പ്രതിദിന ചിന്ത | കലർപ്പില്ലാത്ത ദൈവസ്നേഹം

0

മലാഖി 1:2 “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു.”

യിസ്രായേലിനോടുള്ള ദൈവത്തിന്റെ മനസ്സലിവ് (1:1-5), യഹോവയായ ദൈവത്തിനെതിരെയുള്ള ജനത്തിന്റെ സംഘടിത വഞ്ചന (1:6-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“എന്റെ സന്ദേശവാഹകൻ” എന്നു പേരിന്നർത്ഥമുള്ള മലാഖി പ്രവാചകൻ ബി സി 450 – 400 കാലഘട്ടത്തിൽ എഴുതിയെന്നു വിശ്വസിക്കപ്പെടുന്ന ചെറിയപ്രവാചകന്മാരുടെ ഗണത്തിൽ പെടുന്ന പുസ്തകമാണിത്. പ്രവാസത്തിൽ നിന്നും മടങ്ങി വന്ന യഹൂദന്മാർ നഗരവും ആലയവും വീടുകളും പണിതു സ്ഥിരതാമസം തുടങ്ങിയിട്ടു സുമാർ ഒരു നൂറ്റാണ്ടു പിന്നിടുന്നു. നെഹമ്യാവിന്റെ കാലത്തുണ്ടായ ഉണർവ്വു (നെഹ. 10:28-39) കെട്ടടങ്ങുകയും ജനങ്ങൾ പുരോഹിതന്മാരടക്കം പിന്മാറ്റത്തിലേക്കു കൂപ്പുകുത്തുകയും ന്യായപ്രമാണത്തിന്റെ ആചരണം കേവലം ചടങ്ങു മാത്രമായി പരിണമിക്കുകയും (1:7) ദശാംശം ആലയത്തിൽ എത്താത്തതിനാൽ ആലയത്തിലെ കാലവറകൾ ശൂന്യമായി തീരുകയും (3:8) ചെയ്ത ഒരു പരിസരത്തിലാണ് മലാഖി തന്റെ ശുശ്രൂഷ നിർവ്വഹിച്ചത്. സുമാർ ഇരുപത്തിമൂന്നോളം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു നിർണ്ണായകമായ ദൈവിക അരുളപ്പാടുകൾ അറിയിക്കുന്ന നാലു (4) അദ്ധ്യായങ്ങളും അമ്പത്തഞ്ചു (55) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തൊമ്പതാമത്തേതും (39) പഴയനിയമത്തിലെ അവസാനത്തെ പുസ്തകവുമായ മലാഖി പ്രവചനത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്ക് പ്രാർത്ഥനയോടെ പ്രവേശിക്കാം!

“ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്ന യഹോവയായ ദൈവത്തിന്റെ ഉദാത്തമായ മന്ത്രണത്തോടെ പുസ്തകം ആരംഭിക്കുന്നു. ഭൂമിയിലുള്ള സകല ജാതികളിൽ നിന്നും യിസ്രായേലിനെ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനം അവരുടെ പെരുപ്പം നിമിത്തമല്ല, പ്രത്യുത ദൈവം അവരെ സ്നേഹിക്കുന്നതു കൊണ്ടാണെന്ന മോശയുടെ വാക്കുകൾ (ആവർ. 7:7,8; 4:37) സ്മരണീയമാണ്. എന്നാൽ വസ്തുതയുടെ തിരിച്ചറിവില്ലായ്മ “നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു?” എന്ന ജനത്തിന്റെ മറുചോദ്യത്തിൽ വ്യക്തമാകുന്നു. എങ്കിലും ഏശാവിനെ ദ്വേഷിച്ചു യാക്കോബിനെ തെരഞ്ഞെടുത്തതു മുതലുള്ള ദൈവിക നിർണ്ണയങ്ങളുടെ ഓർമ്മപ്പെടുത്തൽ നടത്തി ജനത്തോടുള്ള അവിടുത്തെ സ്നേഹം പ്രകടമാക്കുന്നു ഇവിടെ.

പ്രിയരേ, അവിടുത്തെ മഹാകരുണയാൽ ദൈവം തന്റെ ജനത്തെ നിർലോഭം സ്നേഹിക്കുന്നു. എങ്കിലും കലർപ്പില്ലാത്ത അവിടുത്തെ സ്നേഹം തിരിച്ചറിയാതിരിക്കുന്നത് എത്രയോ നിർഭാഗ്യകരമാണ്! അവിടുത്തെ സ്നേഹത്തിന്റെ ആഴവും പരപ്പും അളക്കുവാൻ തക്ക സാമഗ്രികൾ നമ്മുടെ കൈവശമില്ലല്ലോ! ആകയാൽ നിസ്സംശയം അവിടുത്തെ സ്നേഹിപ്പാൻ നമുക്കാകട്ടെ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like