പ്രതിദിന ചിന്ത | കുടിയാന്മാർ അനിവാര്യമാക്കിയ ന്യായവിധി

0

മർക്കോസ് 12:9 “എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.”

യഹൂദന്റെ പൈതൃകമായ ദൈവനിഷേധം വ്യക്തമാക്കുന്ന ഉപമ (12:1-12), കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിന്നും എന്ന സമവാക്യത്തിന്റെ അവതരണം (12:13-17), പുനരുത്ഥാനം സംബന്ധിച്ച ചോദ്യത്തിന്റെ വ്യക്തമായ വിശദീകരണം (12:18-27), പത്തു കല്പനകളുടെ സംക്ഷിപ്ത സംഗ്രഹം (12:28-34), തന്റെ ദൈവത്വം സംബന്ധിച്ചു യേശുവിന്റെ ചോദ്യം (12:35-37), ശാസ്ത്രിമാർക്കെതിരെയുള്ള മുന്നറിയിപ്പ് (12:38-40), ശ്രീഭണ്ഡാരത്തിൽ തന്റെ ഉപജീവനം മുഴുവനും ഇട്ട ദരിദ്രയായ വിധവ പ്രശംസിക്കപ്പെടുന്നു (12:41-44) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യഹൂദന്റെ ദുശ്ശാഠ്യവും ന്യായപ്രമാണത്തോടുള്ള നിസ്സാരമനോഭാവവും തുറന്നുകാട്ടുന്ന ഒരുപമ അഥവാ രൂപകകഥയാണ് അദ്ധ്യായത്തിന്റെ പ്രാരംഭഭാഗത്തിന്റെ വായന. ജനത്തിന്റെ മനോഭാവത്തോടു ദൈവിക ഇടപെടൽ ഏറെ കഠിനമായിരുന്നു എന്നാണ് ഉപമയുടെ കാര്യസാരം. തോട്ടക്കാരനായ മനുഷ്യൻ ദൈവമാണ്. മുന്തിരിത്തോട്ടം യിസ്രായേലാണ്. കുടിയാന്മാർ യിസ്രായേലിന്റെ പ്രമാണിമാരാണ്. ദാസന്മാർ പഴയനിയമ പ്രവാചകന്മാരും യോഹന്നാൻ സ്നാപകനുമാണ്. കുടിയാന്മാരാൽ കൊലചെയ്യപ്പെട്ട മകൻ യേശുവാണ്. കുടിയാന്മാരുടെ നിഗ്രഹണം ആകട്ടെ, എ ഡി എഴുപതിൽ സംഭവിച്ച യെരുശലേമിന്റെ നാശമാണ്. “ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു” (12:12a) എന്ന പരാമർശത്തിൽ യഹൂദാ മനോഭാവം അധികം വ്യക്തമാകുന്നു. യെശയ്യാവ് 5:1-6; സങ്കീ. 80:8-17 മുതലായ തിരുവെഴുത്തുകളിലും സമാനമായ നിലയിൽ ഈ വസ്തുതാവിവരണം അടയാളപ്പെടുത്തിയിട്ടുള്ളത് ചേർത്തു വായിച്ചാലും. യിസ്രായേൽ എന്ന വംശത്തിന്റെ സ്ഥാപനത്തിലൂടെ ദൈവം ഉന്നമിട്ടതൊന്നും നടക്കാതിരിക്കുന്നതിലെ അതൃപ്തി വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത ഇടപെടലുകളിലൂടെ ദൈവം പ്രകടമാക്കിയിരുന്നു. യിസ്രായേലിനെ സംബന്ധിച്ചുള്ള ദൈവിക പ്രതീക്ഷ അസ്തമിച്ചു പോയ ഒരു ഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് യേശുവിന്റെ ഉപമയുടെ പൊരുൾ. ശരിയുടെ പാതയിൽ ജനത്തെ തിരികെയെത്തിക്കുവാൻ പ്രയത്നം കഴിച്ച യോഹന്നാൻ സ്നാപകൻ ഉൾപ്പെടെയുള്ള സകല പ്രവാചകന്മാരെയും യിസ്രായേൽ നിരസിച്ചു കളഞ്ഞു എന്നുമാത്രമല്ല അവരിൽ ചിലരെ കൊന്നുകളയുവാനായും അവർ തയ്യാറായി. അവസാനം തന്റെ പുത്രനെ അവർ അംഗീകരിക്കുമെന്ന പ്രതീക്ഷയും തച്ചുടച്ചുകൊണ്ടു യേശുവിനെ ക്രൂശിക്കുവാൻ അവർ തയ്യാറായത് യെരുശലേമിന്മേലുള്ള ദൈവിക ന്യായവിധി അനിവാര്യമാക്കി എന്നാണ് ഉപമയിലൂടെ യേശു പറഞ്ഞു വയ്ക്കുന്നത്.

പ്രിയരേ, യേശുവിന്റെ ഉപമയുടെ കാര്യസാരം കുറിക്കുകൊണ്ടപ്പോൾ പോലും മാനസാന്തരത്തിനു തയ്യാറാകാത്ത യിസ്രായേൽ ഉപശാന്തിയിലാത്ത ദൈവിക ന്യായവിധി അനിവാര്യമാക്കി. ആകയാൽ ന്യായവിധിയേക്കാൾ മാനസാന്തരത്തിനു മുൻഗണന കൊടുക്കുന്ന ദൈവപക്ഷത്തോട് ചേർന്നു നിൽക്കുന്നതാണ് കരണീയമെന്നു കുറിച്ചുനിർത്തുവാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like