ക്രൈസ്തവരെ ശത്രുക്കളെപ്പോലെ കാണുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള വാര്‍ഷിക പട്ടികയില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടി
ബെനിന്‍: ക്രൈസ്തവരെ ശത്രുക്കളേപ്പോലെ കാണുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ന്റെ വാര്‍ഷിക പട്ടികയില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടി. ബെനിന്‍, കോംഗോ, മൊസാംബിക്, നൈജീരിയ എന്നീ രാഷ്ട്രങ്ങളാണ് ‘വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സി’ന്റെ 2023-ലെ ‘ഗ്ലോബല്‍ പ്രെയര്‍ ഗൈഡ്’ എന്ന വാര്‍ഷിക പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 1997 മുതല്‍ ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ‘വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’. ഭരണകൂടം സംരക്ഷണം നല്‍കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ തീവ്രവാദികളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കുടുംബത്തില്‍ നിന്നോ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള വിവരവും അതേസമയം തന്നെ മതപീഡനത്തിനിരയാകുന്ന തങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സൗകര്യമൊരുക്കുന്ന പട്ടിക കൂടിയാണ് ‘ഗ്ലോബല്‍ പ്രെയര്‍ ഗൈഡ്’.
‘വൂഡോ’ എന്ന ദുര്‍മന്ത്രവാദത്തിന്റെ ഉത്ഭവകേന്ദ്രം കൂടിയായ ബെനിന്‍ നൈജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന രാഷ്ട്രമാണ്. തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസം എതിരാണെന്നാണ് ഇവിടത്തെ ആളുകള്‍ പ്രത്യേകിച്ച് വടക്കന്‍ ബെനിലെ സമൂഹം കരുതുന്നത്. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് ബെനിനിലെ ജിഹാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്. 1.3 കോടിയോളം വരുന്ന ബെനിന്‍ ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനമാണ് ക്രൈസ്തവര്‍. കോംഗോയിലെ ക്രൈസ്തവരും ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളെ ആക്രമിച്ച് ചുട്ടെരിക്കുന്നതും, ദേവാലയങ്ങള്‍ തകര്‍ക്കുന്നതും ഇവിടെ പതിവാണ്.
നൂറുകണക്കിന് വിശ്വാസികളാണ് കോംഗോയില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. ജന്മദേശത്ത് മടങ്ങി എത്തിയാല്‍ കടുത്ത മതപീഡനം നേരിടേണ്ടി വരുമെന്ന കാരണത്താല്‍ കോംഗോ പൗരന്‍മാരെ തൊഴില്‍ അനുമതിയോടെ അമേരിക്കയില്‍ തുടരുവാന്‍ അനുവദിക്കണമെന്ന് ഒരു സംഘം സന്നദ്ധ സംഘടനകള്‍ അമേരിക്കന്‍ ഭരണകൂടത്തോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അലയഡ് ഡെമോക്രാറ്റിക് ഫോഴ്സസ് പോലെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ കിവ് പ്രവിശ്യയിലെ ക്രൈസ്തവര്‍ക്കെതിരെ കടുത്ത ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം ജൂണില്‍ ക്രൈസ്തവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിച്ചതും, തൊട്ടടുത്ത ദിവസങ്ങളില്‍ പത്തോളം ക്രൈസ്തവരെ കൊലപ്പെടുത്തിയതും കോംഗോയിലെ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിന്റെ ഉദാഹരണങ്ങളായി പട്ടിക ചൂണ്ടിക്കാട്ടുന്നു.
2019-ലാണ് മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദം ആരംഭിക്കുന്നത്. രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനമായ കാബോ ഡെല്‍ ഗാഡോയില്‍ കടുത്ത അരക്ഷിതാവസ്ഥയാണ് തീവ്രവാദികള്‍ ഉണ്ടാക്കിയിരിക്കുന്നത്. മാലി, ബുര്‍ക്കിനാഫാസോ, നൈജീരിയ പോലെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള തീവ്രവാദമാണ് നൈജറിനെ പിടികൂടിയിരിക്കുന്നത്. ക്രൈസ്തവരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള തീവ്രവാദി ആക്രമണങ്ങള്‍ ഇവിടെ പതിവായി കൊണ്ടിരിക്കുകയാണ്. 2021-ല്‍ നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 24 കുട്ടികള്‍ ഉള്‍പ്പെടെ നൂറ്റിമുപ്പതോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പട്ടികയില്‍ പറയുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ പിടികൂടിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദം ക്രിസ്ത്യാനികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സിന്റെ ഔദ്യോഗിക വക്താവായ ടോഡ് നെറ്റില്‍ട്ടണും വ്യക്തമാക്കിയിട്ടുണ്ട്.