പ്രതിദിന ചിന്ത | സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

0

ലൂക്കോസ് 11:1 “അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.”

തന്റെ ശിക്ഷ്യന്മാരെ യേശു പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നു (11:1-4), പ്രാർത്ഥക്കുന്നത് വ്യർത്ഥമല്ല എന്ന വസ്തുത ഊന്നിപ്പറയുന്ന രണ്ടു സ്നേഹിതന്മാരുടെ ദൃഷ്ടാന്തം (11:5-13), ഊമയായ ഭൂതത്തെ പുറത്താക്കിയതിനെ തുടർന്ന് ഉടലെടുത്ത അലോസരങ്ങൾ (11:14-23), അശുദ്ധാത്മാവ് വിട്ടുപോയ വ്യക്തിയിലേക്ക് ഏഴു അശുദ്ധാത്മാക്കളുമായി തിരികെ എത്തിയതിന്റെ പരിണിതി (11:24-26), ശരിയായ ഭാഗ്യാവസ്ഥയും പ്രതിഫലനങ്ങളും (11:27-36), പരീശന്റെ വീട്ടിലെ വിരുന്നും പരീശപക്ഷത്തോടുള്ള യേശുവിന്റെ സംവാദവും (11:37-54) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ പ്രാർത്ഥനാ ജീവിതം ശിക്ഷ്യന്മാർ സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു. റബ്ബിമാർ പ്രാർത്ഥന എഴുതി ശിക്ഷ്യന്മാരെ പഠിപ്പിക്കുന്ന ഒരു പതിവ് നിലവിൽ ഉണ്ടായിരുന്നു. അതിന്റെ മറ്റൊരു തെളിവാണ് യോഹന്നാൻ തന്റെ ശിക്ഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചതു പോലെ എന്ന പ്രസ്താവന. മത്തായിയുടെ സുവിശേഷം 6:9-12 ലും യേശു പഠിപ്പിച്ച പ്രാർത്ഥന രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാർത്ഥനയെ യേശു അനുദിനജീവിതത്തിന്റെ ഭാഗമായി ചേർത്തുവച്ചിരുന്നു. അതിനു എത്രയോ ഉദാഹരണങ്ങൾ സുവിശേഷങ്ങളിൽ നിന്നും നിരത്തുവാനുണ്ട്! പ്രാർത്ഥന വസ്തുനിഷ്ഠവും വിഷയാസ്പദവും ആയിരിക്കണമെന്ന അതിപ്രാധാന്യമർഹിക്കുന്ന പാഠമാണ് ഈ സംഭവം മുമ്പോട്ടു വയ്ക്കുന്നത്. പ്രാർത്ഥന കേവല ജല്പനമല്ലെന്നും പരിസരങ്ങളെ തിരിച്ചറിഞ്ഞു ഒരുവൻ ദൈവത്തോട് നടത്തുന്ന അഭയാചനയാണതെന്നും യേശു വ്യക്തമാക്കുന്നു. അനുബന്ധമായി ചേർത്ത രൂപക കഥയിലെ കഥാപാത്രങ്ങളായ രണ്ടു സ്നേഹിതന്മാർ പ്രാർത്ഥനക്കാരനെയും സ്വർഗ്ഗസ്ഥനായ പിതാവിനെയും പ്രതിനിധീകരിക്കുന്നു. അവർ തമ്മിലുള്ള ആഴമായ ബന്ധത്തിന്റെ പ്രതിഫലനമാണ് തടസ്സമേറെ നിലനിൽക്കവേ തന്നെ എഴുന്നേറ്റു അവന്നു വേണ്ടുവോളവും കൊടുക്കുവാൻ കാരണമായത്. ദൈവരാജ്യത്തിന്റെ ത്വരിതാഗമനത്തിന്റെ വാഞ്ഛ (11:2), ദൈനംദിന ജീവിതോപാധികളുടെ സാക്ഷാത്കാരം (11:3), കുറ്റമറ്റ ജീവിത ശൈലിയുടെ ഏകോപനം (11:4) ആദിയായവ പ്രാർത്ഥയുടെ ഘടകപദാർത്ഥങ്ങളാകണം. മറിച്ച്, പ്രാർത്ഥന കേവലം ജല്പനമോ അതിഭാഷണത്തിന്റെ ഏച്ചുകെട്ടുകളോ ആയിരിക്കരുതെന്ന യേശുവിന്റെ വാക്കുകൾ (മത്താ. 6:7) മുഖവിലയ്ക്കെടുക്കുവാൻ പ്രാർത്ഥനക്കാരൻ തയ്യാറാകണം. ഒരു വ്യക്തിയുടെ ജീവിതത്തോട് ഇണപിണഞ്ഞു കിടക്കുന്ന സകലവും പ്രാർത്ഥനയുടെ പ്രമേയങ്ങളായി പരിഗണിക്കപ്പെടാം. എങ്കിലും ദൈവമഹത്വം വെളിപ്പെടുക എന്ന ആത്യന്തിക ലക്ഷ്യത്തിലൂന്നിയുള്ള പ്രാർത്ഥനകൾക്കല്ലേ പ്രസക്തി ഏറെയുള്ളത്!

പ്രിയരേ, പഠനാർഹമായ പലതും നിലവിലുള്ളപ്പോഴും “പ്രാർത്ഥിക്കുവാൻ പഠിയ്ക്കുക” എന്ന തലക്കെട്ടിൽ യേശുവിനെ സമീപിച്ച ശിക്ഷ്യന്മാർ മുമ്പോട്ടു വയ്ക്കുന്ന തത്വങ്ങൾ നാം അറിയാതെ പോകരുത്! യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ അന്തസത്ത ദൈവത്തെ അടുത്തറിയുക എന്നതിൽ കവിഞ്ഞൊന്നുമല്ല. നമ്മുടെ ആവശ്യങ്ങൾ നല്ലതുപോലെ നിറവേറ്റി തരുന്ന ഒരു നല്ല സർഗ്ഗസ്ഥനായ പിതാവ് നമുക്കുണ്ടെന്ന തിരിച്ചറിവ് ആ കരലാളനം അനുദിന ജീവിതത്തിന്റെ ഭാഗമാക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നില്ലേ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like