പുനരുത്ഥാനത്തിന്റെ ജീവസ്സുറ്റ ചരിത്രം

0

ലൂക്കോസ് 24:6 “അവൻ (യേശുക്രിസ്തു) ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു.”

യേശുവിന്റെ പുനരുത്ഥാനം സംശയരഹിതമാം വിധം തെളിയിക്കപ്പെടുന്നു (24:1-12), എമ്മവൂസിലേക്കു പോയ രണ്ടു പേരുടെ കൂടെ സഞ്ചരിച്ചു തിരുവെഴുത്തുകൾ വ്യാഖ്യാനിച്ചു കൊടുത്ത യേശു അവർക്കു മുമ്പാകെ തന്നെത്താൻ വെളിപ്പെടുത്തുന്നു (24:13-35), മറ്റു ശിക്ഷ്യന്മാർക്കു യേശു പ്രത്യക്ഷനാകുന്നു (24:36-43), മഹാനിയോഗവും പരിശുദ്ധാത്മാവിനെ നൽകുമെന്ന വാഗ്ദത്തവും (24:44-49), യേശുവിന്റെ സ്വർഗ്ഗാരോഹണം (24:50-53) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ക്രൈസ്തവ മാർഗ്ഗത്തിന്റെ ആധാരശിലയാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനം. അത് കെട്ടുകഥയോ കല്പിത കിഴവിക്കഥകളുടെ ഭാഗമോ അതുമല്ലെങ്കിൽ സ്ഥാപിത താത്പര്യക്കാരുടെ പൊള്ളയായ വാദഗതികളോ അല്ലെന്നു തിരുവെഴുത്തുകളും ചരിത്രവും ഒരേപോലെ സാക്ഷ്യപ്പെടുത്തുന്നു. മഗ്ദലക്കാരത്തി മറിയ (മർക്കോ. 16:9-11; യോഹ. 20:11-18), മറ്റു ചില സ്ത്രീകൾ (മത്താ. 28:9-10), പത്രോസ് (ലൂക്കോ. 24:34; 1 കൊരി. 15:5), എമ്മവൂസിലേക്കു പോയ ശിക്ഷ്യന്മാർ (ലൂക്കോ. 24:13-35), പത്തു ശിക്ഷ്യന്മാർ (മർക്കോ. 16:14; ലൂക്കോ. 20:33-43; യോഹ. 20:19-25), പതിനൊന്നു ശിക്ഷ്യന്മാർ (യോഹ. 20:26-31; 1 കൊരി. 15:5), ഏഴു ശിക്ഷ്യന്മാർ (യോഹ. 21:1-25), ഒരേ സമയം അഞ്ഞൂറു പേർക്ക് (1 കൊരി. 15:6), യേശുവിന്റെ സഹോദരനായ യാക്കോബിന് (1 കൊരി. 15:7), വീണ്ടും പതിനൊന്നു ശിക്ഷ്യന്മാർക്കു ഗലീലയിൽ വച്ച് (മത്താ. 28:16-20; മർക്കോ. 16:15-18), പതിനൊന്നു ശിക്ഷ്യന്മാർക്കു യേശുശലേമിൽ വച്ച് (ലൂക്കോ. 24:44-53; അപ്പൊ. പ്ര. 1:2-3) എന്നീ ഉത്ഥിതനായ യേശുവിന്റെ പ്രത്യക്ഷതകൾ തിരുവെഴുത്തുകളിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതിനു പുറമെ ചരിത്രത്തിന്റെ താളുകളിൽ പുരണ്ട മഷിയും ഇതേ വസ്തുതകളിലേക്കുള്ള വിരൽചൂണ്ടൽ നടത്തുന്നുണ്ട്. യേശുവിന്റെ പുനരുത്ഥാനം മരണത്തിന്മേൽ എന്നന്നേക്കുമായി നേടിയ വിജയത്തിന്റെ പ്രഖ്യാപനമാണ് നടത്തുന്നത്. “മരണം അവനെ പിടിച്ചു വയ്ക്കുന്നത് അസാധ്യമായിരുന്നു” (അപ്പൊ. പ്ര. 2:24b) എന്നു യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ സംഗ്രഹിക്കുന്നതാണെനിക്കിഷ്ടം! മരണത്തിൽ നിന്നുള്ള യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ്, ക്രിസ്താനുഗാമികളുടെ പുനരുത്ഥാനത്തിന്റെ ഉറപ്പാണ്! അവിടൂന്നു ഇരിക്കുന്നിടത്തു അവിടുത്തെ വിശ്വസിക്കുന്നവരെയും ഇരുത്തുമെന്ന (യോഹ. 14:3) വാഗ്ദത്തം ഈ പ്രമേയത്തിലേക്കുള്ള വിരൽ ചൂണ്ടലല്ലേ! “ആദാമിൽ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും” (1 കൊരി. 15:22) എന്ന ഉറപ്പു സ്ലീഹനായ പൗലോസ് സ്ഥാപിച്ചതും യേശുവിന്റെ പുനരുത്ഥാനത്തിന്റെ വെളിച്ചത്തിൽ തന്നെയാണ്.

പ്രിയരേ, ഒടുക്കത്തെ ശത്രുവായ മരണം യേശുവിന്റെ കാൽക്കീഴിൽ ഒടുങ്ങി അടങ്ങി. മരണത്തെയും പാതാളത്തെയും പരസ്യമായി തോൽപ്പിച്ചു യേശു സ്വർഗ്ഗാരോഹിതനായി. അതേപാതയിലൂടെ അവിടൂന്നു ഇരിക്കുന്നിടത്തേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന ഇരുപത്തിനാലു (24) അദ്ധ്യായങ്ങളും ആയിരത്തിഒരുന്നൂറ്റി അമ്പത്തൊന്നു (1151) വാക്യങ്ങളുമടങ്ങിയ പുതിയ നിയമത്തിലെ മൂന്നാമത്തെ പുസ്തകവും തിരുവെഴുത്തുകളിലെ നാല്പത്തി രണ്ടാമത്തെ (41) പുസ്തകവുമായ ലൂക്കോസിന്റെ സുവിശേഷത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like