ഓസ്ട്രേലിയയിൽ സ്വവര്‍ഗ്ഗ ബന്ധത്തിനെതിരെ പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

0

മെൽബൺ: ഓസ്ട്രേലിയയില്‍ സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ പ്രതികരിച്ച പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. എൽജിബിടി സമൂഹത്തെ സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ അപമാനിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് വിശ്വാസിയായ പോലീസ് ഉദ്യോഗസ്ഥൻ ബ്രൂണോ സ്റ്റഫീരിയെ പോലീസ് സേനയിൽ നിന്നും പിരിച്ചുവിട്ടത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നടന്ന സംഭവത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ജോലിസ്ഥലത്ത് എൽജിബിടി വിഭാഗത്തിൽപ്പെടുന്നവർക്ക് സമത്വം നൽകണമെന്ന പ്രചാരണവുമായി വിക്ടോറിയൻ പോലീസ് മുന്നോട്ടു പോകുന്നതിനെതിരെയാണ് ബ്രൂണോ പോസ്റ്റുകളിലൂടെ വിമർശിച്ചത്.

അദ്ദേഹം സാമൂഹ്യ മാധ്യമത്തിലും, പോലീസ് സേനയുടെ സമ്പർക്ക മാധ്യമമായ യാമറിലും ഇട്ട പത്തോളം കമന്റുകളാണ് അന്വേഷണത്തിന്റെ പരിധിയിൽ വന്നത്. വിക്ടോറിയ പോലീസ് വകുപ്പിൽ എൽജിബിടി വിഷയത്തിൽ ഇടുങ്ങിയ ചിന്താഗതി, അസഹിഷ്ണുത, വിഭാഗീയത എന്നിവ ഉണ്ടാകാൻ കാരണക്കാർ ഏതാനും ചില മുതിർന്ന പോലീസുദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, സമൂഹത്തിന്റെ പൊതുവായ നന്മയെക്കാൾ ഉപരി സ്വന്തം താല്പര്യത്തിനാണ് അവർ പ്രാധാന്യം നൽകുന്നതെന്നും പറഞ്ഞു.

അന്വേഷണത്തിനുശേഷം വിക്ടോറിയ പോലീസ് വകുപ്പിന്റെ ഡിസിപ്ലിനറി പാനല്‍ ഉദ്യോഗസ്ഥനെ തിരിച്ചുവിടാനുള്ള തീരുമാനം എടുക്കുകയായിരിന്നു. തീരുമാനത്തിനെതിരെ താൻ അപ്പീൽ പോകുമെന്നും, വിശ്വാസത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അറുപത്തിരണ്ടു വയസ്സുള്ള ബ്രൂണോ സ്റ്റഫീരി ‘ദ ഏജ്’ എന്ന മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഇത്രയും നാൾ നീണ്ട കുറ്റമറ്റ സർവീസിൽ നിന്നും പുറത്താക്കിയതിൽ നിരാശനാണെന്നും എന്നാൽ ക്രൈസ്തവ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സംഘടനയായ ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി സ്റ്റഫീരിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തു എത്തിയിട്ടുണ്ട്. 

2021ൽ ഓസ്ട്രേലിയ ഡേ റദ്ദ് ചെയ്യുകയും, എൽജിബിടി റാലി നടത്താൻ അനുമതി നൽകുകയും ചെയ്ത സർക്കാർ നടപടിയെയും രൂക്ഷമായി വിമർശിച്ച ആളാണ് ബ്രൂണോ സ്റ്റഫീരി. സിഡ്നിയിലെ ഒരു സ്കൂളിൽ എൽജിബിടി സംഘടനയ്ക്ക് അവിടുത്തെ അദ്ധ്യാപക കൂട്ടായ്മയിലുള്ള ഒരാൾ രൂപം നൽകിയപ്പോൾ ഫേസ്ബുക്കിലൂടെ അദ്ദേഹം വിമർശനം ഉയർത്തുകയും, പിന്നീട് ഈ സംഭവത്തിന്റെ പേരിൽ അന്വേഷണ വിധേയനാവുകയും ചെയ്തിട്ടുണ്ട്. അധ്യാപകരുടെ സമാനമായ ചിന്തകൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അപമാനകരമായ തെറ്റാണെന്നാണ് സ്റ്റഫീരി അന്ന് പോസ്റ്റ് ചെയ്തത്.

You might also like