പെന്തെക്കോസ്തു മിഷൻ കൊട്ടാരക്കര കൺവൻഷന് അനുഗ്രഹീത തുടക്കം
കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ വിശ്വാസികൾ അണിനിരന്ന സുവിശേഷവിളംബരറാലി പെന്തെക്കോസ്തുമിഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നതോടെ 89-ാമതു കൊട്ടാരക്കര അന്തർദേശീയ കൺവൻഷനു ഇന്നലെ വൈകുന്നേരം തുടക്കമായി. കൊട്ടാരക്കര സെന്റർ പാസ്റ്റർ എം. ജോസഫുകുട്ടിയുടെ പ്രാർഥനയോടെ ആരംഭിച്ച റാലിയിൽ പ്ലാക്കാർഡുകളേന്തി, വേദവാക്യം വിളിച്ചുപറഞ്ഞും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാട്ടുകൾപാടിയും ആയിരക്കണക്കിനു വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു. റാലി നഗരത്തെ അക്ഷരാർഥത്തിൽ ഭക്തസാഗരമാക്കി.
പ്രഥമ യോഗത്തിൽ പെന്തെക്കോസ്തു മിഷൻ വിജയവാഡ സെന്റർപാസ്റ്റർ പി. ജി. തോമസ് പ്രസംഗിച്ചു. യുദ്ധം, തീവ്രവാദം, ആത്മഹത്യ, വിവാഹമോചനം തുടങ്ങിയ സാമൂഹികതിന്മകളിലൂടെ സാത്താൻ ലോകജനതയെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ക്രിസ്തുവിനെ നോക്കുന്നതിലൂടെയേ അതിൽനിന്നു വിടുതൽ പ്രാപിക്കാനാകൂ എന്നു അദ്ദേഹം സ്താവിച്ചു. മരുഭൂമിയിലൂടെ യാത്രചെയ്ത പഴയനിയമദൈവജനം അഗ്നിസർപ്പത്തിന്റെ കടിയേറ്റു മരണമടയുന്ന സാഹചര്യത്തിൽ മോശെ കൊടിമരത്തിൽ ഉയർത്തിയ താമ്രസർപ്പത്തെ നോക്കിയവർ രക്ഷപ്രാപിച്ചു. പഴയ പാമ്പായ സാത്താന്റെ പാപവിഷബാധയേറ്റു ആത്മികമരണം സംഭവിക്കുന്ന ജനസഹസ്രങ്ങൾക്കു രക്ഷയ്ക്കുള്ള മാർഗം ഉയർത്തപ്പെടുന്ന മനുഷ്യപുത്രനെ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ് ആമുഖപ്രസംഗം നടത്തി. ഇത്രയും നാൾ സഭ നിലനിന്നതു ദൈവിക കരുതലിന്റെ സാക്ഷ്യമാണെന്നും പ്രതിസന്ധികളെ തരണംചെയ്തു മുന്നേറി, കർത്താവിന്റെ വരവിനായി കാത്തിരിക്കാൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്നും അദ്ദേഹം കൺവൻഷൻഗ്രൗണ്ടിൽ തടിച്ചുകൂടിയ വിശ്വാസജനതയെ ഓർപ്പിച്ചു.
എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസ് പ്രാരംഭപ്രാർഥന നടത്തി. വിവിധ ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങളാലപിച്ചു. ബ്രദർ. ലൂയിസ് ഏബ്രഹാമിന്റെ ( എറണാകുളം) അനുഭവസാക്ഷ്യം കേൾവിക്കാരുടെ ഹൃദയത്തെ ആഴമായി സ്പർശിച്ചു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾക്കു പുറമെ പഞ്ചാബ്, ഹരിയാന, കർണാടക, തമിഴ്‌നാടു തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിശ്വാസികളും ദൈവദാസന്മാരും പ്രഥമ ദിവസം തന്നെ എത്തിച്ചേർന്നിരുന്നു.
ദിവസവും വൈകുന്നേരം 5:45ന് ആരംഭിക്കുന്ന സംഗീതശുശ്രൂഷയ്ക്കും സുവിശേഷ പ്രഭാഷണങ്ങൾക്കും പുറമെ രാവിലെ ഏഴിനു ബൈബിൾ ക്ലാസ്, 9:30 നു പൊതുയോഗം, മൂന്നിനും രാത്രി പത്തിനും ഉണർവുയോഗം എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച മൂന്നിനു യുവജനസമ്മേളവും ഞായറാഴ്ച രാവിലെ ഒൻപതിനു കൊട്ടാരക്കര സെന്ററിനു കീഴിലുള്ള നാല്പതു പ്രാദേശിക സഭകളുടെയും പുനലൂർ സെന്ററിനു കീഴിലുള്ള പതിനഞ്ചു സഭകളുടെയും സംയുക്ത സഭായോഗം ഉണ്ടായിരിക്കും.
മുഖ്യയോഗങ്ങളിൽ സഭയിലെ ചീഫ് പാസ്റ്റർമാരും മുതിർന്ന സെന്റർപാസ്റ്റർമാരും പ്രസംഗിക്കും. സമാപനദിവസം വൈകിട്ട് ദൈവിക രോഗശാന്തിശുശ്രൂഷ ഉണ്ടായിരിക്കും. 13നു രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററികളിൽനിന്നും തമിഴുനാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തൂത്തുക്കുടി, നസ്രേത്ത് എന്നീ സെന്ററുകളിൽനിന്നുള്ള പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗവും ഉണ്ടായിരിക്കും.