പ്രതിദിന ചിന്ത | പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള അന്തരം

0

മത്തായി 23:3 “ആകയാൽ അവർ (ശാസ്ത്രിമാരും പരീശന്മാരും) നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.”

ശാസ്ത്രിമാരെയും പരീശന്മാരെയും സംബന്ധിച്ച് ശിക്ഷ്യന്മാരോട് യേശുവിന്റെ ബുദ്ധിയുപദേശം (23:1-12), പരീശന്മാർക്കെതിരെയുള്ള കുറ്റപത്രം (23:13-33), യെരുശലേമിനെതിരായ കുറ്റപത്രം (23:34-39) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

മുൻ അദ്ധ്യായത്തിൽ യേശുവിനെതിരായി സംഘടിച്ച ശാസ്ത്രിമാരെയും പരീശന്മാരെയും സംബന്ധിച്ച് കാര്യസാരമായ ചില നിർദ്ദേശങ്ങൾ തന്റെ ശിക്ഷ്യന്മാരെ ധരിപ്പിക്കുന്നതിന്റെ വായനയാണ് ഈ അദ്ധ്യായം. യഹൂദാ മതത്തിന്റെ നേതാക്കന്മാരായ ശാസ്ത്രിമാരെയും പരീശന്മാരെയും “കപടഭക്തിക്കാർ” എന്നു അഭിസംബോധന ചെയ്യുവാൻ യേശു അമാന്തിക്കുന്നില്ല. അതാകട്ടെ, എട്ടുപ്രാവശ്യം ഈ അദ്ധ്യായത്തിൽ “ഹാ കഷ്ടം” എന്ന പരിഹാസദ്യോതക പ്രയോഗത്തിന്റെ അകമ്പടിയോടെ ആവർത്തിക്കുന്നു താനും. ഭക്തിയുടെ മറവിൽ സമർത്ഥമായി അവർ വിറ്റഴിക്കുന്ന കാപട്യങ്ങൾ ലേശവും ശങ്കയെന്യേ യേശു പൊളിച്ചുകാട്ടുന്നു. പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പഠിപ്പിക്കുന്ന പ്രമാണങ്ങൾ അനുകരണീയമാണെന്ന് യേശു സമ്മതിക്കുന്നു. കാരണം ന്യായപ്രമാണ പാലനം യഹൂദനെ സംബന്ധിച്ച് അനിവാര്യമാണ്. എന്നാൽ അവരുടെ പ്രവൃത്തികൾ അനുകരണീയമല്ല. കാരണം, അവരുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ യോജ്യത പൊടി പോലുമില്ല എന്നതു തന്നെ! അതായത് വാക്കുകളും ചെയ്തികളും തമ്മിലുള്ള അന്തരം ലോകസമക്ഷം സുവിദിതമാണെന്നു സാരം. മതത്തിന്റെ കാവലാളുകളായി സ്വയം അവരോധിക്കപ്പെട്ടിട്ടുള്ള പരീശപക്ഷം തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാനും നിലനിർത്തുവാനും പെടുന്ന പാടുകൾ യേശു അക്കമിട്ടു നിരത്തുന്നു (23:4-7). അത്തരം വൈരുധ്യങ്ങളിൽ നിന്നുള്ള അകലം തന്റെ ശിക്ഷ്യന്മാർ നിർബന്ധമായും പാലിക്കണമെന്ന നിർദ്ദേശവും (23:8-12) യേശു വ്യക്തമാക്കുന്നു. സ്ഥാനമോഹവും അവിഹിത ആർജ്ജിത ബഹുമാനവും ശിക്ഷ്യന്മാർ പിന്തുടരുതെന്ന യേശുവിന്റെ നിർദ്ദേശത്തിന് മാറ്റേറെയുണ്ട്. ക്രിസ്തുവിന്റെ ഗുരുസ്ഥാനവും നായകസ്ഥാനവും സ്വർഗ്ഗസ്ഥന്റെ പിതൃസ്ഥാനവും കൈയ്യേറുന്ന മനോവൈകല്യം പ്രോത്സാഹജനകമല്ല. മാത്രമല്ല, ഏറ്റവും വലിയവൻ എന്നു കരുതപ്പെടുന്നവൻ ശുശ്രൂഷകൻ ആകണമെന്ന പുതിയ സമവാക്യവും യേശു തന്റെ ശിക്ഷ്യന്മാരുമായി പങ്കിടുന്നു. കാരണം “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” (23:12) എന്നതു തന്നെ!

പ്രിയരേ, ദൈവകല്പനകൾ പ്രസംഗിക്കുവാൻ ഉള്ളതല്ല; പ്രയോഗികമാക്കുവാനുള്ളതാണ് എന്ന ലളിതമായ സമവാക്യം ഈ അദ്ധ്യായത്തിന്റെ സമഗ്രമായ ചൂണ്ടിക്കാട്ടലാണ്. പരീശന്മാരെയും ശാസ്ത്രിമാരെയും പരസ്യമായ ചൂണ്ടുപലകയാക്കി യേശു തെളിയിച്ചു തന്ന വസ്തുതകൾ വർത്തമാനകാല പരിസരങ്ങളിലും ഉയർന്നു നിൽക്കുന്ന ദിശാസൂചിയായി തിരിച്ചറിയുന്നതല്ലേ യുക്തം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like