പ്രതിദിന ചിന്ത | മരണത്തെ ജയിച്ച പുനരുത്ഥാനം

0

മത്തായി 28:5,6 “ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ.”

യേശുവിന്റെ പുനരുത്ഥാനവും ആദ്യ പ്രത്യക്ഷതയും (28:1-10), ചരിത്രത്തെ മായ്ചുകളയുവാനുള്ള ഗൂഢാലോചന (28:11-14), ശിക്ഷ്യന്മാർക്കുള്ള മഹാനിയോഗം (28:15-20) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ശബ്ബത്തിന്റെ വിശ്രമം കഴിഞ്ഞ അടുത്ത ദിവസം അഥവാ ഞായറാഴ്ച പ്രഭാതത്തിൽ നടന്ന അനിതരസാധാരണമായ ചരിത്ര സംഭവങ്ങളുടെ അടയാളപ്പെടുത്തലാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായന. “മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും’ (28:1) എന്ന സൂചന “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” (27:56) എന്ന പരാമർശവുമായി ഒത്തുനോക്കിയാലും! യേശുവിന്റെ ഉയിർപ്പ് യാതൊരു കാരണവശാലും സംഭവിക്കുവാൻ പാടില്ലെന്ന നിർബന്ധബുദ്ധിയുള്ളവർ ആയിരുന്നു റോമാ ഭരണകൂടവും യഹൂദാ മതനേതാക്കന്മാരും. അതിനുതകുന്ന സകല സന്നാഹങ്ങളൂം ഉറപ്പാക്കുവാൻ അവർ കൈകോർത്തു നടത്തിയ ശ്രമങ്ങൾ പിന്നിട്ട അദ്ധ്യായത്തിന്റെ മുഖ്യവായനയാണ്. റോമാ ഭരണകൂടത്തിന്റെ ശക്തന്മാരായ കാവൽക്കൂട്ടത്തെ കല്ലറയ്ക്കു കാവൽ ആക്കി (27:65) എന്നു മാത്രമല്ല കല്ലറയുടെ വായ്ക്കൽ വച്ചിരുന്ന വലിയ കല്ലിനു മുദ്രയിട്ടു ഉയിർപ്പു തടയുന്നത് ഉറപ്പാക്കുവാനും അവർ മറന്നില്ല. എങ്കിലും മൂന്നാം ദിവസം അഥവാ ആഴ്ച്ചയുടെ ഒന്നാം നാൾ പ്രഭാതത്തിൽ യേശുവിന്റെ ഉയിർപ്പു താൻ മുമ്പേ പറഞ്ഞതു പോലെ (മത്താ. 16:21; 17:23; 20:19) സംഭവിച്ചു. ഉയിർപ്പിന്റെ ആഘാതം ഏല്പിച്ച ഇളിഭ്യത മറയ്ക്കുവാനുള്ള മതരാഷ്ട്രീയ അവിശുദ്ധകൂട്ടുകെട്ടുകളുടെ തുടരുന്ന ഗൂഡാലോചന യേശുവിന്റെ ശരീരം ശിക്ഷ്യന്മാർ മോഷ്ടിച്ചെന്ന (28:11-15) നുണപ്രചരണം പരത്തുവാൻ തുടങ്ങി. എങ്കിലും മരണത്തെ ജയിച്ചവൻ അവിടുത്തെ അരുമ ശിക്ഷ്യന്മാർക്കു പ്രത്യക്ഷനാകുകയും അവരെ ലോകത്തിന്റെ സമസ്ത കോണുകളിലേക്കും സുവിശേഷത്തിന്റെ വാഹകരായി അയക്കുകയും ചെയ്തു. സകല ജാതികളോടുമുള്ള ദൈവസ്നേഹത്തിന്റെ പ്രകടനം സുവിശേഷത്തിന്റെ പ്രസംഗത്തിലൂടെ വിളംബരം ചെയ്യുവാൻ ശിക്ഷ്യന്മാരെ നിയോഗിച്ചതും അവിടുത്തെ പുനരുത്ഥാനത്തിന്റെ അനിഷേധ്യമായ തെളിവായി അടയാളപ്പെടുത്താം.

പ്രിയരേ, യേശുവിനെ അടക്കിവയ്ക്കുവാൻ മരണത്തിനു സാധിച്ചില്ല. കല്ലറയെ ഭേദിച്ചു പുറത്തുവന്നവൻ ലോകരക്ഷയുടെ സന്ദേശം പ്രസംഗിക്കുവാൻ തന്റെ ശിക്ഷ്യന്മാരെ ലോകത്തിന്റെ അറ്റത്തോളം അയച്ചു. ഒപ്പം ലോകാവസാനത്തോളം കൂടെയുണ്ടെന്നുള്ള (28:20) വാഗ്ദത്തവും ഉറപ്പാക്കുന്ന ഇരുപത്തെട്ടു (28) അദ്ധ്യായങ്ങളും ആയിരത്തിഎഴുപത്തൊന്നു (1071) വാക്യങ്ങളുമടങ്ങിയ പുതിയ നിയമത്തിലെ ഒന്നാമത്തെ പുസ്തകവും തിരുവെഴുത്തുകളിലെ നാല്പതാമത്തെ പുസ്തകവുമായ മത്തായിയുടെ സുവിശേഷത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like