പ്രൈം എനർജി ഡ്രിങ്കിന് ഓസ്ട്രേലിയൻ സ്കൂളുകളിൽ വിലക്ക്

0

കഫീൻ അടങ്ങിയ പാനീയങ്ങൾ കുട്ടികളുടെ ശാരീരിക, മാനസീക ആരോഗ്യത്തെ ബാധിക്കുന്നുവെന്ന ആശങ്കകളെ തുടർന്നാണ് വിവിധ സ്കൂളുകളുടെ നടപടി. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്ക് വാങ്ങുന്നതിന് വിലക്കേർപ്പെടുത്തണമെന്ന ചർച്ചകൾ സജീവമായിരിക്കുമ്പോഴാണ് പ്രൈം എനർജി ഡ്രിങ്കുകൾക്ക് വിവിധ സ്കൂളുകൾ നിരോധനം ഏർപ്പെടുത്തിയത്.

അനുവദനീയമായതിൽ കൂടുതൽ അളവിൽ കഫീൻ പ്രൈം ഉത്തേജക പാനീയത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉത്തേജക പാനീയം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. വിക്റ്റോറിയ, ക്വീൻസ്ലാന്റ്‌, വെസ്റ്റേൺ ഓസ്‌ട്രേലിയയില തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി സ്‌കൂളുകൾ പ്രൈം എൻർജി ഡ്രിങ്കിന് നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് മാതാപിതാക്കൾക്കും സ്കൂളുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെർത്തിലെ സ്വാൻബോൺ സ്കൂൾ, മൗണ്ട് ഹത്തോൺ പ്രൈമറി സ്‌കൂൾ, ക്വീൻസ്‌ലാന്റിലെ മേരിബറോ സ്റ്റേറ്റ് ഹൈസ്‌കൂൾ, ഗോൾഡ് കോസ്റ്റിലെ മിയാമി സ്റ്റേറ്റ് സ്‌കൂൾ എന്നിവടങ്ങളിൽ നിരോധനം നടപ്പിൽ വന്നതായി സ്കൂൾ അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

പാനീയങ്ങളിൽ ചേർക്കുന്ന കഫീൻറെ അളവ് സംബന്ധിച്ച് ഫുഡ് സ്റ്റാൻഡേർഡ് ഓസ്‌ട്രേലിയ ന്യൂസിലാൻഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ 100 മില്ലി പാനീയത്തിൽ അനുവദനീയമായ കഫീൻറെ പരമാവധി അളവ് 32 മില്ലിഗ്രാം ആണ്. എന്നാൽ 100 മില്ലി പ്രൈം പാനീയത്തിലെ കഫീൻറെ അളവ് ഏകദേശം 56 മില്ലിഗ്രാമാണെന്നാണ് റിപ്പോർട്ടുകൾ.

You might also like