യുദ്ധക്കെടുതിയിൽ യുക്രൈനില്‍ ഇതിനോടകം തകര്‍ക്കപ്പെട്ടത് ദേവാലയങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം കേന്ദ്രങ്ങള്‍
കീവ്: യുക്രൈനിലേക്കുള്ള റഷ്യന്‍ കടന്നു കയറ്റം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അധിനിവേശത്തിന്റെ ഫലമായി രാജ്യത്തെ ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം മത-സാംസ്കാരിക കേന്ദ്രങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഏറ്റവും ചുരുങ്ങിയത് 494 മതസംസ്കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ, കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് 2001-ല്‍ കീവില്‍ സ്ഥാപിതമായ മനുഷ്യാവകാശ സന്നദ്ധ സംഘടനയായ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം’ (ഐ.ആര്‍.എഫ് യുക്രൈന്‍) പറയുന്നത്. ഫെബ്രുവരി ആദ്യവാരത്തില്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍വെച്ച് നടന്ന അന്താരാഷ്ട്ര റിലീജിയസ് ഫ്രീഡം ഉച്ചകോടിയില്‍വെച്ചാണ് ഐ.ആര്‍.എഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
രാജ്യത്തെ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള മത-സാംസ്കാരിക കേന്ദ്രങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്ത് സൈനീക കേന്ദ്രങ്ങളാക്കി മാറ്റിയത് യുക്രൈനിലെ ദേവാലയങ്ങളുടെയും മതപരമായ കെട്ടിടങ്ങളുടെയും തകര്‍ച്ചയുടെ തോത് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. യുക്രൈനിലെ റഷ്യന്‍ അധിനിവേശിത മേഖലകളായ ഡോനെട്സ്കിലേയും ( ചുരുങ്ങിയത് 120), ലുഹാന്‍സ്കിലേയും (എഴുപതിലധികം) ഭൂരിഭാഗം ക്രിസ്ത്യന്‍ ദേവാലയങ്ങളും, യഹൂദ സിനഗോഗുകളും മുസ്ലീം പള്ളികളും തകര്‍ക്കപ്പെട്ടുവെന്നും, കീവ് മേഖലയില്‍ ഇത്തരത്തിലുള്ളവയുടെ തോതു കൂടുതലാണെന്നും (70), ഖേര്‍സണ്‍, ഖാര്‍കിവ് മേഖലകളിലും അന്‍പതിലധികം ആരാധന കേന്ദ്രങ്ങള്‍ വീതം തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ഐ.ആര്‍.എഫ് പറയുന്നു.
കിഴക്കന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. യുക്രൈനില്‍ ഉടനീളമുള്ള മത-സാംസ്കാരിക കേന്ദ്രങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും ഡ്രോണ്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സംഘടന പറയുന്നു. റഷ്യന്‍ സൈന്യം യുക്രൈനിലെ ആരാധന കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് സൈനീക കേന്ദ്രങ്ങളായി ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയ സംഘടന, സാധാരണക്കാരെപ്പോലെ തന്നെ വൈദികരും റഷ്യന്‍ ആക്രമണത്തിനിരയായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ‘സ്റ്റേറ്റ് സര്‍വീസ് ഓഫ് യുക്രൈന്‍ ഫോര്‍ എത്ത്നിക്ക് അഫയേഴ്സ് ആന്‍ഡ് ഫ്രീഡം ഓഫ് കോണ്‍ഷ്യന്‍സ്’ നേരത്തെ പുറത്തുവിട്ട കണക്കുകളിലും സമാനമായ വിവരങ്ങളാണ് ഉണ്ടായിരിന്നത്.