പ്രതിദിന ചിന്ത | ശിശുവായ യേശുവിനെ കണ്ടുമുട്ടിയവർ
ലൂക്കോസ് 2:52 “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.”
യേശുവിന്റെ ജനനവും ആട്ടിടയന്മാരുടെ സന്ദർശനവും (2:1-20), വൃദ്ധരായ ശിമ്യോനും ഹന്നയും യേശുവിനെ കൈകളിലേന്തി ദൈവത്തെ മഹത്വപ്പെടുത്തുന്നു (2:21-38), തന്റെ പിതാവിന്നുള്ളതിൽ ഇരുന്ന യേശു (2:39-52) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
തികച്ചും സാധാരണമായ ഒരു ജനനവും എന്നാൽ അസാധാരണമായ തുടർ സംഭവങ്ങളും നിറഞ്ഞ ഒരു ബാല്യവുമായിരുന്നു യേശുവിന്റേത് എന്നു പഠിയ്ക്കുന്നതാണെനിക്കിഷ്ടം. ബി സി 27 മുതൽ എ ഡി 14 വരെ റോമാ ഗവർണ്ണർ ആയിരുന്നു ഔഗുസ്തോസ് കൈസർ. അതേസമയം കുറേന്യോസ് സുറിയയുടെ ഗവർണ്ണറും ആയിരുന്നു. ഈ കാലഘട്ടത്തിലാണ് ചരിത്രത്തിലേക്കുള്ള യേശുവിന്റെ രംഗപ്രവേശം സംഭവിക്കുന്നത്. നൈരന്തര്യമായ യുദ്ധങ്ങളും അധികാരവടംവലികളും ആഭ്യന്തര കലഹങ്ങളും വരുത്തിയ അസ്ഥിരമായ ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ലോകം മുഴുവനും പേർവഴി ചാർത്തണമെന്ന കൽപ്പന പുറപ്പെടുവിക്കപ്പെടുന്നത്. കാനേഷ്യമാരി അഥവാ ജനസംഖ്യാഗണനം അത്ര നിർബന്ധമാകുവാൻ രാഷ്ട്രീയമായ നിരവധി കാരണങ്ങൾ നിരത്തുവാനുമുണ്ട്. എങ്കിലും ബെത്ലെഹെമിൽ യേശു ജനിക്കണമെന്ന പ്രവചനങ്ങളുടെ (മീഖാ. 5:2) നിവൃത്തീകരണത്തിന്റെ ഭാഗമായി യോസേഫും മറിയയും ബെത്ലെഹേമോളം എത്തുവാൻ ഇത്തരമൊരു കൽപ്പന കൂടിയേ തീരുകയുള്ളായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അരുളപ്പാടുകളുടെ പൂർണ്ണത കൈവരുത്തുവാനായി നിയമനിർമ്മാണവും അനുബന്ധമായ കൽപ്പനകൾ പോലും പുറപ്പെടുവിക്കുവാൻ രാജാക്കന്മാരെ പ്രേരിപ്പിക്കുന്ന ദൈവിക ഇടപെടലുകൾക്കു ചൂണ്ടിക്കാണിക്കാവുന്ന ഏറ്റവും അടുത്ത ഉദാഹരണമാണ് ഈ സംഭവം. സമയത്തിന്റെ പൂർണ്ണതയിൽ യഹൂദ്യയിലെ ബെത്ലെഹെമിൽ ജനിച്ചുവീണ യേശുക്കുഞ്ഞിന് മിഴിയിണകൾ പൂട്ടിയുറങ്ങുവാൻ തക്ക സുരക്ഷിതമായ സ്ഥലമൊന്നും വഴിയമ്പലത്തിൽ പോലും ലഭിച്ചില്ലെന്നുള്ളത് മറ്റൊരു പരമാർത്ഥം! എങ്കിലും പശുത്തൊട്ടിയുടെ പരുക്കൻപ്രതലത്തിൽ ശീലകളിൽ പൊതിഞ്ഞു കിടത്തപ്പെട്ട ആ ശിശുവിനെ, അല്ല, സ്രഷ്ടാവിനെ കൺകുളിർക്കെ കാണുവാൻ മൃഗലോകത്തിനു ഭാഗ്യം ലഭിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത! അവിടെത്തന്നെ സാധാരണക്കാരിൽ സാധാരണക്കാരായ ആട്ടിടയന്മാർക്കും ആ ദിവ്യശിശുവിന്റെ ദർശനസായൂജ്യം കൈവല്യമായി! മാത്രമോ, വൃദ്ധനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ ശിമ്യോൻ ആ പിഞ്ചുബാലകനെ കൈയ്യിലേന്തി നിയോഗസാഫല്യമായി ദൈവത്തെ സ്തുതിച്ചതും (2:25-35) സുമാർ തൊണ്ണൂറ്റിയൊന്നു വയസ്സ് പ്രായമുള്ള ഹന്നാ പ്രവാചകി യേശു എന്ന ശിശുവിനെ ആലയത്തിൽ കണ്ടു സന്തോഷിച്ചതും (2:36-38) യേശുവിന്റെ ജനനത്തിങ്കലെ അസാധാരണമായ കൂടിക്കാഴ്ചകളായി കരുതുന്നതാണെനിക്കിഷ്ടം!
പ്രിയരേ, ജീവിതകാല പ്രവാഹത്തിലെവിടെയെങ്കിലും യേശുവുമായി നടക്കുന്ന കൂടിക്കാഴ്ചകൾ ഒരുവനിൽ വരുത്തുന്ന പരിവർത്തനം സംഗ്രഹിക്കുവാൻ എളിയ പദവിന്യാസം നാളിന്നയോളം നൈപുണ്യം കൈവരിച്ചിട്ടില്ല തന്നേ! അത്രയ്ക്കും ശ്രേഷ്ഠമാണു അവിടുത്തെ സാന്നിധ്യം!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.