പ്രതിദിന ചിന്ത | രോഗിക്കു മാത്രം വൈദ്യസഹായം അനിവാര്യം

0

മത്തായി 9:12,13 “യേശു അതു കേട്ടാറെ: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു..”

പക്ഷവാതക്കാരന്റെ പാപക്ഷമയും രോഗമുക്തിയും (9:1-8), മത്തായിയുടെ വിളിയും ചുങ്കക്കാരുമായി യേശുവിന്റെ ഭക്ഷണവും (9:9-13), ഉപവാസം സംബന്ധിച്ചുള്ള യേശുവിന്റെ ഉപദേശങ്ങൾ (9:14-17), പ്രമാണിയുടെ മകളുടെ ഉയർപ്പിക്കലും രക്തസ്രാവക്കാരിയുടെ സൗഖ്യവും (9:18-26), രണ്ടു കുരുടന്മാരെ യേശു സൗഖ്യമാക്കുന്നു (9:27-31), ഭൂതഗ്രസ്തനായ ഊമനെ യേശു സൗഖ്യമാക്കുന്നു (9:32-34), പട്ടണങ്ങളിലും ഗ്രാമങ്ങളിലും യേശു ചെയ്ത വിവിധ അത്ഭുതങ്ങൾ (9:35), കൊയ്ത്തിനായി വേലക്കാർ അയക്കപ്പെടേണ്ടതിനായി പ്രാർത്ഥിക്കുവാനുള്ള ആഹ്വാനം (9:36-38) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശു കഫർന്നഹുമിൽ നിന്നും പോകുന്ന അവസരത്തിൽ ചുങ്കസ്ഥലത്തിരിക്കുന്ന മത്തായി എന്ന റോമാ സർക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ കണ്ടു മുട്ടി. “അൽഫായിയുടെ മകനായ ലേവി” (മർക്കോ. 2:14), “ലേവി എന്നു പേരുള്ളൊരു ചുങ്കക്കാരൻ” (ലൂക്കോ. 5:27) എന്നീ പരിചയപ്പെടുത്തലുകൾ കൂടെ ചേർത്തു വായിച്ചാലും. ചുരുക്കത്തിൽ മത്തായിയുടെ മറുപേരായിരുന്നു ലേവിയെന്നു പഠിയ്ക്കാം. “ചുങ്കക്കാരും പാപികളും” (9:10) എന്ന പ്രയോഗം അക്കാലത്തെ പരീശമനോഭാവത്തിന്റെ തുറന്നെഴുത്താണ്. അതായതു, റോമാ സാമ്രാജ്യത്തിനായി ചുങ്കം പിരിക്കുന്നവരെ പാപികളായും അഴിമതിക്കാരായും ദുഷ്പ്രവൃത്തിക്കാരായും മുദ്രകുത്തിയിരുന്നു പരീശന്മാർ. മത്തായിയും അത്തരത്തിലുള്ള പശ്ചാത്തലത്തിൽ നിന്നും യേശുവിനെ അനുഗമിച്ചതിന്റെ വെളിച്ചത്തിൽ ആയിരിക്കാം യേശുവിന്റെ ഒപ്പം ഭക്ഷണമേശയിൽ അത്തരക്കാരുടെ കൂട്ടായ്മ സംഭവിച്ചത്. എന്നാൽ പരീശന്മാർക്ക് അതിലൊട്ടും താത്പര്യമില്ലായിരുന്നു എന്നാണു വായനയുടെ കാര്യസാരം. മറ്റുള്ളവരെ അംഗീകരിക്കുവാൻ തടസ്സമായിരുന്ന പരീശപക്ഷത്തിന്റെ കപട മനഃസ്സാക്ഷിയ്ക്കെതിരെ യേശു ഉയർത്തി വിട്ട പ്രസക്തമായ ഒരു പ്രസ്താവനയാണ് “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല” എന്നത്. പരീശന്മാർ ആരോഗ്യമുള്ളവരാണെന്നോ അവർക്കു വൈദ്യനെ കൊണ്ട് ആവശ്യമില്ലെന്നോ അല്ല ഈ പ്രസ്താവനയുടെ അർത്ഥം. മറിച്ചു, തങ്ങൾ ആരോഗ്യവാന്മാരാണെന്ന അവരുടെ ധാരണയാണ് ഇവിടെ വിമർശിക്കപ്പെടുന്നത്. ആത്മീകതയുടെ പൊള്ളത്തരങ്ങൾ ഏറെ വച്ചുപുലർത്തുന്ന പരീശന്മാർ അതുപക്ഷേ അംഗീകരിക്കുവാൻ താത്പര്യപ്പെടുന്നില്ല എന്ന വസ്തുത യേശു ഇവിടെ പൊളിച്ചു കാട്ടുന്നു. അതിന്റെ തുടർച്ചയാണ് “ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” (9:13b) എന്ന പ്രസ്താവന. പാപരോഗത്താൽ മരണാസന്നരായി കിടക്കുമ്പോഴും വൈദ്യനെ അഥവാ യേശുവിനെ അംഗീകരിക്കുവാൻ കൂട്ടാക്കാത്ത പരീശന്മാർ ചികിത്സയ്ക്കു വിധേയരാകുന്നില്ല എന്ന സത്യം യേശു തന്റെ ശ്രോതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

പ്രിയരേ, ചുങ്കക്കാരെയും പാപികളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളെയും ചേർത്തു പിടിച്ചു കൊണ്ടുള്ള ദൈവാരാജ്യസ്ഥാപനമാണ് യേശുവിന്റെ മാതൃക. അത്തരത്തിലുള്ള സമീപനം മനസ്സോടെ ഏറ്റെടുക്കുവാൻ വിസമ്മിതിക്കുന്നിടത്തു ആത്മീക ആരോഗ്യമല്ല, അധഃപതനമാണ് സംജാതമാകുന്നത് എന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like