പ്രതിദിന ചിന്ത | നിനയ്ക്കാത്ത നാഴികയിലെ മനുഷ്യപുത്രന്റെ വരവ്
മത്തായി 24:44 “അങ്ങനെ നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.”
യെരുശലേം ദൈവാലയത്തിന്റെ നാശം മുന്നറിയിക്കുന്നു (24:1-2), അന്ത്യകാലശാസ്ത്രപരമായ ശിക്ഷ്യന്മാരുടെ ചോദ്യവും അതിന്റെ വ്യക്തമായ ഉത്തരവും (24:3-28), യേശുവിന്റെ രണ്ടാം വരവിന്റെ അടയാളം (24:29-31), അത്തിമരത്തിന്റെ ഉപമ (24:32-35), നോഹയുടെ കാലവുമായി യേശുവിന്റെ വരവിന്റെ നാളുകളുടെ തുലനപ്പെടുത്തൽ (24:36-39), വിഭജിക്കപ്പെടുന്ന മനുഷ്യവർഗ്ഗം (24:40-41), കള്ളനെ പ്രതിരോധിക്കുന്ന വീട്ടുടയവന്റെ കാത്തിരിപ്പ് എന്ന ദൃഷ്ടാന്തം (24:42-44), ബുദ്ധിമാനായ ദാസന്റെ ദൃഷ്ടാന്തം (24:45-51) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യെരുശലേം ദൈവാലയത്തിൽ ചെലവിട്ട സംഭവബഹുലമായ സമയത്തിന്റെ അടയാളപ്പെടുത്തലായിരുന്നല്ലോ പിന്നിട്ട അദ്ധ്യായത്തിന്റെ ഉള്ളടക്കം. അതിനനുബന്ധമായി വേണം ഈ അദ്ധ്യായത്തിന്റെ വായന തുടരുവാൻ. ദൈവാലയം വിട്ടു മടങ്ങുന്ന യേശു യെരുശലേമിന്റെ ‘നാളെയെ’ സംബന്ധിച്ച് ഏറെ ചിന്താകുലനായിരുന്നു എന്നാണു ഞാൻ കരുതുന്നത്. അതിന്റെ പ്രതികരണമാണ് ശിക്ഷ്യന്മാരുടെ ചോദ്യത്തോടുള്ള യേശുവിന്റെ പ്രതികരണത്തിൽ വ്യക്തമാകുന്നത്. ദൈവാലയത്തിന്റെ പണിയും അതിന്റെ മനോഹാരിതയും മഹത്വവും തങ്ങളുടെ ഗുരുവിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ ശിക്ഷ്യന്മാർ ഏറെ ഉത്സുകരായിരുന്നു. ബി സി 19 ൽ പുനർനിർമാണം ആരംഭിച്ച ഈ ദൈവാലയം 80 വർഷത്തിലേറെ സമയം കൊണ്ട് എ.ഡി. 63-ൽ മാത്രമാണ് പൂർത്തിയാക്കിയത്. അതായതു, നശിപ്പിക്കപ്പെടുന്നതിന് ഏഴ് വർഷം മുമ്പ് മാത്രമാണ് ആലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്നു സാരം. അത്രയും ബൃഹത്തായ ആലയത്തിന്റെ നിർമ്മാണം ആശ്ചര്യപരതന്ത്രരായി ശിക്ഷ്യന്മാർ വിവരിച്ചു തുടങ്ങവേ, യേശുവിന്റെ പ്രതികരണം നിസ്സംഗതാപൂർവ്വമായിരുന്നു എന്നാണു എന്റെ അഭിപ്രായം. “അവൻ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” (മത്താ. 24:2) എന്ന വാക്കുകൾ അതിനു തെളിവായി കരുതാം. പത്തു മുതൽ പന്ത്രണ്ടു അടി വരെ വലിപ്പമുള്ള വലിയ കല്ലുകളാൽ നിർമ്മിതമായ ഈ ആലയത്തിന്റെ ഉന്മൂലനാശത്തിനു അധികം കാലവിളംബമില്ലെന്ന യേശുവിന്റെ പ്രഖ്യാപനം അനുബന്ധമായ ചില സംശയങ്ങളുടെ നിവാരണത്തിനും വിശകലനങ്ങളുടെ ആരായലിനും ശിക്ഷ്യന്മാരെ പ്രേരിപ്പിച്ചു. അന്ത്യകാല സംബന്ധിയായ വളരെ വ്യക്തമായ വർത്തമാനങ്ങൾ യേശു തന്റെ ശിക്ഷ്യന്മാരുമായി പങ്കിടുവാൻ ഈ അവസരം നന്നായി വിനിയോഗിച്ചെന്നു കരുതുന്നതാണെനിക്കിഷ്ടം!
പ്രിയരേ, യേശു തന്റെ ശിക്ഷ്യന്മാരുമായി പങ്കിട്ട യുഗപരമായ സംഭവങ്ങളുടെ സൂചനകൾ ഏറെ കൃത്യമായി വിലയിരുത്തേണ്ടുന്ന ആത്മീക മൂല്യങ്ങളുടെ കലവറ തന്നെയാണ്. അവിടുത്തെ രണ്ടാം വരവിന്റെ അടയാളങ്ങളും അനന്തര സംഭവങ്ങളും നമ്മുടെ പ്രത്യാശയുടെ പൂർത്തീകരണത്തിനുള്ള ഉറപ്പല്ലാതെ മറ്റെന്താണ്! ആകയാൽ നാം നിനയ്ക്കാത്ത നാഴികയിൽ വരുന്ന മനുഷ്യപുത്രനെ എതിരേൽക്കുവാൻ സദാ ജാഗരൂകരായിരിക്കുവാൻ ഈ പദവിന്യാസത്തിലൂടെ ആഹ്വാനം ചെയ്യുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.