പ്രതിദിന ചിന്ത | ആടുകളുടെ നല്ല ഇടയൻ

0

യോഹന്നാൻ 10:11 “ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.”

താൻ നല്ലയിടയനാണെന്ന യേശുവിന്റെ വാദം (10:1-5), യേശു ആടുകളുടെ വാതിൽ (10:6-9), യേശു നല്ല ഇടയൻ (10:10-18), യേശുവിനെ സംബന്ധിച്ച് ഉടലെടുത്ത ഭിന്നത (10:19-21), പ്രതിഷ്ഠോത്സവനാളിൽ യഹൂദന്മാർ യേശുവുമായി നടത്തിയ വാഗ്വാദം (10:22-30), യഹൂദന്മാർ യേശുവിനെ കല്ലെറിയുവാൻ തയ്യാറാകുന്നു (10:31-38), യേശു യോർദ്ദാന്നക്കരെയ്ക്കു ഒഴിഞ്ഞു പോകുന്നു (10:39-42) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെപ്പറ്റി തന്നെ പറഞ്ഞിട്ടുള്ള ഏറ്റവും ഉദാത്തമായ പരിചയപ്പെടുത്തലാണ് ആസ്പദവാക്യം. ഇടയൻ എന്ന പദം ഉത്തരവാദിത്വത്തിന്റെയും ഉടമസ്ഥതയുടെയും ഊഷ്മളബന്ധം പേറുന്ന ആശയമാണ് മുമ്പോട്ടു വയ്ക്കുന്നത്. ആടുകൾക്ക് ഇടയൻ അനിവാര്യതയാണ്. തീറ്റിപ്പോറ്റുകയും സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന ഇടയൻ ആടുകളുടെ സന്തതസഹചാരിയും ആയിരിക്കും. കൂലിക്കാരായ ഇടയന്മാർ ആടുകളുടെ സുരക്ഷയല്ല, മറിച്ചു, തന്റെ ലാഭത്തിനു മാത്രം വ്യഗ്രതപ്പെടുന്നവരാണ്. ആടുകളെക്കുറിച്ചുള്ള വിചാരത്തിനു തെല്ലും പ്രസക്തി തന്റെ ഇടപെടലുകളിൽ കാണുക സാധ്യമല്ല. ഈ അന്തരവും (10:13) യേശുകർത്താവ് തന്റെ വാക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. ആടുകളുടെ സുരക്ഷയുടെ വീക്ഷണത്തിൽ, ഇടയന്റെ ജീവത്യാഗവും ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന വസ്തുതയും ലേഖനീയമാണ്. ആയതിനാൽ ഇടയനോടുള്ള വിധേയത്വവും കീഴടങ്ങലും ആടിന്റെ സ്ഥായിഭാവമായി തീർന്നേ മതിയാകൂ. നല്ല ഇടയൻ എന്ന വിശേഷണം എന്തുകൊണ്ടും യേശുവിനു യോഗ്യമാണ്. അവിടുത്തെ ജീവൻ തന്റെ ആടുകൾക്കായി അവിടൂന്നു പകർന്നേകിയതിന്റെ അടയാളപ്പെടുത്തലുകൾ സുവിശേഷത്തിലുടനീളം നാം വായിച്ചെടുക്കുന്നുണ്ടല്ലോ! ആടുകളോടുള്ള തന്റെ സ്നേഹം പ്രകടമാക്കുവാൻ തന്നെത്താൻ ഏല്പിച്ചുകൊടുത്ത മഹൽസ്നേഹത്തോളം പോന്ന മറ്റൊരു സ്നേഹവും ഇല്ലതന്നെ!

പ്രിയരേ, ഇടയൻ-ആട് എന്ന യേശുവും നാമുമായുള്ള ഇഴുകിച്ചേരരിൽ വേർപെടുത്തുവാൻ ആവതല്ലാത്ത ഒരു ആത്മബന്ധമല്ലേ പ്രകടമാകുന്നത്! ദൈവികമായ സുരക്ഷയുടെ ഉറപ്പു ലഭിക്കപ്പെടുമ്പോൾ തന്നെ ദൈവത്തോടുള്ള കടപ്പാടുകളും ബാധ്യതകളും നിയതമായി കരുതേണ്ടതും അനിവാര്യമല്ലേ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like