വീട് നിർമ്മാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം; ബന്ധുവായ പാസ്റ്റർക്ക് ഗുരുതര പരിക്ക്

0

പത്തനംതിട്ട : സ്വന്തം പുരയിടത്തിൽ വീട് നിര്‍മാണത്തിന് മുന്നോടിയായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മ മരിച്ചു. ബന്ധുവിന് ഗുരുതര പരിക്കേറ്റു. തിരുവല്ല കടപ്ര 15-ാം വാര്‍ഡില്‍ വളഞ്ഞവട്ടം തുമ്മംതറ പുത്തന്‍ വീട്ടില്‍ ശ്രീമതി ലീലാമ്മ വര്‍ഗീസാണ് (56 വയസ്സ്) മരണമടഞ്ഞത്. ഫെബ്രുവരി 1 ബുധനാഴ്ച വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം. സഹോദരി ഭര്‍ത്താവ് കൂടല്‍ ഗ്രേസ് വില്ലയില്‍ പാസ്റ്റര്‍ തോമസ് സാമുവലിന് (68 വയസ്സ്) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ലീലാമ്മയുടെ പുതിയ വീടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരിനോട് ചേര്‍ന്ന് നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് പനമരം ഇരുവരുടെയും ദേഹത്തേക്ക് വീണത്. ജെ സി ബി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതു മാറ്റിയത്. എതിര്‍ഭാഗത്തേക്ക് മരം പിഴുതു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ദിശ തെറ്റി മരം അപ്രതീക്ഷിതമായി ലീലാമ്മയും തോമസും നിന്നിരുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. പാസ്റ്റര്‍ തോമസ് സാമുവലിന് നട്ടെല്ലിനാണ്ഗുരുതര പരുക്ക്. വീട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ലീലാമ്മ ഇരവിപേരൂരിലുള്ള മേരിക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. മരങ്ങള്‍ മുറിച്ച് മാറ്റുന്നത് കാണാനായാണ് ബുധനാഴ്ച്ച ഉച്ചയോടെ ലീലാമ്മ ഇവിടെ എത്തിയത്.

ഭര്‍ത്താവ് റ്റി എം വര്‍ഗീസ് ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസമാണ് അന്തരിച്ചത്. മകന്‍: ഫ്‌ളൈബി വര്‍ഗീസ് (യു കെ). മരുമകള്‍: സ്‌നേഹ.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like