പ്രതിദിന ചിന്ത | മലിനാത്മാവിന്റെ ഉച്ചാടനവും അനന്തര നന്മകളും

0

സെഖര്യാവ് 13:1 “അന്നാളിൽ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.”

പാപപരിഹാരത്തിനായി തുറക്കപ്പെടുന്ന ഉറവയും കള്ളപ്രവാചകന്മാരുടെ ലജ്ജയും (13:1-6), വാളിനാൽ വെട്ടപ്പെടുന്ന ഇടയനും ചിതറിപ്പോകുന്ന ആടുകളും (13:7-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

മുൻ അദ്ധ്യായത്തിലെ പ്രതിപാത്യമായിരുന്ന അനുതാപവും വിലാപവും നിമിത്തം യിസ്രായേലിനുണ്ടാകുന്ന ശുദ്ധീകരണവും പരിണിതികളുമാണ് ഈ അദ്ധ്യായത്തിന്റെ സമഗ്രവായന. ദേശത്തിന്റെ അശുദ്ധിക്കു കാരണമായി തീർന്നിരുന്ന വിഗ്രഹാരാധനയും കള്ളപ്രവചനവും ദേശത്തു നിന്നും തുടച്ചു മാറ്റുന്നതാണ് ശുദ്ധീകരണത്തിന്റെ അടിസ്ഥാനപരമായ ദൈവിക ഇടപടൽ. ദൈവത്തിനു മാത്രം അവകാശപ്പെട്ടിരിക്കുന്ന ആരാധന, വിഗ്രഹങ്ങളിലേക്കു തിരിച്ചു വിട്ട പൈശാചിക ധൈഷണികത തിരുത്തപ്പെടലിനു വിധേയമാകുന്നു. വിഗ്രഹങ്ങളെ സംബന്ധിച്ച് “ഇനി അവയെ ഓർക്കുകയുമില്ല” (13:2b) എന്ന പരാമർശം അത്തരത്തിലുള്ള ഒരു നടപടിയുടെ വിരൽചൂണ്ടലാണല്ലോ. മാത്രമല്ല, വിഗ്രഹാരാധനയുടെ അനുബന്ധമായി ഉടലെടുത്ത കള്ളപ്രവചനം എന്ന ഏർപ്പാടും ദേശത്തുനിന്നും ഉച്ചാടനം ചെയ്യുന്നതിന്റെ വിവരണവും (13:2-6) ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായനയാണ്. കള്ളപ്രവാചകന്മാർ മലിനാത്മാവിനാൽ അഥവാ അശുദ്ധാത്മാവിനാൽ നിറയപ്പെട്ടവരാണെന്ന് (13:2) പ്രവാചകൻ പ്രസ്താവിക്കുന്നു. പ്രവാചകന്മാർ ദൈവത്താൽ നിയോഗിതരും ദൈവിക അരുളപ്പാടുകളുടെ സൂക്ഷിപ്പുകാരും തന്നെ. ദൈവത്തിന്റെ നാവായി ജനത്തോടു സംവദിക്കുവാൻ ദൈവത്താൽ നിയോഗം പ്രാപിച്ച പ്രവാചകന്മാരുടെ ‘വ്യാജപതിപ്പ്’ മലിനാത്മാവിനാൽ നിറയപ്പെട്ടു ദേശത്തെങ്ങും ആധിപത്യം സ്ഥാപിച്ചതിന്റെ പരിണിതിയോ, ദേശം അവയാൽ മലിനപ്പെടുകയും ദൈവത്തിൽ നിന്നുള്ള വേർപാട് സംഭവിക്കുകയും ജനം നിർവാസത്തിലേക്കു അഥവാ പ്രവാസത്തിലേക്കു പോകേണ്ടതായും വന്നു. അതുളവാക്കിയ വൈഷമ്യപരിസരങ്ങൾ തുടച്ചു മാറ്റിയിട്ടു യിസ്രായേലിന്റെ ഇടയിൽ സ്ഥാപിക്കുവാൻ പോകുന്ന ആത്മീക നവീകരണം സ്ഥായിയായ ദൈവശാശ്രയബോധത്തെക്കു ജനത്തെ കൈപിടിച്ചുയർത്തുവാൻ പോന്ന ദൈവിക ഇടപെടലായി വേണം കാണുവാൻ.

പ്രിയരേ, മലിനാത്മാവിനാൽ ശുദ്ധമാക്കപ്പെട്ട ദേശം ആത്മീക നവീകരണത്തിന്റെ പാതയിലേക്ക് നടത്തപ്പെടുമെന്ന പ്രവചനം തീവ്രമായ ദൈവിക പദ്ധതികളുടെ വിരൽചൂണ്ടലല്ലേ! അതിനാൽ ജനത്തിനു കൈവരുന്നത് സമാനതകളില്ലാത്തതും സ്ഥായിയായതുമായ ആത്മീക അനുഗ്രഹങ്ങളും ഭൗതിക നന്മകളുമായിരിക്കുമെന്നു നിരീക്ഷിക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like