പ്രതിദിന ചിന്ത | മാനുഷിക സമ്പ്രദായങ്ങളുടെ പൊയ്മുഖങ്ങൾ

0

മത്തായി 15:3 “അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?”

മാനുഷിക സമ്പ്രദായങ്ങളോടുള്ള യേശുവിന്റെ നിലപാട് (15:1-9), അശുദ്ധിയുടെ ശരിയായ നിർവ്വചനം (15:10-20), കനാന്യ സ്ത്രീയുടെ മകൾ സൗഖ്യമാകുന്നു (15:21-28), ഏഴപ്പവും കുറച്ചു ചെറുമീനുകളുമായി നാലായിരത്തോളം ആളുകൾ പോഷിപ്പിക്കപ്പെടുന്നു (15:29-39) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെരുശലേമിൽ നിന്നു വന്ന പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ ശിക്ഷ്യന്മാർ ഭക്ഷണം കഴിക്കുന്നതിന്റെ പ്രാരംഭ നടപടിയായി കൈകഴുകുന്നില്ല എന്ന കാരണം ചൂണ്ടി കാട്ടി യേശുവുമായി ഏറ്റുമുട്ടുന്നതിന്റെ ചിത്രമാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ ഒരു വായന. പൂർവ്വന്മാരുടെ അഥവാ പിതാക്കന്മാരുടെ സമ്പ്രദായം അനുസരിച്ചു ഭക്ഷണത്തിനു മുമ്പ് കൈകൾ കഴുകുക നിർബന്ധമായിരുന്നു. എന്നാൽ എഴുതപ്പെട്ട മോശയുടെ പ്രമാണത്തിൽ ഇത്തരമൊരു നിർബന്ധം വായിക്കുന്നില്ല (ലേവ്യാ. 22:1-16). കാപട്യത്തിന്റെ വക്താക്കളായി തന്റെ മുമ്പിൽ നിൽക്കുന്നവരോട് ഉത്തരം പറയുന്നതിനു പകരം, പരീശപക്ഷത്തിന്റെ അനുവാദത്തോടെ സമ്പ്രദായമാക്കി മാറ്റിയ കാതലായ കല്പനാ ലംഘനത്തിനെതിരെ യേശു വിരൽചൂണ്ടുന്നു. അതായത്, “അപ്പനെയും അമ്മയെയും ബഹുമാനിക്ക” (പുറ. 20:12) എന്നും “തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണ ശിക്ഷ അനുഭവിക്കേണം” (പുറ. 21:17) എന്നും മൗലിക കല്പന നിലനിൽക്കെ, “നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു” (15:5,6) എന്ന വസ്തുത യേശു ചൂണ്ടികാണിക്കുന്നു. അപ്പനെയും അമ്മയെയും ബഹുമാനിക്കുവാനുള്ള അടിസ്ഥാന കല്പനയെ മൂടിക്കളയുവാൻ ഉതകുന്ന മാനുഷിക സമ്പ്രദായത്തിന്റെ രൂപകൽപ്പന പരീശപക്ഷത്തിന്റെ ഒത്താശയോടെ നടത്തപ്പെട്ടിരുന്നു. അതായതു, ഒരുവൻ തനിക്കുള്ളതെല്ലാം ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു അഥവാ ‘വഴിപാടു’ എന്നർത്ഥമുള്ള ‘കൊർബാൻ’ (ഒ.നോ. മർക്കോ. 7:11) എന്നു പ്രസ്താവിച്ചാൽ മാതാപിതാക്കന്മാർക്കു കടപ്പെട്ടതു ചെയ്യാതിരിക്കുവാനുള്ള അനുവദനീയമായ ഒഴിവുകൽപ്പിക്കലായി പരിഗണിക്കപ്പെട്ടിരുന്നു. ന്യായപ്രമാണത്തിന്റെ കൃത്യമായ അതിലംഘനം മൂടിവച്ചുകൊണ്ടു കടപ്പാടുകളിൽ നിന്നും ഓടിയൊളിക്കുവാനും അതിലുപരി ലാഭകരമായ പരിസരങ്ങളുടെ ഗുണഭോക്താക്കളാകുവാനും സമ്പ്രദായങ്ങളെ തങ്ങൾക്കനുകൂലമാക്കി തിരുത്തിയെഴുതിയ കാപട്യം യേശു തുറന്നു കാട്ടുന്നു ഇവിടെ.

പ്രിയരേ, സമ്പ്രദായങ്ങളെകാൾ മൗലികതയ്ക്കു പ്രാധാന്യം കല്പിക്കുന്നതാണ് ദൈവേച്ഛയെന്ന യേശുവിന്റെ പഠിപ്പിക്കൽ എത്രയോ ശ്രേഷ്ഠമായ അനുക്രമമാണ്! കപടതകളിലൂന്നിയുള്ള സമ്പ്രദായങ്ങളെ പരിഗ്രഹിക്കാതെ വസ്തുനിഷ്ഠമായ ദൈവിക പ്രമാണത്തിനായി സമർപ്പിതരാകുന്നതാണ് കരണീയം എന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like