടുക്കപ്പെട്ടവരുമായ കോടികോടി വിശുദ്ധന്മാരോടും (1 തെസ്സ. 4:6) സ്വർഗ്ഗീയ ദൂതസൈന്യത്തിന്റെ അകമ്പടി സമേതനായും (വെളി. 19:14) ഒലിവു മലയുടെ നെറുകയിൽ മശിഹാ കാലു ചവിട്ടും! “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും” (അപ്പൊ. പ്ര. 1:11) എന്ന ദൂതന്റെ വാക്കുകളുടെ നിറവേറൽ അണുവിടവിടാതെ നിറവേറപ്പെടുന്ന നാളുകളിലേക്കുള്ള ലോകത്തിന്റെ കുതിപ്പ് ഝടുതിയായ നമ്മുടെ തയ്യാറെടുപ്പിനു കാരണമായി തീരട്ടെ എന്ന പ്രാർത്ഥനയോടെ പതിനാലു (14) അദ്ധ്യായങ്ങളും ഇരുനൂറ്റിപ്പതിനൊന്നു (211) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തെട്ടാമത്തെ (38) പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like