പ്രതിദിന ചിന്ത | അനുദിനം നിറയുന്ന ദൈവസാന്നിധ്യം

0

മത്തായി 17:4 “അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.”

യേശു രൂപാന്തരപ്പെടുന്നു (17:1-13), ഒരു ചന്ദ്രരോഗിയെ യേശു സൗഖ്യമാക്കുന്നു (17:14-21), തന്റെ മരണം സംബന്ധിച്ച മുന്നറിയിപ്പ് (17:22-23), അത്ഭുതകരമായ നികുതിയടയ്ക്കൽ (17:24-27) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ ശിക്ഷ്യവൃന്ദത്തിന്റെ ആന്തരിക വൃത്തമാണ് പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ ത്രയങ്ങൾ. യേശുവിന്റെ ശുശ്രൂഷാ കാലയളവിൽ നിർണ്ണായകമായ പല സന്ദർഭങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ ഭാഗ്യം സിദ്ധിച്ച ഈ മൂവർ സംഘം യേശുവിന്റെ ഏറ്റവും അടുത്ത വൃത്തം തന്നേ ആയിരുന്നു. യേശു ശിക്ഷ്യത്രയങ്ങളുമായി പോയ “ഉയർന്ന ഒരു മല” ഏതായിരുന്നു എന്ന കാര്യത്തിൽ സംശയം ഇന്നുമുണ്ട്. താബോർ മലയോ ഹെർമ്മോൻ പർവ്വതമോ ആയിരിക്കാം ഇതെന്ന അഭിപ്രായങ്ങൾ വേദപഠിതാക്കളുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. മർക്കോ. 9:2-8; ലൂക്കോ. 9:28-36 എന്നീ തിരുവെഴുത്തുകളിലും ഈ സംഭവം സമാന്തരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മലയുടെ മുകളിൽ എത്തിയ യേശുകർത്താവ് തികച്ചും അസാധാരണമായ ഒരു നിർണ്ണായക അനുക്രമത്തിന്റെ ആവിഷ്കരണമാണ് പദ്ധതിയിട്ടിരുന്നത്. ശിക്ഷ്യന്മാരുടെ മുമ്പാകെ യേശു രൂപാന്തരപ്പെട്ടു. സൂര്യനെപ്പോലെ യേശുവിന്റെ മുഖം പ്രകാശിക്കുവാൻ തുടങ്ങി. അവിടുത്തെ വസ്ത്രം വെളിച്ചം പോലെ വെണ്മയായി തീർന്നു. “ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി” എന്നാണു മർക്കോസ് (9:3) രേഖപ്പെടുത്തുന്നത്. മോശയും ഏലിയാവും യേശുവുമായി സംഭാഷിക്കുന്ന ദൃശ്യത്തിനും ശിക്ഷ്യന്മാർ സാക്ഷ്യം വഹിച്ചു. യേശു വിവരിച്ചു പറഞ്ഞ സ്വർഗ്ഗരാജ്യത്തിന്റെ പരിച്ഛേദം ശിക്ഷ്യന്മാരുടെ മുമ്പിൽ അനാവരണം ചെയ്യുന്ന സംഭവമായി ഇതിനെ കാണുന്നതാണെനിക്കിഷ്ടം! ത്രിയേകദൈവ സാന്നിധ്യവും, പഴയനിയമ വിശുദ്ധന്മാരുടെ പ്രതിനിധികളായ മോശയും ഏലിയാവും പുതിയ നിയമ സഭയുടെ പ്രതിനിധികളായ ശിക്ഷ്യന്മാരും ഒരേപോലെ സംഗമിച്ച ആ മലമുകളിൽ നിന്നും ഇറങ്ങിപ്പോരുവാൻ മനസ്സില്ലാതിരുന്ന ശിക്ഷ്യന്മാർ കുടിലുകെട്ടി അവിടെ തന്നേ പാർക്കുവാൻ താത്പര്യപ്പെട്ടതിൽ അത്ഭുതമുണ്ടോ!

പ്രിയരേ, ദൈവസാന്നിധ്യം ഇറങ്ങി സംഗമിക്കുന്നിടം ഭക്തന്റെ ആനന്ദപൂർണ്ണതയാണ്. അവിടെ നിന്നും വേർപെട്ടിരിക്കുവാൻ ഒരുവാനാകില്ല തന്നേ! മലമുകളിലെ അനുഭവം വ്യക്തിപരമായ ജീവിതത്തിൽ നാൾതോറും പ്രാപിക്കുവാൻ ഉതകുന്ന പരിസരമല്ലേ പരിശുദ്ധാത്മാവിനാൽ പുതിയനിയമ വിശ്വാസികളായ നമുക്ക് സംജാതമാക്കി തന്നിട്ടുള്ളത്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like