ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ ഈറ്റില്ലമായ നൈജീരിയയുടെ പുതിയ പ്രസിഡന്റായി ബോലാ ടിനിബു

0

അബൂജ: ക്രൈസ്തവ വിരുദ്ധ കൊലപാതകങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ ഓൾ പ്രോഗ്രസീവ്സ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥി ബോലാ ടിനിബു നൈജീരിയയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ പാർട്ടിയെയാണ് തെരഞ്ഞെടുപ്പിൽ യോരുപ ഗോത്രത്തിലെ അംഗമായ മുസ്ലീം മത വിശ്വാസി ടിനിബു പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പിൽ 29 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തപ്പെട്ടത്. വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും, മറ്റ് ക്രമക്കേടുകളും രാജ്യത്തുടനീളം വ്യാപകമായി നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. 18 സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ടിനിബുവിനെ കൂടാതെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ അത്തിക്കു അബൂബക്കർ, ക്രിസ്ത്യൻ വിശ്വാസിയായ പീറ്റർ ഒബി എന്നിവർക്ക് ആയിരുന്നു കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇലക്ഷൻ കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കത്തോലിക്കാ മെത്രാൻ സമിതി രംഗത്തെത്തി. രാഷ്ട്രീയപാർട്ടികളും, വോട്ടർമാരും ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരമുണ്ടാക്കണമെന്ന് മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. പോളിംഗ് സ്റ്റേഷനുകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാകാൻ വലിയ താമസമാണ് നേരിട്ടത്. ഇതില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. സർക്കാരിലും, സർക്കാർ വകുപ്പുകളിലുമുള്ള പൗരന്മാരുടെ വിശ്വാസം വീണ്ടെടുക്കാൻ വേണ്ടിയുള്ള നടപടികൾ എത്ര സമയം എടുത്താലും സാധ്യമാക്കണമെന്ന് കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ഒവേരി രൂപതയുടെ ആർച്ച് ബിഷപ്പ് ലൂസിയാസ് ഇവേജൂരു പ്രസ്താവിച്ചു.

നേരത്തെ വോട്ടെടുപ്പിൽ ആരും പങ്കെടുക്കരുതെന്ന് ഫുലാനി തീവ്രവാദികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച വോട്ട് ചെയ്തു മടങ്ങിയ 10 പേരെങ്കിലും അവരുടെ ഭവനങ്ങളിൽ വൈകുന്നേരം കൊല്ലപ്പെട്ടുവെന്ന് മക്കൂർഡിയിൽ സേവനം ചെയ്യുന്ന ക്രിസ്ത്യൻ വൈദികനായ ഫാ. റെമിജിയൂസ് ഇഹ്യൂല പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസമായിരുന്ന ഫെബ്രുവരി 25 തീയതി നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് ക്രിസ്ത്യൻ വിശ്വാസികളായ ഏതാനും കൃഷിക്കാരും കൊല്ലപ്പെട്ടിരിന്നു. നൈജീരിയയില്‍ നിലവില്‍ ഭരണം നടത്തിക്കൊണ്ടിരിന്ന മുഹമ്മദ് ബുഹാരി ഭരണകൂടം ക്രൈസ്തവ വിരുദ്ധ പീഡനങ്ങളില്‍ കുറ്റകരമായ നിസംഗതയാണ് പാലിച്ചുക്കൊണ്ടിരിന്നത്. ബുഹാരിയുടെ അതേ പാര്‍ട്ടിയില്‍ നിന്നുള്ള ബോലാ ടിനിബു ഇസ്ലാം മത വിശ്വാസിയാണ്. അതിനാല്‍ തന്നെ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടുവാനുള്ള ഇടപെടലുകള്‍ക്ക് സാധ്യത കുറവാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

You might also like