പ്രതിദിന ചിന്ത | യേശുവിനോടൊപ്പം നടന്നവരിൽ ചിലർ

0

ലൂക്കോസ് 8:1-3 “അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു. അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.”

യേശുവിന്റെ പരസ്യശുശ്രൂഷയെ പിന്താങ്ങിയവരുടെ സമഗ്ര വിവരണം (8:1-3), വിതക്കാരന്റെ ഉപമ (8:4-21), പടകിൽ ഉറങ്ങിയ യേശു (8:22-25), ഗരസേന്യ ദേശത്തെ ഭൂതഗ്രസ്തന്റെ സൗഖ്യം (8:26-39), യായിറോസിന്റെ മകളുടെ രോഗവിവരം അറിഞ്ഞ യേശു അവളുടെ വീട്ടിലേക്കുള്ള യാത്രയിൽ (8:40-42), പന്ത്രണ്ടു വർഷങ്ങളായി രക്തസ്രാവക്കാരിയായ സ്ത്രീയുടെ സൗഖ്യം (8:43-48), യായിറോസിന്റെ മകളുടെ മരണവും യേശു അവളെ ഉയിർപ്പിക്കുന്നതും (8:49-56) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ ശുശ്രൂഷയിൽ ഒപ്പം നടന്ന ആളുകളുടെ സമഗ്രവിവരണം ലൂക്കോസ് നൽകുന്നത് ശ്രദ്ധേയമാണ്. വിളിക്കപ്പെട്ട പന്ത്രണ്ടു ശിക്ഷ്യന്മാരും രോഗസൗഖ്യം നേടിയ ചില സ്ത്രീകളും ഭൂതഗ്രസിതയിൽ നിന്നും വിടുതൽ പ്രാപിച്ച മഗ്ദലക്കാരി മറിയയും ഹെരോദാവിന്റെ ധനവകുപ്പിന്റെ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്തിരുന്ന കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ആ സമൂഹത്തിന്റെ ഭാഗമായിരുന്നു. യേശുവിനെ സദാ അനുഗമിച്ചിരുന്ന ഇവർ, വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. വിവിധ അവസരങ്ങളിൽ ക്രിസ്തുവുമായി മുഖാമുഖം ആയിത്തീർന്ന ഇവർ പിൽക്കാലത്തു യേശുവിനെ വിട്ടുമാറാതെ അവിടുത്തെ അനുഗമിക്കുവാൻ തയ്യാറായായി. ശൗലിനെ ഭയന്നുള്ള ദാവീദിന്റെ ഓടിപ്പോക്കിൽ തന്നോടൊപ്പം ചേർന്ന ആളുകളുടെ വിവരണം സാന്ദർഭികമായി ഓർമ്മയിൽ സജീവമാകുന്നു. “ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്കു തലവനായിത്തീർന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു” (1 ശമു. 22:2). സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടു പോയ ഒരു വിഭാഗം എക്കാലത്തും ഉണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതായത്, ഉന്നതസ്ഥാനീയരും ഉടച്ചിലിനു വിധേയരാകാത്തവരും കൂടെ പാർക്കുവാനോ കൂടെ പാർപ്പിക്കുവാനോ, സഹകരിക്കുവാനോ സഹകരിപ്പിക്കുവാനോ തയ്യറാകാതെ മാറ്റി നിർത്തുന്ന ഒരു വിഭാഗം! വിവിധ അളവുകോലുകളുടെ (സാമ്പത്തിക അടിത്തറയില്ലായ്മ, ജാതിവൈവിധ്യങ്ങൾ, വിദ്യാഭ്യാസ ന്യൂനതകൾ, മാരകരോഗങ്ങൾ പോലും, എണ്ണിയാൽ ഇനിയുമുണ്ട്) അളവോളം എത്തുവാൻ കഴിയാതെ പോകുന്ന സഹജീവികളെ മാനുഷിക മിനിമം പരിഗണനയ്ക്കു പോലും വിധേയമാക്കാത്ത (അ)പരിഷ്കാരം ദൈവികമല്ലെന്ന പാഠമാണ് ഇവിടെ ശ്രദ്ധയിൽ പെടുന്നത്. യേശു മാറ്റിനിർത്തപ്പെട്ട അത്തരക്കാരുടെ സ്നേഹിതനും സന്തത സഹചാരിയും അടുത്ത സഹകാരിയും ആയിരുന്നു.

പ്രിയരേ, യേശുവിന്റെ കൂടെ നടന്ന സംഘത്തിന്റെ മുൻകാലചരിത്രങ്ങൾ അത്ര ശുഭമായിരുന്നോ? എങ്കിലും യേശുവിനോടുള്ള സഹവാസത്തിൽ അവരിൽ സംഭവിച്ച മാറ്റങ്ങൾ ലോകസമക്ഷം സാക്ഷ്യമായി തീർന്നില്ലേ! സഹജീവികളെ അവരുടെ നിലവാരത്തിൽ ഉൾക്കൊള്ളുന്നതാണ് ക്രിസ്തീയ മാതൃക. അതിനായുള്ള സമർപ്പണം ഓരോ ക്രിസ്താനുഗാമിയുടെയും മുഖമുദ്രയാക്കുന്നതല്ലേ ഗുരുവിനോടുള്ള ശരിയായ വിധേയത്വം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like