പ്രതിദിന ചിന്ത | നീതിയുടെ ശബ്ദം താലത്തിൽ നിലയ്ക്കുന്നു

0

മത്തായി 14:5 “അവനെ (യോഹന്നാൻ സ്നാപകനെ) കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.”

യോഹന്നാൻ സ്നാപകൻ ശിരച്ഛേദം ചെയ്യപ്പെടുന്നു (14:1-12), അഞ്ചപ്പവും രണ്ടു മീനും കൊണ്ട് ആയ്യായിരത്തില്പരം ആളുകൾ പോഷിപ്പിക്കപ്പെടുന്നു (14:13-21), യേശുവും പത്രോസും വെള്ളത്തിൻമേൽ നടക്കുന്നു (14:22-33), ഗന്നേസരെത്ത് ദേശത്തു നടന്ന അത്ഭുതങ്ങൾ (14:34-36) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ബി സി 4 മുതൽ എ ഡി 39 വരെ ഭരണം നടത്തിയിരുന്ന റോമൻ പ്രവിശ്യാ ഭരണാധികാരി ആയിരുന്നു ഹെരോദാവ്. റോമാ ചക്രവർത്തി ആയിരുന്ന മഹാനായ ഹെരോദാവിന്റെ മകനും അർക്കലായോസിന്റെ സഹോദരനുമായിരുന്നു ഇടപ്രഭുവായ ഹെരോദാവ് അന്തിപ്പാസ്. ‘ടെട്രാർക്ക്’ എന്ന ഗ്രീക്കു പദത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ‘ഇടപ്രഭു’ എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. ‘ടെട്രാർക്ക്’ എന്ന വാക്കു തന്നെ ആംഗലേയ ഭാഷയിലും ഉപയോഗിച്ചിരിക്കുന്നു. ഈ വാക്കിനു ഒരു പ്രദേശത്തിന്റെയോ പ്രവിശ്യയുടേയോ നാലിലൊന്നിന്റെ അധികാരി എന്നാണർത്ഥം. ഹെരോദാവിന്റെ അർദ്ധ സഹോദരനായ ഫിലിപ്പിന്റെ മുൻഭാര്യ ഹെരോദ്യയുമായി താൻ നടത്തി വന്നിരുന്ന അവിതബന്ധം യോഹന്നാൻ സ്നാപകൻ ഹെറോദാവിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും തെറ്റിനെതിരെ വിരൽചൂണ്ടൽ നടത്തുകയും ചെയ്തു. അതിൽ ക്ഷുഭിതനായിട്ടാണ് യോഹന്നാൻ സ്നാപകൻ തടവിലാക്കപ്പെടുന്നത്. കൊന്നുകളയുവാൻ അധികാരവും താത്പര്യവും ഉണ്ടായിരുന്നെങ്കിലും യോഹന്നാന്റെ ജനപ്രീതി അതിനു തടസ്സമായി നിലകൊണ്ടു. അത്തരമൊരു അവസരത്തിൽ ഹെരോദാവിന്റെ ജനനദിനത്തിൽ ഹെരോദ്യയുടെ മകൾ രാജസമക്ഷം നൃത്തരംഗ തീർക്കുകയും അവളിൽ സംപ്രീതനായ ഹെരോദാവ് അവൾക്കുള്ള പാരിതോഷികം വാഗ്ദാനം ചെയ്യുകയും ചെയ്തു! അവളുടെ അമ്മ ഹെരോദ്യയുടെ ആവശ്യപ്രകാരം യോഹന്നാൻ സ്നാപകന്റെ തല താലത്തിൽ അവളുടെ കരങ്ങളിൽ ലഭിക്കുകയും അവൾ അത് അവളുടെ അമ്മയ്ക്കു കൊടുക്കുകയും ചെയ്തു. അങ്ങനെ നീതിയുടെ ശബ്ദം അവിടെ നിലച്ചുപോയി! ഒരു വലിയ ചരിത്രപുരുഷന്റെ തല ഒരു ആഭാസനൃത്തത്തിന്റെ പാരിതോഷികമായി താലത്തിൽ ശേഖരിക്കപ്പെട്ടെങ്കിലും താൻ ഉയർത്തിയ ദൈവരാജ്യത്തിന്റെ സുവിശേഷം യേശുവിലൂടെയും തന്റെ ശിക്ഷ്യന്മാരിലൂടെയും അനർഗ്ഗളം പ്രവഹിച്ചു എന്നു കുറിയ്ക്കുന്നതാണെനിക്കിഷ്ടം!

പ്രിയരേ, നീതിയുടെ ശബ്ദത്തിനു താലത്തിൽ പരിസമാപ്തി സംഭവിക്കാം! പക്ഷേ അതിന്റെ പ്രതിധ്വനികൾ അടങ്ങാത്ത അലയടികളായി ചരിത്രത്തിന്റെ ചക്രവാളങ്ങളിൽ എന്നും മുഴങ്ങുക തന്നെ ചെയ്യും. ആകയാൽ നീതിയ്ക്കു വേണ്ടിയുള്ള വിരൽചൂണ്ടലുകളും ശബ്ദമുയർത്തലുകളും ജീവനുള്ള കാലത്തോളം നിർവിഘ്നം തുടരട്ടെ! അതിന്റെ അലയടികൾ മാറിമറിയുന്ന തലമുറകളിൽ കൃത്യമായ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like