പ്രതിദിന ചിന്ത | കാണാതെ പോയ ആടുകളെ തേടിയെത്തുന്ന സുവിശേഷം

0

മത്തായി 10:5,6 “ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.”

അപ്പോസ്തോലന്മാരുടെ വിളിയും പേരുവിവരവും (10:1-4), നിയോഗത്തോടെ അയയ്ക്കപ്പെടുന്ന അപ്പോസ്തോലന്മാർ (10:5-15), അപ്പോസ്തോലന്മാർക്കു കൊടുത്ത നിർദ്ദേശങ്ങൾ (10:16-42) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ദൈവാരാജ്യം പ്രസംഗിക്കുക എന്ന ദൗത്യം ഭരമേല്പിക്കപ്പെടുവാൻ യേശുക്രിസ്തുവിനാൽ വിളിച്ചു വേർതിരിക്കപ്പെട്ട പന്ത്രണ്ടു ശിക്ഷ്യന്മാരുടെ പേരുവിവരങ്ങൾ ആധികാരികമായി സുവിശേഷകനായ മത്തായി രേഖപ്പെടുത്തിയിരിക്കുന്നു. അസാധാരണ സംഗതികളുടെ നിർവ്വഹണത്തിനായും ആത്മീക മണ്ഡലത്തിലെ പോരാട്ടത്തിനായും (10:1) സാധാരണക്കാരായ ശിക്ഷ്യന്മാർക്കു കർത്താവു കൊടുത്ത അധികാരം വിലമതിക്കാനാവാത്തതായിരുന്നു. തെരഞ്ഞെടുപ്പു മുതൽ അയയ്ക്കപ്പെടുന്നതു വരെയുള്ള ഹൃസ്വകാലഘട്ടത്തിൽ (4 മുതൽ 9 വരെയുള്ള അദ്ധ്യായങ്ങൾ) ശിക്ഷ്യന്മാർ യേശുവിനോടു കൂടെ നടന്നു ശുശ്രൂഷകൾ പരിചയിച്ചു. പത്താം അദ്ധ്യായത്തിൽ അയയ്ക്കുമ്പോൾ അവരോടു “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ” (10:6) എന്ന കർശന നിർദ്ദേശം കൊടുത്തു. ജാതികളുടെ അടുക്കൽ മാത്രമല്ല, ശമര്യരുടെ പട്ടണത്തിൽ കടക്കുന്നതിൽ നിന്നു പോലും ശിക്ഷ്യന്മാർ വിലക്കപ്പെട്ടതു വിശേഷാൽ ശ്രദ്ധിച്ചാലും! ബി സി 722 ൽ നടന്ന അശൂർ പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ ശമര്യയിലെ യഹൂദന്മാർ അശൂരുമായി മിശ്രവിവാഹത്തിൽ ഏർപ്പെടുകയും അങ്ങനെ ഉളവായ സമ്മിശ്ര തലമുറ ദൈവത്തിന്റെ വെറുപ്പിനു പാത്രീഭൂതർ ആയിരുന്നു. ആയതിനാലാണ് ശമര്യരുമായി ഒരു തൊടാപ്പാടിന്റെ നിർദ്ദേശം പലയിടങ്ങളിലും സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. തന്നെയുമല്ല, മശിഹയുടെ വരുവാനുള്ള രാജ്യത്തിലേക്ക് ആദ്യമായി സ്വന്തജനമായ യിസ്രായേൽ ആത്മീകമായി ഒരുക്കപ്പെടണമെന്ന ദൈവിക നിർബന്ധവും ഈയൊരു നിർദ്ദേശത്തിനു അടിസ്ഥാന കാരണമായി കരുതാം. എങ്കിലും മത്തായി 28:18,19 ൽ സകല ജാതികളുടെയും അടുക്കലേക്കു ശിക്ഷ്യന്മാർ അയയ്ക്കപ്പെടുന്ന അനുക്രമം സകലജാതികളിലേക്കും വ്യാപരിക്കുന്ന സുവിശേഷത്തിന്റെ അനന്തസാധ്യതയായി തന്നെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

പ്രിയരേ, സുവിശേഷത്തിന്റെ വാതിലുകൾ യഹൂദാ വംശത്തിന്റെയോ അതുമല്ലെങ്കിൽ ഒരുപ്രത്യേക വിഭാഗത്തിന്റെയോ അതിർ വരമ്പുകൾക്കുള്ളിൽ ഒതുങ്ങിയിരിക്കേണ്ടുന്ന ഒന്നല്ല. പ്രത്യുത അതിന്റെ വാതായനങ്ങൾ സമ്മിശ്ര ജാതികളിലേക്കും അന്യജാതികളിലേക്കും അഭംഗുരം ഒഴുകിയെത്തണമെന്ന നിർബന്ധമാണ് യേശുവിന്റെ വാക്കുകളിലെ ധ്വനി. കാണാതെപോയ ആടുകളുടെ അടുത്തേക്കു പ്രവർത്തന നിരതമായി ഇന്നും ഒഴുകിയെത്തുന്ന സുവിശേഷത്തിന്റെ വ്യാപ്തിക്കായി സ്തോത്രം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like