പ്രതിദിന ചിന്ത | യേശുവിലെ വിശ്വാസവും പള്ളി ഭ്രഷ്ട്ടും

0

യോഹന്നാൻ 12:43 “അവർ (പ്രമാണികൾ) ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.”

ലാസറിന്റെ വീട്ടിലെ പന്തിഭോജനവും മറിയ യേശുവിനെ തൈലം പൂശുന്നതും (12:1-11), കഴുതക്കുട്ടിയുടെ പുറത്തേറി യേശുവിന്റെ യെരുശലേം പ്രവേശനം (12:12-19), യേശുവിനെ കാണുവാൻ താത്പര്യം പ്രകടിപ്പിച്ച യവനന്മാർ (12:20-26), സ്വർഗത്തിൽ നിന്നും മുഴങ്ങിയ യേശുവിന്നുള്ള സാക്ഷ്യം (12:27-33), ക്രിസ്തുവിന്റെ മരണമില്ലായ്മ എന്ന പ്രമേയത്തിൽ പുരുഷാരവുമായി യേശു നടത്തിയ സംവാദം (12:34-36), യേശുവിന്റെ അടയാളങ്ങളിൽ വിശ്വാസം അർപ്പിക്കാത്ത യഹൂദന്മാർ (12:37-43), യേശുവിൽ വിശ്വസിക്കാതിരുന്നവരോടുള്ള യേശുവിന്റെ സംഭാഷണം (12:44-50) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ലാസറിന്റെ ഉയിർപ്പിക്കൽ യഹൂദാ സമൂഹത്തിൽ വലിയ അലയടികൾ ഉളവാക്കി. ഒരു വലിയ പുരുഷാരം യേശുവിനെ വിശ്വസിക്കുവാൻ (12:10) മുമ്പോട്ടു വന്നു. പ്രമാണികളിൽ തന്നെയും അനേകർ യേശുവിൽ വിശ്വസിക്കുവാൻ (12:42) ഈ സംഭവം കാരണമായി. കാരണം യേശുവിനോടൊപ്പം പന്തിഭോജനത്തിൽ ഇരിക്കുന്ന ലാസറിനെ (12:2) കാണുക എന്ന ലക്ഷ്യത്തിലൂന്നി യഹൂദന്മാരുടെ ഒരു വലിയ പുരുഷാരം (12:9) സന്നിഹിതർ ആയിരുന്നു. ഈ മാറ്റംമറിച്ചിൽ ലാസറിന്റെ ജീവനും അപകടഭീഷണി ഉളവാക്കി (12:11). എന്തായാലും ജനത്തിനിടയിൽ യേശുവിന്റെ അടയാളങ്ങൾ ഉളവാക്കുന്ന ചലനങ്ങൾ യഹൂദാ മതാചാര്യന്മാരുടെ ഇടയിൽ വലിയ അലോസരത്തിനു കാരണമായി. ഈ പശ്ചാത്തലത്തിൽ യേശുവിൽ വിശ്വസിക്കുന്നവരെ പള്ളിഭ്രഷ്ടരാക്കുമെന്ന തിട്ടൂരം പ്രാബല്യത്തിൽ വരുത്തുവാൻ പരീശന്മാർ വ്യഗ്രത പുലർത്തി. ആകയാൽ തന്നെ യേശുവിൽ വിശ്വസിച്ച പ്രമാണിമാർ തങ്ങളുടെ വിശ്വാസം രഹസ്യത്തിൽ സൂക്ഷിക്കുവാൻ ശ്രമിച്ചിരുന്നു. അതിനെയുള്ള വിലയിരുത്തൽ യോഹന്നാൻ നടത്തുന്നതാണ് ആസ്പദവാക്യം. ക്രിസ്താനുഗമനം ദൈവത്താലുള്ള മാന്യതയുടെ മാർഗ്ഗമാണ്. ക്രിസ്തുവിനെ വിശ്വസിക്കുവന്നവർ ദൈവത്താൽ ആദരിക്കപ്പെടും. അതേസമയം മനുഷ്യരുടെ പ്രീതിസമ്പാദനം മാത്രം ഉന്നമിടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കുവാൻ സാധ്യമല്ലെന്ന പാഠവും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനധാരണയോടുള്ള യേശുവിന്റെ പ്രതികരണം ഏറെ കാർക്കശ്യം തുളുമ്പുന്നതായിരുന്നു. യേശുവിൽ വിശ്വസിക്കുന്നവൻ പ്രാഥമികമായി യേശുവിലല്ല, മറിച്ചു, യേശുവിനെ അയച്ച പിതാവിൽ തന്നെയാണ് വിശ്വസിക്കുന്നത് എന്ന യേശുവിന്റെ നിലപാടിന് കാലാതീതമായ പ്രസക്തിയും ആർജ്ജവവുമുണ്ടെന്നു കരുതുന്നതാണെനിക്കിഷ്ടം!

പ്രിയരേ, യേശുവിലുള്ള വിശ്വാസം രഹസ്യത്തിലല്ല, പരസ്യമായി തന്നെ പ്രഖ്യാപിക്കപ്പെടേണ്ട അനുക്രമമാണ്. മനുഷ്യരുടെ ഇടയിൽ ലഭിക്കുന്ന മാന്യതകളേക്കാൾ ദൈവത്താൽ ലഭിക്കുന്ന മാന്യതയല്ലേ ശ്രേഷ്ഠവും നിലനിൽക്കുന്നതും! താത്കാലിക പ്രതിഭാസങ്ങളേക്കാൾ നിത്യമായതിനായുള്ള അഭിവാഞ്ഛയല്ലേ ക്രിസ്താനുഗമനത്തിന്റെ ആധാരം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like