കോംഗോയില്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്; മരണസംഖ്യ പത്തായി

0

കിന്‍ഹാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്ക് – കിഴക്കന്‍ ഭാഗമായ കസിൻഡി ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുന്നു. നിലവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മരണസംഖ്യ പത്തായി ഉയര്‍ന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലത്തെ റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ അഞ്ചായിരിന്നു. എണ്ണം ഇനിയും വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നു സൂചനയുണ്ട്. ഇതിനിടെ ബോംബ്‌ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റിന്റെ (ദായേഷ്) മധ്യ-ആഫ്രിക്കന്‍ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്കന്‍ പ്രോവിന്‍സ് ഏറ്റെടുത്തു.

ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഐ‌സിഎസ് ഭീഷണി മുഴക്കിയിട്ടുള്ളതായി തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്ന് സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ‘സൈറ്റ്’ വ്യക്തമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കിടെയാണ് ദേവാലയത്തില്‍ ബോംബ്‌ സ്ഫോടനം ഉണ്ടായത്. ആദ്യഘട്ടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന പ്രസ്താവന കോംഗോ ആര്‍മിയുടെ വക്താവ് ആന്റണി മൗളുഷെ തിരുത്തി. 39 പേര്‍ക്കാണ് പരിക്ക്. ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ആണ് സ്ഫോടനത്തിനു ഉപയോഗിച്ചിരുന്നതെന്നും ആര്‍മി വക്താവ് വെളിപ്പെടുത്തി. 

ആക്രമണവുമായി ബന്ധപ്പെട്ട് ഒരു കെനിയക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. സുരക്ഷിതത്വമില്ലായ്മയാണ് ഇന്ന് കോംഗോ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു രാജ്യത്തെ ഐക്യരാഷ്ട്രസസഭാ പ്രതിനിധി യു.എന്‍ സുരക്ഷാ സമിതിയില്‍ പറഞ്ഞിരിന്നു. കോംഗോ-ഉഗാണ്ടന്‍ സംയുക്ത സേന എ.ഡി.എഫിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ 1990-കളില്‍ ഉഗാണ്ടയില്‍ സ്ഥാപിതമായ ‘എ.ഡി.എഫ്’-നെ ഉഗാണ്ടന്‍ സൈന്യം തുരത്തിയതിനെ തുടര്‍ന്ന് കോംഗോയിലെ വനങ്ങളില്‍ താവളം ഒരുക്കിയ എ.ഡി.എഫ് ഇസ്ലാമിക തീവ്രവാദികള്‍ ഇപ്പോള്‍ കോംഗോയിലെ നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്.

You might also like