പ്രതിദിന ചിന്ത | നാൽവരുടെ വിളിയും അനുഗമനവും
മത്തായി 4:22 “അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.”
യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുന്നു (4:1-11), യേശുവിന്റെ ഗലീലിയൻ ശുശ്രൂഷയുടെ ആരംഭം (4:12-17), നാലു ശിക്ഷ്യന്മാർ വിളിക്കപ്പെടുന്നു (4:18-22), യേശുവിന്റെ പഠിപ്പിക്കലുകളും അത്ഭുത പ്രവൃത്തികളും (4:23-25) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
സ്നാപക യോഹന്നാൻ തടവിലായതിനോടനുബന്ധിച്ചു യേശു ഗലീല തന്റെ പ്രവർത്തന മേഖലയായി (4:12) തെരഞ്ഞെടുത്തു. യോഹന്നാൻ സ്നാപകൻ തന്റെ പ്രസംഗം അവസാനിപ്പിച്ച മാനസാന്തരവും ദൈവരാജ്യത്തിന്റെ സമീപിക്കലും എന്ന പ്രമേയത്തെ ആസ്പദമാക്കി തന്നേ യേശു തന്റെ ശുശ്രൂഷ ആരംഭിക്കുന്നു. ദൈവരാജ്യപ്രവേശനത്തിനു മാനസാന്തരം കൂടിയേ തീരൂ എന്ന വസ്തുതാപരമായ നിർബന്ധം യേശു ആവർത്തിക്കുന്നു. ആ ദൗത്യം ലോകത്തിനു കൈമാറുവാൻ തക്ക ഉത്തമപുരുഷന്മാരുടെ തെരഞ്ഞെടുപ്പിന്റെ ആരംഭം ഈ അദ്ധ്യായത്തിന്റെ കാതലായ വായനകളിലൊന്നാണ്. ഗലീലക്കടൽപ്പുറത്തു നടക്കുന്ന യേശു പത്രോസ് എന്നു മറുപേരുള്ള ശിമോൻ, അന്ത്രയാസ് എന്നീ സഹോദരന്മാരെയും, സെബദിയുടെ പുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നീ മറ്റു രണ്ടു സഹോദരന്മാരെയും കണ്ടുമുട്ടി. ഈ നാലുപേരും മീൻപിടുത്തക്കാരായിരുന്നു. “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (4:19) എന്ന യേശുവിന്റെ വിളിയോട് ഒട്ടും അമാന്തിക്കാതെ പ്രതികരിച്ച ശിക്ഷ്യന്മാർ വലയും പടകും അനുബന്ധ മത്സ്യബന്ധന ഉപകരണങ്ങളും മാത്രമല്ല “അപ്പനെയും” (4:22) വിട്ടു യേശുവിനെ അനുഗമിച്ചു. യേശു മുമ്പോട്ടു വയ്ക്കുന്ന സ്വർഗ്ഗരാജ്യത്തിന്റെ വക്താക്കളായി പ്രവർത്തിക്കുവാൻ ലഭിച്ച ആഹ്വാനം അഥവാ വിളിയോടുള്ള ക്രിയാത്മകമായ അവരുടെ പ്രതികരണം മാതൃകാപരമായ അനുക്രമമല്ലേ! ജീവിതോപാധികളെയും ലാഭസ്രോതസ്സുകളെയും വിളിയുടെ മുമ്പിൽ തുച്ഛമെന്നെണ്ണി ചുവടുവച്ച ആ നാൽവർ സംഘം സമ്പൂർണ്ണമായ സമർപ്പണത്തിന്റെ ചൂണ്ടിക്കാണിക്കാനാവുന്ന ദൃഷ്ടാന്തങ്ങളായി പഠിയ്ക്കുന്നതാണെനിക്കിഷ്ടം! ലോകത്തോടുള്ള കടപ്പാടുകളേക്കാൾ ദൈവത്തോടുള്ള കടപ്പാടുകൾക്കു പ്രഥമസ്ഥാനം കൊടുത്തവരെല്ലാം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരാണെന്ന വസ്തുതയ്ക്ക് അടിവരയിടുവാനാണ് പ്രേരണ!
പ്രിയരേ, വിളിയോടുള്ള ക്രിയാത്മകമായ പ്രതികരണം സമ്പൂർണ്ണമായ സമർപ്പണമല്ലേ! നാളെകളിൽ സ്വായത്തമാക്കാവുന്ന ഉയർച്ചകളുടെ സാധ്യതകൾ വലിച്ചെറിഞ്ഞിട്ടു അവിടുത്തെ വിളിയോടുള്ള കൃത്യമായ അനുസരണം ശ്രേഷ്ഠമാണെന്നു നാം മറന്നു പോകരുത്!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.