പ്രതിദിന ചിന്ത | വരണ്ട കൈയ്യുടെ സൗഖ്യവും പരീശന്മാരുടെ നീരസവും

0

മർക്കോസ് 3:5 “അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൌഖ്യമായി.”

കൈവരണ്ട മനുഷ്യന്റെ സൗഖ്യവും യേശുവിനെ കൊല്ലുവാനുള്ള പരീശന്മാരുടെ ഗൂഡാലോചനയും (3:1-6), ഭൂതങ്ങളുടെ മേൽ യേശുവിന്റെ അധികാരം (3:7-12), പന്ത്രണ്ടു ശിക്ഷ്യന്മാരുടെ വിളി (3:13-21), ബലവാൻ അഥവാ പൈശാചിക ശക്തികൾ പിടിച്ചു കെട്ടപ്പെടുമെന്ന മുന്നറിയിപ്പ് (3:22-30), യേശുവിന്റെ അമ്മയും സഹോദരന്മാരും (3:31-35) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ശബ്ബത്തുനാളിൽ യേശു യഹൂദന്റെ പ്രാർത്ഥനയുടെ സ്ഥലമായ സിനഗോഗിൽ (ചെറിയ പള്ളി) ചെന്നു. വരണ്ട കൈയുള്ള അഥവാ അംഗവൈകല്യം ബാധിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. യേശുവിന്റെ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിച്ചു ന്യായപ്രമാണപരമായ തെറ്റുകൾ ചികഞ്ഞെടുത്തു യേശുവിനെ കുറ്റപ്പെടുത്തുവാൻ സദാജാഗരൂകരായ ഒരുപറ്റം ആളുകൾ എല്ലായിടത്തും എന്നപോലെ അവിടെയും ഉണ്ടായിരുന്നു. അന്നു ശബ്ബത്തുനാൾ ആയിരുന്നതിനാൽ വരണ്ടകൈയ്യുള്ള മനുഷ്യനെ സൗഖ്യമാക്കുന്നതിലൂടെ ശബ്ബത്തിന്റെ ലംഘനം യേശു നടത്തുമോ എന്നറിയുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ നിരൂപണങ്ങൾ ദൂരത്തുനിന്നും ഗ്രഹിച്ച യേശു (2:8) വരണ്ട കൈയ്യുള്ള മനുഷ്യനോട് “നടുവിൽ എഴുന്നേറ്റു നിൽക്കുക” (3:3) എന്ന് ആവശ്യപ്പെട്ടു. വരണ്ട കൈ യഥാസ്ഥാനത്താക്കുന്നതിനു മുമ്പേ പൊതുസമൂഹത്തോടായി “ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം” എന്നു ചോദിച്ചു. അവരാകട്ടെ, ഉത്തരമൊന്നും പറയാതെ മൗനമായിരുന്നു. അവരുടെ ഹൃദയകാഠിന്യം യേശുവിൽ കോപവും ദുഃഖവും ഉളവാക്കി. യേശു അവനോടു കൈനീട്ടുക എന്നു പറഞ്ഞിട്ട് അവന്റെ വരണ്ട കൈ സൗഖ്യമാക്കി. മരണത്തോടടുത്ത പശ്ചാത്തലത്തിലല്ലാതെ ഒരു രോഗിക്കു വൈദ്യസഹായം നൽകുന്നതു പോലും റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ചു ശബ്ബത്തിൽ വിലക്കപ്പെട്ടിരുന്നു. മാനുഷിക പരിഗണനയ്ക്കു സ്ഥാനം കല്പിക്കാതെയുള്ള അനുഷ്ഠാനങ്ങളൊന്നും തന്നെ പ്രോത്സാഹജനകമല്ലെന്ന അടിസ്ഥാന പാഠമാണ് യേശു ഈ സംഭവത്തിലൂടെ മുമ്പോട്ടു വയ്ക്കുന്നത്.

പ്രിയരേ, ന്യായപ്രമാണത്തിന്റെ അതിരു കടന്ന വ്യാഖ്യാനം പരിഗണനാർഹമായ മാനുഷിക വശങ്ങളെ നിരാകരിക്കുവാൻ മതസംവിധാനങ്ങളെ പ്രേരിപ്പിച്ചു. അതിന്റെ വെളിച്ചത്തിൽ ചവിട്ടി മെതിയ്ക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ പക്ഷത്തായിരുന്നു യേശു എല്ലായ്പ്പോഴും. വരണ്ട കൈയ്യുള്ള മനുഷ്യനെ അത്തരത്തിലുള്ള ഒരു പശ്ചാലത്തിന്റെ പ്രതിനിധിയായി ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like