പ്രതിദിന ചിന്ത | നയീനിൽ തിരികെ ലഭിച്ച ജീവസ്പന്ദനം

0

ലൂക്കോസ് 7:16 “എല്ലാവർക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.”

ശതാധിപന്റെ വിശ്വാസവും ബാല്യക്കാരന്റെ സൗഖ്യവും (7:1-10), നയീനിലെ വിധവയുടെ മകൻ ഉയിർപ്പിക്കപ്പെടുന്നു (7:11-17), യോഹന്നാൻ സ്നാപനകന്റെ സന്ദേഹത്തോട് യേശുവിന്റെ പ്രതികരണം (7:18-35), പരീശനായ ശിമോന്റെ വീട്ടിലെ പന്തിയിൽ ഒരു സ്ത്രീ യേശുവിന്റെ കാൽ കഴുകുന്നു (7:36-50) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലയളവിൽ മരിച്ചവരിൽ നിന്നും യേശു ഉയിർപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള മൂന്നു പേരിൽ ഒരാളാണ് നയീനിലെ വിധവയുടെ മകൻ. യേശു വളർന്ന നസ്രേത്തിൽ നിന്നും സുമാർ പത്തു മൈൽ തെക്കു-കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പട്ടണമാണ് നയീൻ. വൈധവ്യത്തിന്റെ പ്രഹരമേറ്റ ആ സ്ത്രീയുടെ ഏകമകന്റെ മരണം താങ്ങാവുന്നതിനുമപ്പുറം ആയിരുന്നു എന്നു ന്യായമായി ചിന്തിക്കാം. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി ശ്മശാനത്തിലേക്കുള്ള അന്ത്യയാത്ര ആരംഭിച്ചു. ശവം വഹിക്കുവാനും സാന്ത്വനമോതുവാനും ഓടിയണഞ്ഞ ജനമഹാസാഗരം വിധവയുടെ കരങ്ങളും നന്നായി താങ്ങിയിട്ടുണ്ട്. ഭർത്താവിന്റെ മരണം സംഭവിച്ച നാളുകളിൽ മകന്റെ തണലിൽ ശിഷ്ടകാലം പാർത്തുകൊള്ളാമല്ലോ എന്ന ചിന്ത ഏകിയ ആശ്വാസത്തിന് മകന്റെയും വേർപാടോടെ ആയുസ്സേറെയില്ലാതെ പോയി. ചിന്തകളുടെ വേലിയേറ്റം വർദ്ധിതമാക്കിയ മനഃതാപം ആ വിധവയുടെ നാളെകളുടെ പ്രകാശം ഊതിക്കെടുതി. അടുത്ത നിമിഷങ്ങളിൽ അടുത്തുകൂടിയ ജനസാഗരവും ഓരോരുത്തരോരുത്തരായി താന്താങ്ങളുടെ ഇടങ്ങളിലേക്ക് തിരിഞ്ഞൊഴുകും! ഇനി താനും കൂട്ടിനു തന്റെ ദുഃഖങ്ങളും മാത്രം അവശേഷിക്കുന്ന നാളെകൾ ഓർക്കുവാൻ പോലും സാധ്യമല്ല! പെട്ടെന്നാണ് അതു സംഭവിച്ചത്! മുമ്പേ നടക്കുന്ന ആൾക്കൂട്ടം നിശ്ചലമായി! ശവയാത്രയ്ക്കഭിമുഖമായി നയീൻ പട്ടണത്തിലേക്കു നടന്നടുക്കുന്ന മറ്റൊരു ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്നും ശവമഞ്ചത്തോടടുത്ത ഒരു യഹൂദാമധ്യവയസ്കൻ കരയുന്ന വിധവയോടു, “കരയണ്ട” എന്നു പറയുകയും ശവമഞ്ചത്തിൽ തൊടുകയും ചെയ്തു. കൂടെ, “ബാല്യക്കാരാ എഴുന്നേൽക്കുക എന്നു ഞാൻ നിന്നോട് പറയുന്നു” എന്ന ആജ്ഞയും! ഉടനടി മരിച്ചവൻ എഴുന്നേറ്റു; അവനെ ആ വിധവ തന്റെ മാറോടണച്ചു.

പ്രിയരേ, ആരുമില്ലെന്ന തോന്നൽ ആരെക്കാളും അറിയുന്നത് യേശുവാണ്! ഇന്നലെകളുടെ നഷ്ടങ്ങളും ഇന്നിന്റെ കഷ്ടങ്ങളും നാളെകളുടെ ഇച്ഛാഭംഗങ്ങളും നമ്മെ ഭഗ്നാശരാക്കുവാൻ ആവോളം മതിയായതാണ്! എങ്കിലും ശവമഞ്ചത്തിൽ പരന്നുനിൽക്കുന്ന മരണത്തിന്റെ ഗന്ധവും തണുപ്പും പോലും ജീവന്റെ ചലനമാക്കുവാൻ യേശുവിനാകും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like