ക്രിസ്ത്യൻ മിഷനറിമാർ പ്രബലരായി മാറിയിട്ടുണ്ടെന്ന് മോഹൻ ഭാഗവതിന്റെ വിദ്വേഷ പ്രസംഗം

0

ഭോപ്പാൽ: ഹിന്ദു സന്യാസിമാർ മിഷനറിമാരെക്കാൾ കൂടുതൽ സാമൂഹിക സേവനം നടത്തുന്നുണ്ടെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഇപ്പോൾ മിഷനറിമാർ പ്രബലരായി മാറിയിട്ടുണ്ടെന്നും ഭാഗവതിന്റെ വിദ്വേഷ പ്രസംഗം. ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിനു പിറകെയാണ് വീണ്ടും ഭാഗവതിന്റെ ഈ പരാമർശം.

ഇന്നലെ മധ്യപ്രദേശിലെ ജബൽപൂരിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ‘ഇപ്പോൾ മിഷനറിമാർ പ്രബലരായിമാറിയിരിക്കുന്നു. എന്നാൽ, നമ്മുടെ സന്യാസിമാർ അവരെക്കാൾ കൂടുതൽ സേവനങ്ങൾ ചെയ്യുന്നുണ്ട്. അത് അഭിമാനിക്കേണ്ട കാര്യമാണെന്നല്ല ഞാൻ പറയുന്നത്. അതാണ് യാഥാർത്ഥ്യം.’-ഭാഗവത്‌ പറഞ്ഞു.

ഇന്ത്യ ലോകനേതാവാകാൻ പോകുകയാണെന്നും ഭാഗവത് പറഞ്ഞു. ആ ലക്ഷ്യം നമ്മൾ ആ കൈവരിക്കണം. ഇന്ത്യ ഭാവിയുടെ വൻശക്തിയാണ്. നമ്മൾ മാത്രമല്ല, ലോകം മൊത്തം അതു പറയുന്നുണ്ട്. നമ്മൾ ആരെയും കീഴടക്കുകയോ മതംമാറ്റുകയോ ചെയ്യില്ല. സന്യാസിമാരുടെ മാർഗനിർദേശങ്ങൾ സ്വീകരിച്ച് ധർമപാത പിന്തുടരണം. എന്നാലേ ഇന്ത്യ ലോകശക്തിയാകുകയുള്ളൂവെന്നും ഭാഗവത്‌ പറഞ്ഞു.

ജനങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ വഞ്ചന തിരിച്ചറിയണമെന്ന് കഴിഞ്ഞ ദിവസം ഇയാൾ വിദ്വേഷപ്രസംഗത്തിലൂടെ പറഞ്ഞിരുന്നു. ‘നമ്മൾ നമ്മുടെ സ്വന്തം ജനങ്ങളെ കാണുകയോ അവരുടെ കാര്യങ്ങൾ ചോദിച്ചറിയുകയോ ചെയ്യുന്നില്ല. എന്നാൽ, ആയിരം മൈലുകൾക്കപ്പുറത്തുനിന്ന് ചില മിഷനറിമാർ വന്ന് അവർക്കൊപ്പം കഴിയുകയും അവരുടെ ഭക്ഷണം കഴിക്കുകയും അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നു. പതുക്കെ അവരെ മതംമാറ്റുകയാണ് ചെയ്യുന്നത്.’-പ്രസംഗത്തിൽ അയാൾ ആരോപിച്ചു.

ഇന്ത്യക്കാരെ പിഴുതെറിയാൻ ശ്രമം നടക്കുന്നുണ്ട്. നൂറുവർഷത്തിനിടെ ഇന്ത്യയിലുള്ള എല്ലാം മാറ്റിമറിക്കാനായി ഒരുപാടാളുകൾ ഇവിടെ വന്നിട്ടുണ്ട്. നൂറ്റാണ്ടുകളായി പണിയെടുത്തിട്ടും അവരുടെ ശ്രമം വിഫലമാണ്. സമൂഹം ഇവരുടെ വഞ്ചന തിരിച്ചറിയണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

You might also like